Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈം‌ലൈറ്റ്: സിനിമാക്കാരന്റെ തുറന്നെഴുത്ത്

ലൈം‌ലൈറ്റ്: സിനിമാക്കാരന്റെ തുറന്നെഴുത്ത്
, വെള്ളി, 10 ഫെബ്രുവരി 2012 (02:49 IST)
PRO
PRO
“ഈ നോവലിന്റെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല. യാദൃശ്ചികവുമല്ല കഥയ്ക്ക് പിന്നില്‍ അനുഭവങ്ങളും കഥാപാത്രങ്ങള്‍ക്ക് പിന്നില്‍ അനുഭവസ്ഥരുമുണ്ട്”. എഴുത്തുകാരനും സംവിധായകനുമായ സോഹന്‍‌ലാലിന്റെ ലൈം‌ലൈറ്റ് എന്ന നോവലിന്റെ ആമുഖത്തില്‍ ഇങ്ങനെയാണ് പറഞ്ഞ് തുടങ്ങുന്നത്. സിനിമക്കാരനെന്ന നിലയിലും മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലും ഏറെക്കാലത്തെ അനുഭവ പരിചയമുള്ള സോഹന്‍ലാല്‍ തന്റെ നോവല്‍ ഇതിവൃത്തമാക്കിയിരിക്കുന്നത് മലയാളസിനിമയുടെ സമകാലിക അവസ്ഥയാണ്.

എറണാകുളം മറൈന്‍ ഡ്രൈവില്‍ ഡി സി ബുക്സ് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംവിധായകന്‍ കമല്‍ പ്രശസ്ഥ നോവലിസ്റ്റ് എം മുകുന്ദന് നല്‍കി നോവല്‍ പരിചയപ്പെടുത്തി. മലയാള സിനിമയില്‍ നടക്കുന്ന ദുഷ്പ്രവണതകള്‍ പലരും കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരു യുവ സംവിധായകന്റെ ക്രിയാത്മകമായ പ്രതികരണമാണ് ലൈം‌ലൈറ്റ് എന്ന നോവലെന്ന് കമല്‍ അഭിപ്രായപ്പെട്ടു.

ചലച്ചിത്ര പ്രവര്‍ത്തകര്‍ സാഹിത്യ രംഗത്തേക്കും എഴുത്തിലേക്കും കടന്ന് വരുന്നതില്‍ സന്തോഷമുണ്ടെന്ന് നോവല്‍ സ്വീകരിച്ചുകൊണ്ട് എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. സംവിധായകര്‍ എഴുത്തുകാരും എഴുത്തുകാര്‍ സംവിധായകരുമാകുമ്പോള്‍ സിനിമയും സാഹിത്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി കേരളത്തില്‍ എത്തുന്ന ഗുല്‍‌ഷന്‍ സേട്ട് എന്ന വിദേശമലയാളിയുടെ കഥയാണ് നോവലില്‍ പറയുന്നത്. ഇതാദ്യമായാണ് ഒരു നോവലില്‍ സിനിമാ നിര്‍മ്മാതാവ് നായകനാവുന്നത്. സൂപ്പര്‍താരത്തെ നായകനാക്കി ഗുല്‍‌ഷന്‍ സേട്ട് ‘ഇങ്ങനെ ഒരു കഥ’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായി എന്നാല്‍ ഗുല്‍‌ഷന് മുടക്ക് മുതല്‍പ്പോലും തിരിച്ച് കിട്ടിയില്ല. സൂപ്പര്‍ സ്റ്റാര്‍ നായകനായ ബിഗ്ബഡ്ജറ്റ് സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയില്‍ ഇന്‍കംടാക്‌സുമായി ബന്ധപ്പെട്ട അന്വേഷണവും ഗുല്‍ഷന് നേരിടേണ്ടിവന്നു. ഇത് ഇയാളെ കൂടുതല്‍ തളര്‍ത്തി.

ആത്മഹത്യയുടെ വക്കിലെത്തിയ ഗുല്‍‌ഷന് തന്റെ അക്കൌണ്ടന്റ് ഗോകുല്‍ രക്ഷകനായി എത്തുന്നതോടെയാണ് നോവല്‍ മലയാള സിനിമയില്‍ ഇന്ന് നടക്കുന്ന ചില തരികിടകളിലേക്ക് കടന്ന് ചെല്ലുന്നത്. സൂപ്പര്‍ ഹിറ്റ് സിനിമയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ലാഭം ഒരു ഫ്ലോപ്പ് സിനിമയിലൂടെ നേടാം എന്ന് ഗോകുല്‍ ഗുല്‍‌ഷനെ അറിയിക്കുന്നതോടെ നോവല്‍ മറ്റൊരു വഴിത്തിരിവിലേക്ക് മാറുകയാണ്. ഒരു ഫ്ലോപ്പ് സിനിമ ലാഭം ഉണ്ടാക്കുന്നത് എങ്ങനെയാണെന്നാണ് പിന്നീട് നോവലില്‍ പറയുന്നത്.

ഫ്ലോപ്പ് സിനിമ നിര്‍മ്മിക്കാനുള്ള നിര്‍മ്മാതാവിന്റെ പുറപ്പാടും. ഇതിനായി സംവിധായകരേയും നടന്മാരെയും കണ്ടെത്തുന്നതും വളരെ രസകരമായാണ് സോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam