Select Your Language

Notifications

webdunia
webdunia
webdunia
webdunia

വി എസ് അറിയാന്‍ ഐസക് എഴുതുന്നത്...

‘രണ്ടാം ഭൂപരിഷ്‌കരണം വേണ്ട‘

വി എസ് അറിയാന്‍ ഐസക് എഴുതുന്നത്...
PROPRO
കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌കരണത്തെ കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയത്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനായിരുന്നു.

ഇടുക്കിയില്‍ ടാറ്റയില്‍ നിന്നും പിടിച്ചെടുത്ത ഭൂമിയില്‍ സര്‍ക്കാര്‍ ബോര്‍ഡ്‌ പതിച്ചുകൊണ്ടായിരുന്നു വി എസ്‌ രണ്ടാം ഭൂപരിഷ്‌കരണ വാദത്തിന്‌ തുടക്കമിട്ടത്‌.

സിപിഎമ്മിലെ പുതിയ ആശയ സമരത്തില്‍ പങ്കാളിയായികൊണ്ട്‌ ധനകാര്യമന്ത്രി ഡോ. തോമസ്‌ ഐസക്‌ രണ്ടാം ഭൂപരിഷ്‌കരണ വാദത്തെ തള്ളികളയുന്നു. 'ഭൂപരിഷ്‌കരണം ഇനി എന്ത്‌?' എന്ന പേരില്‍ തോമസ്‌ ഐസക്‌ പ്രസിദ്ധീകരിച്ച പുസ്‌തകം മുന്നോട്ട്‌ വയ്‌ക്കുന്നത്‌ സി പി എം ഓദ്യോഗിക വിഭാഗത്തിന്‍റെ ഇക്കാര്യത്തിലുള്ള വാദമുഖങ്ങളാണ്‌.

സമീപകാലത്ത്‌ രണ്ടാം ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന വിവാദങ്ങളാണ്‌ പുസ്‌തകത്തിന്‌ ആധാരമെന്ന്‌ മുഖവുരയില്‍ ഗ്രന്ഥകര്‍ത്താവ്‌ ചൂണ്ടികാട്ടുന്നു.

കേരളത്തിലെ സമകാലീന കാര്‍ഷിക പ്രശ്‌നത്തിന്‍റെ സ്വഭാവത്തെ കുറിച്ച്‌ പാര്‍ട്ടി വേദികളിലും ആനുകാലികങ്ങളിലും നടന്നിട്ടുള്ള സംവാദങ്ങളുടെ ആഴത്തെ കുറിച്ച്‌ വിവാദക്കാരില്‍ പലര്‍ക്കും അറിയില്ലെന്നും ഐസക്‌ കുറ്റപ്പെടുത്തുന്നു.

‘രണ്ടാം ഭൂപരിഷ്‌കരണമല്ല നമുക്കിപ്പോള്‍ വേണ്ടത്‌, മറിച്ച്‌ ഭൂപരിഷ്‌കരണം പൂര്‍ത്തിയാക്കുകയാണ്’‌-പുസ്‌‌തകത്തിലെ മൂന്നാം അധ്യായത്തില്‍ ഐസക്‌ നിലപാട്‌ വ്യക്തമാക്കുന്നു.

ആദ്യ ഭൂപരിഷ്‌കരണ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇടതു മുന്നണി സര്‍ക്കാര്‍ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ മന്ത്രി പറയുന്നു.

webdunia
WDWD
പ്ലാന്റേഷനുകളെ സംബന്ധിച്ച്‌ ദേശസാത്‌കരണം എന്ന മുദ്രാവാക്യമാണ്‌ പാര്‍ട്ടി ഉയര്‍ത്തുന്നതെങ്കിലും അത്‌ ഇപ്പോള്‍ നടപ്പിലാക്കേണ്ട അടിയന്തിര മുദ്രാവാക്യമായി കരുതുന്നില്ലെന്ന്‌ പുസ്‌തകം വിശദീകരിക്കുന്നു.

കേരളത്തില്‍ ഇപ്പോള്‍ വിവാദമായി കൊണ്ടിരിക്കുന്ന സ്‌പെഷ്യല്‍ എക്കണോമിക്‌ സോണുകളെ (സെസ്‌) കുറിച്ചും പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്‌. സെസ്‌ അനുവദിച്ചാലുണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച്‌ മന്ത്രി വാചാലനാകുന്നു.

സെസ്‌ സംബന്ധിച്ച്‌ എത്രയും പെട്ടെന്ന്‌ അനുകൂലമായ നിലപാട്‌ എടുത്തില്ലെങ്കില്‍ വികസന സാധ്യതകള്‍ കൊട്ടി അടയ്‌ക്കപ്പെടുമെന്നാണ്‌ പുസ്‌‌തകം പറയുന്നത്‌.

വ്യവസായ സംരംഭകര്‍ക്ക്‌ എത്രയും പെട്ടെന്ന്‌ ഭുമി നല്‌കുകയോ ഭൂപരിഷ്‌കരണ നിയമത്തിന്‍റെ പരിധിയില്‍ നിന്ന്‌ ഇളവ്‌ നല്‌കി ഭൂമി വാങ്ങുന്നതിനുള്ള അനുവാദം നല്‌കുകയോ ചെയ്‌താല്‍ അടുത്ത മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ 2,5000 കോടിയുടെ നിക്ഷേപം കേരളത്തില്‍ ഉറപ്പുവരുത്താനാകുമെന്ന്‌ മന്ത്രി ചൂണ്ടികാട്ടുന്നു.

സെസിനെതിരെ ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സി പി ഐ രംഗത്ത്‌ എത്തിയ സാഹചര്യത്തിലാണ്‌ മന്ത്രിയുടെ ഈ വിശദീകരണമെന്നത്‌ ശ്രദ്ധേയമാണ്‌.

മിച്ചഭൂമി വെളിപ്പെടുത്താത്തവരുടേയും സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തി വച്ചിരിക്കുന്നവരുടേയും കണക്കുകള്‍ ലഭ്യമല്ലെന്നും മന്ത്രി പുസ്‌തകത്തില്‍ ചൂണ്ടികാട്ടുന്നുണ്ട്‌.

കാര്‍ഷിക പ്രശ്‌നം, ആഗോളവത്‌കരണം, എന്തു ചെയ്യണം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി 11 ലേഖനങ്ങളാണ്‌ പുസ്‌തകത്തില്‍ ഉള്ളത്‌. മന്ത്രിയായ ശേഷം ഐസക്‌ പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പുസ്‌തകമാണിത്‌.

ചിന്ത പബ്ലിക്കേഷന്‍സ്‌ ആണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

Share this Story:

Follow Webdunia malayalam