Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെ.എന്‍.യു.വിലെ ചുവര്‍ചിത്രങ്ങള്‍

ജെ.എന്‍.യു.വിലെ ചുവര്‍ചിത്രങ്ങള്‍
PRO
കാമ്പസ് എന്നും ഒരു സുഖമുള്ള ഓര്‍മ്മയായിരിക്കും. സ്വന്തം കാമ്പസിനെ സ്നേഹിച്ചവര്‍ക്ക് മറ്റുള്ളവരുടെ കാമ്പസ് കഥകള്‍ കേള്‍ക്കാനും താല്‍‌പര്യം ഒട്ടും കുറയില്ല. ഷാജഹാന്‍ മാടമ്പാട്ട് എഴുതിയ ‘ജെ.എന്‍.യു.വിലെ ചുവര്‍ചിത്രങ്ങള്‍’ ഒരു അനുഭവ സാക്‍ഷ്യമാണ്, ഏഷ്യയിലെ തന്നെ ഏറ്റവും പ്രബുദ്ധമെന്ന് അറിപ്പെടുന്ന ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ചെലവിട്ട നിമിഷങ്ങളെ കുറിച്ചുള്ള സാക്ഷിമൊഴി.

രാവിനെ പകലാക്കുന്ന ഹോസ്റ്റലുകളും സബര്‍മതിയും ഗോദാവരി ധാബയും നിശാജീവിത കേന്ദ്രങ്ങളാവുന്ന ജെ.എന്‍.യു.വിലെ അന്തരീക്ഷം ധൈഷണികവും വൈയക്തികവും രാഷ്ട്രീയവുമായ ഒരു രണ്ടാം ജന്‍‌മമോ മൂന്നാം ജന്‍‌മമോ ആണ് നല്‍കിയതെന്ന് ഷാജഹാന്‍ വിവരിക്കുന്നു. പേശീബലമോ കൈയ്യാങ്കളിയോ കീശയുടെ കനമോ ഘടകങ്ങളാവാത്ത കാമ്പസ് തെരഞ്ഞെടുപ്പ് അതിന്‍റെ നടത്തിപ്പിലും ഉള്ളടക്കത്തിലും സാധാരണ കാമ്പസ് തെരഞ്ഞെടുപ്പില്‍ നിന്ന് എത്രത്തോളം വ്യത്യസ്തമാവുന്നു എന്നും മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ ജെ.എന്‍.യു. എങ്ങനെയാണ് കാത്തു സൂക്ഷിക്കുന്നതെന്നും ഇവിടെ പറയുന്നുണ്ട്.

ഫെമിനിസം ഒരു മലബാറുകാരന്‍ മാപ്പിളയില്‍ ഉണ്ടാക്കിയ ഉത്കണ്ഠകളെക്കുറിച്ച് പറയുമ്പോള്‍ ലിംഗനീതി ശക്തമായിരുന്ന കാമ്പസില്‍ പെണ്‍‌വേട്ടക്കിറങ്ങിയ ഇപ്പോഴത്തെ ഒരു ബോളിവുഡ് നായകന് താഡനമേല്‍ക്കേണ്ടി വന്ന സംഭവം കാമ്പസിലെ അപൂര്‍വം ഹിംസാത്മക സംഭവങ്ങളില്‍ ഒന്നായാണ് നമുക്ക് മുന്നിലെത്തുന്നത്. എങ്കിലും അത് ശക്തമായ ലിംഗനീതിയെ കുറിച്ചുള്ള പൊതുബോധത്തെ ന്യായീകരിക്കുന്നു.

