Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബജറ്റ് ‘16 - റബ്ബര്‍ വില എന്താകുമെന്ന് കര്‍ഷകര്‍; ആദായനികുതി പരിധിയില്‍ നോക്കി ശമ്പളക്കാര്‍

ബജറ്റ് ‘16 - റബ്ബര്‍ വില എന്താകുമെന്ന് കര്‍ഷകര്‍; ആദായനികുതി പരിധിയില്‍ നോക്കി ശമ്പളക്കാര്‍
ന്യൂഡല്‍ഹി , വെള്ളി, 26 ഫെബ്രുവരി 2016 (17:39 IST)
ബി ജെ പി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള മൂന്നാമത്തെ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി തിങ്കളാഴ്ച അവതരിപ്പിക്കും. കാര്‍ഷികമേഖല കനത്ത പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ കേരളത്തിലെ സാധാരണക്കാരും പ്രത്യേകിച്ച് റബ്ബര്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ചെറുകിട കര്‍ഷകരും വളരെ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കി കാണുന്നത്. കേരളത്തില്‍ നിന്ന് പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ ഇതിനകം തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.
 
റബ്ബറിന് വിലസ്ഥിരത ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം പി ജോസ് കെ മാണി നിരാഹാരം കിടന്നതു കൊണ്ടും പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ ഇടപെടലുകളും ഫലം കണ്ടോ എന്ന് ബജറ്റില്‍ അറിയാന്‍ കഴിയും. റബ്ബര്‍ ഇറക്കുമതി ആറു മാസത്തേക്ക് നിരോധിക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്രവാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ആന്റോ ആന്റണി എം പിയെ അറിയിച്ചിരുന്നു. ഈ വാഗ്‌ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും തുക അനുകൂലമായിരിക്കുമോ എന്നാണ് സാധാരണ കര്‍ഷകര്‍ നോക്കുന്നത്.
 
രാജ്യത്തെ റബ്ബര്‍മേഖല നേരിടുന്ന പ്രതിസന്ധി കേന്ദ്ര വാണിജ്യമന്ത്രാലയം ധനകാര്യമന്ത്രാലയത്തിനു മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, റബ്ബര്‍ വിലയിടിവ് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ എം പിമാരെ വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ കാര്യമായി എന്തെങ്കിലും പ്രഖ്യാപനം ബജറ്റില്‍ ഉണ്ടാകുമെന്നു തന്നെയാണ് എല്ലാവരും കരുതുന്നത്. 
 
ഏറ്റവും കുറഞ്ഞത് റബ്ബര്‍ സംഭരണത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കിലോയ്ക്ക് 150 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍  ആവിഷ്‌ക്കരിച്ച വില സ്ഥിരതാ ഫണ്ടിലേക്ക് ഈ വര്‍ഷം 500 കോടി രൂപ നീക്കി വെക്കുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന ബജറ്റിലും റബ്ബര്‍ മേഖലയ്ക്ക് കാര്യമായ പ്രഖ്യാപനങ്ങള്‍ നല്കിയെങ്കിലും വളരെ കുറവ് മാത്രമാണ് പ്രാവര്‍ത്തികമായത്. ഇതാണ്, റബ്ബര്‍ കര്‍ഷകരെ അലട്ടുന്നതും.
 
അതേസമയം, ജോലിക്കാരായ ആളുകള്‍ ആകാംക്ഷയോടെ നോക്കുന്നത് ആദായനികുതി പരിധി എത്രയായി ഉയര്‍ത്തുമെന്നാണ്. ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2014ല്‍ ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ആദ്യമായി അവതരിപ്പിച്ച ബജറ്റില്‍ ആദായനികുതി കണക്കാക്കുന്ന വരുമാനപരിധി രണ്ടുലക്ഷം രൂപയില്‍ നിന്ന് രണ്ടരലക്ഷം രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ ആദായനികുതി വരുമാന പരിധി മൂന്നുലക്ഷം രൂപയാക്കുമോ എന്നാണ് ശമ്പളക്കാര്‍ നോക്കുന്നത്.
 
രാജ്യത്തെ സാധാരണക്കാരെയും ഇടത്തരക്കാരെയും ബജറ്റില്‍ പ്രധാനമായും ബാധിക്കുന്നത് കാര്‍ഷിക മേഖലയ്ക്കുള്ള പ്രഖ്യാപനങ്ങളും ആദായനികുതി പരിധിയുമാണ്. വരള്‍ച്ച ബാധിച്ച പ്രദേശങ്ങള്‍ക്ക് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ ജലസേചന പദ്ധതികളും കൃഷി അനുകൂലമായ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ, രാജ്യത്തെ കന്നുകാലി മേഖലയ്ക്ക് ഗുണകരമാകുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഗ്രാമീണ മേഖലയിള്ളവര്‍ക്ക് തൊഴില്‍ ഉറപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക ബജറ്റില്‍ വകയിരുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നിരവധി സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജനപ്രീതിയുള്ള ബജറ്റായിരിക്കും ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam