Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എടുക്കാവിളി’ ആവേണ്ട നിഷാദിന്റെ പുസ്തകം!

അരുണ്‍ വാസന്തി

‘എടുക്കാവിളി’ ആവേണ്ട നിഷാദിന്റെ പുസ്തകം!
, ചൊവ്വ, 25 ഓഗസ്റ്റ് 2009 (19:34 IST)
WD
WD
സന്താല‌ഹേരയുടെ കാലത്തിലൂടെയാണ് നാം കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. തന്റെ സര്‍ഗപ്രപഞ്ചത്തിന്റെ വിലാസോല്ലാസങ്ങള്‍ക്ക് നിലവിലെ സാഹിത്യരൂപങ്ങള്‍ പോരാ എന്ന് തോന്നിയത് കൊണ്ടാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജയപ്രകാശ് അങ്കമാലി തന്റെ പരമോന്നത സൃഷ്‌ടിക്ക് "വിഭാമകം" എന്ന് പേരിട്ടത്. ഹെന്തൊരു പേര്!

ആത്മബോധത്താലും നീതിവിചാരത്താലും ശ്രേഷ്‌ഠനായ ജ്ഞാനിയുടെ ഉത്തമമായ വാക്കിനെയാണ് വിഭാമകം എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഒരു സ്ഥലജല വിഭ്രമം സൃഷ്‌ടിക്കുകയാണ് ജയപ്രകാശ് ചെയ്തത്. വി എച്ച് നിഷാദിന്റെ ‘മിസ്ഡ് കോള്‍‍’ എന്ന ചെറു ചെറുകഥ സമാഹാരം വായിച്ചപ്പോള്‍ ഒരു സ്ഥലജല വിഭ്രമം തന്നെയാണ് അനുഭവപ്പെട്ടത്. പക്ഷെ വായനയുടെ, ചിന്തയുടെ, സര്‍ഗാത്‌മകതയുടെ വിഭ്രമമല്ല, സംഗതിയെന്ത് എന്ന് മനസിലാക്കാന്‍ കഴിയാത്ത തരത്തിലുള്ള വിഭ്രമം!

മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കിയ ഈ ‘കുട്ടിക്കഥകളു’ടെ സമാഹാരം മലയാള സാഹിത്യത്തിലെ ഏതാണ്ട് മഹാസംഭവം എന്നപോലെയാണ് പ്രകാശന ചടങ്ങില്‍ അവതരിപ്പിച്ചതെന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞു. പു‌സ്തകം അവതരിപ്പിച്ച പി എം ഗിരീഷ് ഈ പുസ്‌തകത്തെ ഒരു അപരൂപം എന്ന് വിലയിരുത്തി എന്നറിയുമ്പോള്‍ ഈയുള്ളവന് തോന്നുന്നത് അത് ഒരു അപഭ്രംശം സംഭവിച്ച കൃതി എന്ന് മാത്രമാണ്. കാരണം നിലവിലെ ഒരു അഭിരുചികളെയും ഇത് ഒരിക്കലും ഒരു രീതിയിലും വെല്ലുവിളിക്കുന്നില്ല.

കുട്ടിക്കഥകള്‍ എഴുതുന്ന പി.കെ പാറക്കടവ് പോലുള്ളവര്‍ ഇവിടെ നിലവിലുണ്ട്. പിന്നെ ജപ്പാനീസ് ഹൈക്കുകള്‍ ഉണ്ട്. റുബിയാത്തും 1.75 വരികളില്‍ എഴുതി ഗഹനമായ ഒരു ആശയം അവതരിപ്പിച്ച തിരുക്കുറലും ഇവിടെ നിലവിലുണ്ട്. മനോരമാ ആഴ്ചപ്പതിപ്പും മംഗളവുമൊക്കെ ആഴ്‌ചതോറും പ്രസിദ്ധീകരിക്കുന്ന മിനിക്കഥകളും ഉണ്ട്. അതുകൊണ്ട് തന്നെ രൂപപരമായി യാതൊന്നും തന്നെ ഈ കൃതി പുതുതായി സൃഷ്‌ടിക്കുകയോ പരിവര്‍ത്തനപ്പെടുത്തുകയോ ചെയ്യുന്നില്ല. ജയപ്രകാശ് അങ്കമാലി തന്റെ കലാസൃഷ്‌ടിയുടെ രൂപത്തെ വിശദമാക്കാനെങ്കിലും ശ്രമിക്കുകയുണ്ടായി എന്ന് ഇവിടെ ഓര്‍ക്കേണ്ടതാണ്.

