Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാധാരണക്കാരനെ ലക്‌ഷ്യം വെച്ചുള്ള ബജറ്റ്, തെരഞ്ഞെടുപ്പുകളെയും

സാധാരണക്കാരനെ ലക്‌ഷ്യം വെച്ചുള്ള ബജറ്റ്, തെരഞ്ഞെടുപ്പുകളെയും
, തിങ്കള്‍, 29 ഫെബ്രുവരി 2016 (15:59 IST)
സാധാരണക്കാരനെ ലക്‌ഷ്യം വെച്ചുള്ള ബജറ്റ് ആണ് ഇത്തവണ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിച്ചത്. കാര്‍ഷികമേഖലയ്ക്കും സാധാരണക്കാര്‍ക്കും സ്ത്രീകള്‍ക്കും ആശ്വാസമാകുന്ന നിരവധി
പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്. അഞ്ചോളം സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സാധാരണക്കാരനെ ലക്‌ഷ്യം വെച്ചതിലൂടെ തെരഞ്ഞെടുപ്പ് കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്‌ഷ്യം വെയ്ക്കുന്നത്.

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഗ്രാമീണ മേഖലക്കും ആശ്വാസം പകരുന്നതായി ഇത്തവണത്തെ ബജറ്റ്. കൃഷി, ആരോഗ്യം,വിദ്യാഭ്യാസം എന്നിങ്ങനെ ഒന്‍പത് മേഖലകള്‍ക്ക് പ്രത്യേക പരിഗണനയാണ് ഇത്തവണത്തെ ബജറ്റില്‍ നല്‍കുന്നതെന്ന് വ്യക്തമാക്കിയായിരുന്നു ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി, മോഡി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണം ആരംഭിച്ചത്.

ഗ്രാമീണ മേഖലയെ ലക്‌ഷ്യം വെച്ചുള്ള നിരവധി പദ്ധതികളാണ് ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രാമീണ വികസനത്തിനായി 87765 കോടി രൂപ വകയിരുത്തി. ഇതില്‍ തൊഴിലുറപ്പ് പദ്ധതിക്കു മാത്രമായി റെക്കോഡ് തുകയായ 38,500 കോടി രൂപയും കാർഷിക ഇൻഷുറൻസ് പദ്ധതിക്ക് 5,500 കോടി രൂപയും വകയിരുത്തി.

കൃഷിക്കും കര്‍ഷക ക്ഷേമത്തിനുമായി 35984 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൃഷിക്കാരുടെ വരുമാനം അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാക്കാനുള്ള നടപടികളും ബജറ്റില്‍ പ്രഖ്യാപിച്ചു. ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ അഞ്ചുലക്ഷം കോടി രൂപ, കാര്‍ഷിക ജലസേചന പദ്ധതികള്‍ക്ക് 8,500 കോടി, വളം, മണ്ണ് പരിശോധനകള്‍ക്ക് കൂടുതല്‍ സൗകര്യം എന്നിവയും പ്രഖ്യാപിച്ചു. കാര്‍ഷിക കടാശ്വാസ പദ്ധതികള്‍ക്കു മാത്രമായി പതിനയ്യായിരം കോടി രൂപയും ബജറ്റില്‍ വിഭാവനം ചെയ്തു. കൂടാതെ കൃഷി നാശത്തിനുള്ള സാമ്പത്തികസഹായം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.

ദേശീയ ആരോഗ്യ മിഷന് വേണ്ടി പുതിയ ഡയാലിസിസ് പദ്ധതി നടപ്പാക്കും. കൂടാതെ എല്ലാ ജില്ല ആശുപത്രികളിലും ഡയാലിസിസ് ഉപകരണങ്ങളുടെ സൗകര്യം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും തീരുമാനിച്ചു. സാധാരണക്കാര്‍ക്കുള്ള ഏറ്റവും വലിയ ഒരു ആശ്വാസമാണ് ബജറ്റിലെ ഈ പ്രഖ്യാപനം. ഇതിനു പുറമേ ചില ഡയാലിസിസ് ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ ഒഴിവാക്കുകയും ചെയ്തു. ഇതിനെല്ലാം പുറമേ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി വര്‍ഷംതോറും 30,000 രൂപയും എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും ബജറ്റില്‍ വിഭാവനം ചെയ്തു. ജനറിക് മരുന്നുകളുടെ വിതരണത്തിനായി പ്രധാനമന്ത്രിയുടെ ജന്‍ ഔഷധി യോജന പ്രകാരം 3000 വിതരണ കേന്ദ്രങ്ങള്‍ ആരഭിക്കാനും തീരുമാനിച്ചു.

ഗ്രാമീണ വികസനത്തിനായി 80 ലക്ഷം വീതം ഓരോ ഗ്രാമങ്ങള്‍ക്കുമായി നല്‍കും. നൈപുണ്യ വികസനത്തിന് 1700 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കൂടാതെ ഷോപ്പിംഗ് മാളുകള്‍ പോലെ ചെറുകിട കച്ചവട സ്ഥാപനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കും. ഇനിമുതല്‍ ദരിദ്ര കുടുംബങ്ങളിലെ എല്‍പിജി കണക്ഷന്‍ സ്ത്രീകളുടെ പേരിലാക്കും. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് പാചകവാതകം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും ബജറ്റിൽ പറയുന്നു. ഇതിനുമാത്രമായി 2000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2018-ഓടെ എല്ലാ ഗ്രാമങ്ങളിലും സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും. കര്‍ഷകര്‍ക്ക് 9 ലക്ഷം കോടി രൂപ വായ്പ നല്‍കും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി ഇ പ്ലാറ്റ്‌ഫോം സംവിധാനവും കൊണ്ടുവരും.

ആദായ നികുതി ഇളവ് പരിധി വര്‍ധിപ്പിച്ചില്ലെങ്കിലും സാധാരണക്കാര്‍ക്ക് നേരിയ ആശ്വാസമായി റിബേറ്റ് തുക ഉയര്‍ത്തി. അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നിലവില്‍ നല്‍കിയിരുന്ന 2000 രൂപയുടെ റിബേറ്റാണ് 5000രൂപയാക്കിയത്. ചെറുകിട വീടുകളുടെ നിര്‍മ്മാണത്തിനായി നികുതിയിളവ് നല്‍കും. അതുപോലെ ഗ്രാമീണ മേഖലയില്‍ റോഡ് വികസനത്തിനായി 9000 കോടി രൂപ വകയിരുത്തി.

സാധാരണക്കാരന് പരമാവധി പരിഗണന നല്കിയ ബജറ്റ് എങ്ങനെ ഫലപ്രാപ്‌തിയില്‍ എത്തി എന്നറിയാന്‍ ഓരോ നിയമസഭ തെരഞ്ഞെടുപ്പുകളുടെയും ഫലം വരെ കാത്തിരിക്കണം.

Share this Story:

Follow Webdunia malayalam