webdunia
PRO
ജെ.എന്‍.യു. കാമ്പസിലെ ധൈഷണികമായ കുത്തൊഴുക്കിന്‍റെ ദിവസങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ചില ഏടുകള്‍ നമ്മുടെ മനസ്സില്‍ ചിരിയുണര്‍ത്തും. അതേസമയം, മറ്റുചിലവ എന്നും വിങ്ങുന്ന നോവുകളായിരിക്കും സമ്മാനിക്കുക. മലയാളിയായ സുബൈര്‍ ചിരിയുണര്‍ത്തുന്ന കഥാപാത്രമായി ലേഖകന്‍റെ മനസ്സില്‍ നിന്ന് നമ്മുടെ മനസ്സിലേക്കും ചേക്കേറുമെന്ന് ഉറപ്പ്. ജെ.എന്‍.യു. പാരമ്പര്യത്തോടും സംസ്കാരത്തോടും നിര്‍മമനായി കലാപം കൂട്ടിയ ആ രസികശിരോമണിയെ മറ്റൊരു രൂപത്തില്‍ മറ്റൊരു ഭാവത്തില്‍ നമ്മളും മറ്റൊരു കാമ്പസില്‍ കണ്ടുമറന്നിട്ടില്ലേ?

ബീഹാറിലെ സിവാനിലുള്ള ഒരു ദരിദ്ര കുടുംബത്തില്‍ നിന്ന് എത്തി ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷനായി, രാഷ്ട്രമീമാംസയില്‍ പി.എച്ച്.ഡി നേടിയ ചന്ദ്രശേഖര്‍ പ്രസാദിനെ കുറിച്ചുള്ള സാക്‍ഷ്യപ്പെടുത്തലുകള്‍ രാഷ്ട്രീയ കുതന്ത്രങ്ങളെക്കുറിച്ചുള്ള നേര്‍ക്കാഴ്ചയാവുന്നു. സ്വന്തം കുടുംബത്തെ സംരക്ഷിക്കുന്നതിലുപരി സിവാനിലെ പാവപ്പെട്ടവര്‍ക്കു വേണ്ടി പോരാടാന്‍ തീരുമാനിച്ച ചന്ദുവിന്റെ പോരാട്ട വീര്യത്തെ സിവാന്‍ എം‌ പി ശഹാബുദ്ദീന്റെ ക്രിമിനല്‍ രാഷ്ട്രീയം എന്നന്നേക്കുമായി ഉന്മൂലനം ചെയ്ത കഥ വായന നല്‍കുന്ന മറ്റൊരു വേദനയായി നമ്മില്‍ അവശേഷിക്കും.

ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ലക്ഷണമൊത്ത ഫാസിസ്റ്റ് എന്ന വിശേഷണത്തോടെ അവതരിപ്പിക്കപ്പെടുന്ന രവി ദ്വിവേദിയും സംഘവും നടത്തിയ ദ്വിരാഷ്ട്രവാദത്തിന്‍റെ ഹൈന്ദവ പ്രത്യക്ഷങ്ങളെ തള്ളിക്കളഞ്ഞ ജെ.എന്‍.യു. സംസ്കാരം നമ്മെ മോഹിപ്പിച്ചേക്കാം. തബ്‌ലീഗ് ക്ഷണത്തെ നിസംശയം തള്ളിക്കളഞ്ഞ അറബി പഠിക്കുന്ന മാപ്പിള യുവാവ് രവി ദ്വിവേദിക്ക് അപകടമരണം സംഭവിച്ചപ്പോള്‍ ആശ്വാസത്തിന്‍റെയും ഒരളവുവരെ ആഹ്ലാദത്തിന്‍റെയും വികാരങ്ങള്‍ മനസ്സിലെത്തിയത് മറച്ചുവയ്ക്കുന്നില്ല.

ജെ.എന്‍.യു.വിലെ ചുവര്‍ചിത്രങ്ങള്‍ എന്ന പുസ്തകത്തിലൂടെ സഞ്ചാരം നടത്തുന്നവര്‍ക്ക് പകല്‍ പോലെ ഒരു കാര്യം വ്യക്തമാവും-ജെ.എന്‍.യു.വില്‍ നിന്ന് ഷാജഹാന്‍ പുറത്തുവന്നെങ്കിലും ജെ.എന്‍.യു.വിനെ ഷാജഹാനില്‍ നിന്ന് പുറത്തെടുക്കുക അസാധ്യമെന്ന്.

ജെ.എന്‍.യു.വിലെ ചുവര്‍ചിത്രങ്ങള്‍
ഓര്‍മ്മ
ഡി സി ബുക്സ്
വില 110 രൂപ

Share this Story:

Follow Webdunia malayalam