എന്റെ മുന്നിലിരിക്കുന്ന 'എടുക്കാവിളികള്‍' സര്‍ഗപരമായും ആശയപരമായും അമ്പേ പരാജയമാണ്. ചര്‍വിതചര്‍വണമായ അസ്‌തിത്വവ്യഥയും നിരാശയും ഊറ്റിക്കളഞ്ഞാല്‍ വാക്കുകള്‍ വെറുതെ പെറുക്കിയിട്ട ഒരു പുസ്‌തകം മാത്രമാകും അത്. പുതിയ കാലവുമായോ കാലത്തിന്റെ ഗതിവേഗങ്ങളുമായോ ഒരു ശതമാനം പോലും ഇതിലെ കഥകള്‍ ഏറ്റുമുട്ടുന്നില്ല, അതിനുള്ള ഉള്ളുറപ്പ് ഇതിലെ ഭാഷയ്‌ക്കുമില്ല.

ഭൂതകാലത്തില്‍ അഭിരമിക്കുന്ന ഒരു കാല്‍‌പനികന്റെ വിണ്‍വാക്കുകള്‍ മാത്രമല്ലാതെ ആമുഖകാരനായ സുഭാഷ് ചന്ദ്രന്‍ പറയുന്ന ഒരു സംഘര്‍ഷവും ഈ കഥകളിലില്ല. പ്രതിഭയുടെ ഒരു നേര്‍ത്ത സ്‌ഫുലിംഗം പോലും ഉണര്‍ത്താന്‍ ഇതിലെ 90 ശതമാനം കഥകള്‍ക്കും കഴിയുന്നില്ല. വെറുതെ വാക്കുകള്‍ കൊണ്ടുള്ള ചില അഭ്യാസ പ്രകടനങ്ങള്‍ മാത്രം.

അഭ്യാസ പ്രകടനമല്ല കഥയുടേയും കവിതയുടെയും ഉള്‍ക്കാ‍തല്‍ എന്ന് എന്നാണാവോ നിഷാദ് മനസിലാക്കാന്‍ തുടങ്ങുക. പിന്നെ ഉത്തരാധുനിക - ഉത്തരോത്തരാധുനിക കുടകളാണ് ഇവയെ പ്രതിരോധിക്കാന്‍ നിവര്‍ത്തുന്നതെങ്കില്‍ അവ മൂലയില്‍ ചുരുട്ടിവെച്ച് മഴ നനയുന്നതാകും നല്ലത്. കാരണം ഉത്തരാധുനിക - ഉത്തരോത്തരാധുനിക കാലഘട്ടത്തിലുണ്ടായ മോശം കഥ പോലും ഈ 21 സര്‍ഗസൃഷ്ടികളെക്കാള്‍ സര്‍ഗാത്‌മകം ആയിരുന്നുവെന്ന് പറയേണ്ടിവരും.

ഓ എന്‍ വി യെക്കൊണ്ട് ഭാഷാപോഷിണി കഥ എഴുതിപ്പിച്ചിട്ടുണ്ട്, ഒരു വ്യാപാര തന്ത്രത്തിന്റെ ഭാഗമായി. മലയാളത്തിലെ പ്രശ്‌സ്‌തരായ ചിലരുടെ ‘വര കുറികള്‍’ നിഷാദിന്റെ പുസ്‌തകത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. നന്നാ‍യി അലങ്കരിച്ച ഒരു ഷോപ്പിലേക്ക് മാത്രമേ ജനങ്ങള്‍ ഒരു അലസ നോട്ടമെങ്കിലും അയയ്ക്കൂവെന്ന നിരീക്ഷണം ഒരു വ്യാപാര തന്ത്രം തന്നെയാണ്. ചിത്രം കാണുന്ന കൂട്ടത്തിലെങ്കിലും കഥ എന്ന അപരൂപത്തെ ആരെങ്കിലും ഒക്കെ ഒന്ന് പാളി നോക്കുമല്ലോ!
.

Share this Story:

Follow Webdunia malayalam