Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്രപ്രവര്‍ത്തനത്തിന്‍റെ ധര്‍മ്മദര്‍ശനങ്ങള്‍

ടി ശശി മോഹന്‍

പത്രപ്രവര്‍ത്തനത്തിന്‍റെ ധര്‍മ്മദര്‍ശനങ്ങള്‍
WDWD
പത്രങ്ങള്‍ക്കും വാര്‍ത്താ മാധ്യമങ്ങള്‍ക്കും ധാര്‍മ്മികത നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് , മാധ്യമ സിന്‍ഡിക്കേറ്റുകള്‍ മാധ്യമരംഗം അടക്കിവാഴുകയാണ് എന്നിങ്ങനേയുള്ള ആരോപണങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് ‘പത്രം ധര്‍മ്മം നിയമം‘ എന്ന പേരില്‍ എന്‍.പി.രാജേന്ദ്രന്‍ എഴുതിയ പുസ്തകം പുറത്തിറങ്ങുന്നത്.

‘വ്യൂ പോയിന്‍റ് ‘എന്ന പുസ്തക പ്രസാധന ശാലയുടെ കന്നി ഉപഹാരമാണിത്. മാധ്യരംഗത്തെ ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചക്ക് വഴിയൊരുക്കുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള വ്യൂ പോയിന്‍റിന്‍റെ ഉദ്യമം ശ്ലാഘനീയമാണ്.

മറ്റെന്തിനേയും പോലെ പത്രനിര്‍മ്മാണവും ഇന്ന് വന്‍‌കിട വ്യവസായമാണ്; കടുത്ത മത്സരം നേരിടുന്ന വ്യവസായം. എങ്ങിനേയും ആദ്യം വാര്‍ത്ത കൊടുക്കുക, എപ്പോഴും മുന്നില്‍ നില്‍ക്കുക, ഒന്നാമതാവുക, ഈ അവസ്ഥകള്‍ എങ്ങനേയും നിലനിര്‍ത്തുക, അങ്ങനെ വരുമാനം ഉണ്ടാക്കുക, നിലനിര്‍ത്തുക , അതോടൊപ്പം മറ്റ് മാധ്യമ മേഖലകളെ കൂടി കൈപ്പിടിയിലാക്കി ഒരു കുത്തകയായി മാറുക എന്ന രീതിയിലാണ് പത്ര മാനേജ്‌മെന്‍റുകളുടെ കുതിച്ചു കയറ്റം.

ഈ അഭ്യാസത്തിനിടയില്‍ സര്‍വ്വാധികാരിയും പത്രനായകനുമായ എഡിറ്റര്‍ പോലും നോക്കുകുത്തിയോ,പത്ര നടത്തിപ്പുകാരുടെ കളിപ്പാട്ടമോ ആയി മാറിപ്പോവുന്നു. കച്ചവടക്കണ്ണുള്ള പത്ര നടത്തിപ്പിലും മത്സര ഓട്ടത്തിലും ചവിട്ടി മെതിച്ചു പോവുന്നത് പത്രസ്വാതന്ത്ര്യവും ധാര്‍മ്മികതയും നിഷ്പക്ഷതയും സത്യസന്ധതയും എല്ലാമാണ്.


webdunia
WDWD
ഇതോടൊപ്പം പത്രപ്രവര്‍ത്തകരുടെ മനോഭാവത്തിലും കാതലായ മാറ്റം വന്നുകഴിഞ്ഞു. തൂലിക പടവാളാക്കി സമൂഹത്തെ നന്നാക്കാന്‍ മെനക്കെടുന്ന രാമകൃഷ്ണ പിള്ളമാരോ ബാലകൃഷ്ണപിള്ളമാരോ അതിനു അവസരമൊരുക്കുന്ന വക്കം മൌലവിമാരോ നമുക്കിന്നില്ല.

ദീപസ്തംഭം മഹാശ്ചര്യം എന്ന മട്ടില്‍ കേവലമൊരു പണിയായി മാത്രം പത്രപ്രവര്‍ത്തനത്തെ കാണുന്ന തലമുറയാണ് വളര്‍ന്നു വരുന്നത്. അവര്‍ സ്വയം വിളിക്കുന്നത് പ്രൊഫഷണല്‍‌സ് എന്നാണ്. പക്ഷേ പറഞ്ഞതു മാത്രം ചെയ്യുന്ന ഗുമസ്തരായവര്‍ മാറുകയാണ് ചെയ്യുന്നത്.

ഈയൊരു പശ്ചാത്തലത്തില്‍ വേണം രാജേന്ദ്രന്‍റെ പുസ്തകത്തെ വിലയിരുത്താന്‍.

പത്രപ്രവര്‍ത്തന രംഗത്ത് 27 കൊല്ലത്തെ അനുഭവ സമ്പത്തുള്ള രാജേന്ദ്രന്‍ ഈ വിഷയത്തെ കുറിച്ച് എഴുതാന്‍ അര്‍ഹതയും ആര്‍ജ്ജവവുമുള്ള ഒരാളാണ് എന്നത് പുസ്തകത്തിന്‍റെ പ്രസക്തിയേപ്പോലെ തന്നെ യോഗ്യതയേയും ശതഗുണീഭവിപ്പിക്കുന്നു.

ആകര്‍ഷകമായ രചനാ ശൈലിയാണ് പുസ്തകത്തിന്‍റെ മറ്റൊരു സവിശെഷതയായി എനിക്ക് തോന്നിയത്. പത്രപ്രവര്‍ത്തന ക്ലാസുകളില്‍ അടിവരയിട്ട് പറയാറുള്ളതു പോലെ ലളിതമാണ് രാജേന്ദ്രന്‍റെ എഴുത്ത്. വാക്യങ്ങള്‍ക്ക് നല്ല ഒഴുക്കുണ്ട്, തെളിമയുണ്ട്. ധാര്‍മ്മികതയേയും നിയമത്തേയും പോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന വൈരസ്യമകറ്റാന്‍ ശ്രമിച്ചിട്ടുണ്ട് . പഴമയിലേക്കും ചരിത്രത്തിലേക്കും എത്തിനോക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചിട്ടുണ്ട്.

പത്രങ്ങളുടെ ധാര്‍മ്മികതയേയും, പത്രപ്രവര്‍ത്തനത്തിന്‍റെ ധാര്‍മ്മികതയേയും, വാര്‍ത്താ പ്രസിദ്ധീകരണത്തിന്‍റെ നിയമ വശങ്ങളേയും അവകാശങ്ങളേയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍ല്‍; ആനുഷം‌ഗികമായി പലയിടത്തും പത്രപ്രവര്‍ത്തകരുടെ ധാര്‍മ്മികതയെ കുറിച്ച് പറഞ്ഞുപോവുന്നുണ്ടെങ്കിലും , ഈ വിഷയത്തെ കുറിച്ച് കുറച്ചു കൂടി വിസ്തരിച്ച് ഒരു അദ്ധ്യായമായി ചേര്‍ക്കാമായിരുന്നു എന്ന് തോന്നുന്നു.

പത്രപ്രവര്‍ത്തനം ജന്‍‌മാവകാശമാണെന്നും , പത്രപ്രവര്‍ത്തകന്‍ എല്ലാറ്റിനും അതീതനാണെന്നും ഉള്ള അബദ്ധ ധാരണയുള്ളവരാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും. വാസ്തവത്തില്‍ പത്രപ്രവര്‍ത്തകനു കിട്ടുന്ന ആദരവും അംഗീകാരവും നിയമപരമായ അവകാശമല്ല, സജ്ജനങ്ങള്‍ നല്‍കുന്ന ഒരു ഔദാര്യമാണ് എന്നുള്ളതാണ് സത്യം.

ഈ ഔദാര്യം അവകാശത്തേക്കാള്‍ ശക്തമാവുന്നത് അല്ലെങ്കില്‍ ആയിത്തീര്‍ന്നത് പത്രപ്രവര്‍ത്തകരുടെ ധര്‍മ്മനിഷ്ഠവും സമര്‍പ്പിതവുമായ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ്. ഇതു കൈമോശം വന്നാല്‍ പത്രപ്രവത്തനം ഗുമസ്തപ്പണിയായി മാറും, തീര്‍ച്ച. ഈയൊരു സത്യം പത്രപ്രവര്‍ത്തന രംഗത്തേക്ക് വരുന്ന പുതിയ തലമുറയ്ക്ക് വഴിവിളക്കാവേണ്ടതാണ്.


webdunia
WDWD
പത്രപ്രവര്‍ത്തനത്തെ കുറിച്ചും റിപ്പോര്‍ട്ടിംഗിനെ കുറിച്ചും എഡിറ്റിംഗിനെ കുറിച്ചും പത്ര ഭാഷയെ കുറിച്ചും എല്ലാം പല പുസ്തകങ്ങളും മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട് എങ്കിലും പത്രമാധ്യമങ്ങളുടെ ധാര്‍മ്മികതയെ കുറിച്ചും പത്ര നിയമങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ആ നിലയ്ക്ക് രാജേന്ദ്രന്‍റെ ഈ പുസ്തകം വളരെ കാലിക പ്രസക്തിയുള്ളതാണ്.

പത്രം ഇന്നത്തെ എല്ലാ മാധ്യമങ്ങളുടെയും കാരണവരാണ്. ആ നിലയ്ക്ക് പത്രങ്ങള്‍ക്ക് ബാധകമായ ധാര്‍മ്മികതയും നൈതികതയും, നിയമങ്ങളും ഇപ്പോഴത്തെ ബഹുജന മാധ്യമങ്ങള്‍ക്കും, ആധുനിക യുഗത്തിലെ ഇന്‍റര്‍‌നെറ്റിനും പോര്‍ട്ടലുകള്‍ക്കും, ബ്ലോഗുകള്‍ക്കും എല്ലാം പൊതുവേ ബാധകമാണ്.അതുകൊണ്ട് മാധ്യമങ്ങള്‍ക്ക് പൊതുവായ സദാചാര സംഹിതകളുടെ ആഖ്യാനമായി ഇതിനെ കാണാവുന്നതാണ്‌.

പത്രപ്രവര്‍ത്തനം പഠിക്കുന്നവര്‍ക്ക് ഇതൊരു കൈപ്പുസ്തകമായി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. കേരളം, ഇന്ത്യ, ലോകം ഈ മൂന്ന് തലങ്ങളില്‍ മാധ്യമങ്ങള്‍ അനുവര്‍ത്തിച്ചു പോന്ന നയങ്ങള്‍, പെരുമാറ്റ ചട്ടങ്ങള്‍, ധാര്‍മ്മികത, അവയ്ക്ക് മേലുണ്ടായിരുന്ന വിലക്കുകള്‍, നിയന്ത്രണങ്ങള്‍, മാരണ നിയമങ്ങള്‍ എന്നിവയോടൊപ്പം പത്രങ്ങള്‍ക്കും പത്ര പ്രവര്‍ത്തകര്‍ക്കും വേണ്ടിയുണ്ടാക്കിയ നിയമങ്ങള്‍, ഭരണഘടനയിലൂടെ നേരിട്ടല്ലെങ്കിലും ലഭ്യമായ നിയമ ആനുകൂല്യങ്ങള്‍, നിയമ പരിരക്ഷകള്‍, നിയമാവകാശങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം രാജേന്ദ്രന്‍ ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഒരു പത്രപ്രവര്‍ത്തകനു ചേരും വിധം , പല നിരീക്ഷണങ്ങള്‍ക്കും പിന്തുണയേകുന്ന സ്രോതസ്സുകളെ ഉദ്ധരിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും പുതിയ വിവരാവകാശ നിയമത്തില്‍ നിന്ന് തുടങ്ങി പരസ്യ നിയമങ്ങളേയും പരസ്യങ്ങളുടെ ധാര്‍മ്മികതയേയും വരെ ഉള്‍ക്കൊള്ളിച്ചുള്ള 13 അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

സ്വകാര്യത, വാര്‍ത്തയുടെ ഉറവിടം, ആധുനികവും പൌരാണികവുമായ നിയമങ്ങള്‍, പത്രസ്വാതന്ത്ര്യം, മാനനഷ്ടം, കോടതിയലക്‍ഷ്യം, പത്രാധിപരുടെ അവസ്ഥ, പ്രസ്സ് കൌണ്‍സില്‍, പത്രപ്രവര്‍ത്തക നിയമം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ ചര്‍ച്ചാവിഷയം ആക്കിയിട്ടുണ്ട്.

മിക്ക കാര്യങ്ങളിലും സ്വകീയമായ അഭിപ്രായം, പൊതുതാത്പര്യത്തിന് ഹിതകരമാവും വിധവും വിശാലാര്‍ത്ഥത്തില്‍ അംഗീകരിക്കാവുന്ന തരത്തിലും രാജേന്ദ്രന്‍ അവതരിപ്പിച്ചത് അഭിപ്രായ വ്യത്യാസം ഉള്ളവര്‍ക്ക് പോലും സ്വീകാര്യമാവും എന്നത് ഒരു സവിശേഷതയായി എനിക്ക് തോന്നുന്നു.

ധാര്‍മ്മികതയും നിയമവും പലപ്പോഴും പരസ്പരപൂരകങ്ങളാണെങ്കിലും പത്രപ്രവര്‍ത്തനത്തിന്‍റെ കാര്യത്തില്‍ മിക്കപ്പോഴും അങ്ങനെയല്ല . ഈ വൈരുധ്യമാണ് പത്രപ്രവര്‍ത്തനത്തെ ,ഒരു തരത്തില്‍ പറഞ്ഞാല്‍ , ധീരവും വെല്ലുവിളി നിറഞ്ഞതുമായ കര്‍മ്മ മേഖലയാക്കുന്നത്.

സത്യം പുറത്തു പറഞ്ഞാല്‍ ചിലപ്പോഴത് കോടതിയലക്ഷ്യമായേക്കാം, അല്ലെങ്കില്‍ അവകാശലംഘനമായേക്കാം.ചില വാര്‍ത്തകള്‍ പുറത്തുവിടുന്നത് ധാര്‍മ്മികത്യ്ക്കോ ഔചിത്യത്തിനോ നിരക്കാത്തതാവാം. പക്ഷേ അവ പറയാതിരിക്കുന്നത് വലിയൊരു വാര്‍ത്തയുടെ തമസ്കരണമായി തീര്‍ന്നേക്കാം .

ഇങ്ങനെ കര്‍മ്മപഥങ്ങളില്‍ പകച്ചു പോകുന്ന പത്രപ്രവര്‍ത്തകര്‍ക്ക് ഈ പുസ്തകം ഒരു ഞെക്കുവിളക്കാണ്,പത്രപവര്‍ത്തനം പഠിക്കുന്നവര്‍ക്ക് സൂക്ഷിച്ചു വെക്കാവുന്ന സംശയനിവാരണ ഗ്രന്ഥമാണ്.




Share this Story:

Follow Webdunia malayalam