റയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പാര്‍ലമെന്‍റില്‍ റയില്‍മന്ത്രിമാര്‍ പാലക്കാട് ഡിവിഷനെക്കുറിച്ച് വാതോരാതെ പറയുന്നത് പതിവ് കാര്യമാണ്. വാഗ്ദാനങ്ങള്‍ മാത്രമായി പല ബജറ്റുകളും മാറുമ്പോള്‍ വ്യാഴാഴ്ച അവതരിപ്പിക്കപ്പെടാനിരിക്കുന്ന ബജറ്റും അത്തരത്തിലാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
എന്നാല്‍ പതിവ് പറച്ചില്‍ പോലെയാകില്ല ഇത്തവണയെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുമ്പോഴും പരിഗണിക്കപ്പെടാന്‍ ഒരുപിടി ആവശ്യങ്ങളാണ് പാലക്കാടിനെ സംബന്ധിച്ചുള്ളത്.
കഴിഞ്ഞ ബജറ്റില്‍ 238.84 കോടിയുടെ പ്രഖ്യാപനം ഉണ്ടായെങ്കിലും അതില്‍ 100 കോടി പൊള്ളാച്ചി ബ്രോഡ്ഗേജ് പാതയ്ക്കുവേണ്ടി മാത്രമായിരുന്നു. പാത ഇരട്ടിപ്പിക്കലിന് 84.2 കോടിയും വൈദ്യുതീകരണത്തിന് 50 കോടിയുമാണ് സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റില്‍ നീക്കിവെച്ചത്.
ഷൊര്‍ണൂര്‍ - മംഗലാപുരം റെയില്‍പ്പാത വൈദ്യുതീകരണത്തിന് 50 കോടിയും മംഗലാപുരം - പനമ്പൂര്‍ പാത ഇരട്ടിപ്പിക്കലിന് 80 കോടിയുമാണ് അനുവദിച്ചത്. കോഴിക്കോട്-മംഗലാപുരം പാതയുടെ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ക്ക് 4.2 കോടി നീക്കി വച്ചിരുന്നു.
വെസ്റ്റ്ഹില്‍ സ്‌റ്റേഷനില്‍ ഗുഡ്‌സ് ലൈന്‍ നിര്‍മ്മിക്കാന്‍ 2.5 കോടിയും നിലമ്പൂര്‍റോഡ് സ്‌റ്റേഷനില്‍ ചരക്ക് നീക്കത്തിനുള്ള സൗകര്യമൊരുക്കാന്‍ 80 ലക്ഷവും വകയിരുത്തിയിരുന്നു.
പാലക്കാട് വിവിധോദ്ദേശ്യ പരിശീലന കേന്ദ്രത്തിന് 44 ലക്ഷം നീക്കിവയ്ക്കുകയും ഷൊര്‍ണൂര്‍ - മംഗലാപുരം പാതയിലെ ലെവല്‍ ക്രോസുകളില്‍ സുരക്ഷാപരമായ ആശയവിനിമയ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് 90 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു. പാലക്കാട് കോച്ച് ഫാക്ടറിയുടെ പ്രാരംഭ ചെലവുകള്‍ക്ക് 10 ലക്ഷം രൂപയാണ് അനുവദിച്ചത്.
ആ ബജറ്റിന് ശേഷവും പാലക്കാട് ഡിവിഷന്‍റെ പരാതികള്‍ അങ്ങനെതന്നെ തുടര്‍ന്നു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വൈദ്യുതീകരണവുമൊക്കെ ബാക്കി കിടക്കുന്നു. കോഴിക്കോട്ടേക്കുള്ള മെമു സര്‍വീസ് ഉള്‍പ്പടെ ഒട്ടേറെ ആവശ്യങ്ങള്‍ വേറെയും.
വരുമാനത്തിന്‍റെ കാര്യത്തില്‍ ദക്ഷിണ റയില്‍വെയ്ക്ക് മുതല്‍ക്കൂട്ടാണ് പാലക്കാട് ഡിവിഷന്‍. എന്നാല്‍ ആ പരിഗണന പലപ്പോഴും കിട്ടാറില്ല. ബജറ്റില്‍ വാഗ്ദാനങ്ങള്‍ നിറയുമെങ്കിലും അതൊന്നും നടപ്പാകുകയുമില്ല. ഈ ബജറ്റിലെങ്കിലും കഞ്ചിക്കോട് കോച്ച് ഫാക്ടറി സംബന്ധിച്ച അവ്യക്തതകള്‍ മാറുമെന്ന് പ്രതീക്ഷിക്കാം.
സര്‍വെ പൂര്‍ത്തീകരിച്ച് മറ്റ് നടപടികള്‍ക്കായി കാത്തിരിക്കുന്നത് മുപ്പതിലേറെ പാതകളാണ്. പാലക്കാട് ഡിവിഷനില്‍ ഒരു പാത പ്രാവര്‍ത്തികമാക്കിയിട്ട് ഒരു വ്യാഴവട്ടമാകുന്നു.
കാസര്‍കോട് - പാണത്തൂര്‍, നിലമ്പൂര്‍ - നഞ്ചന്‍ക്കോട് പാതകള്‍ സംബന്ധിച്ച് എന്തെങ്കിലും നടപടി ഇത്തവണത്തെ റയില്‍വെ ബജറ്റില്‍ ഉണ്ടാകുമോ എന്ന് കണ്ടറിയണം. മംഗലാപുരം - ഷൊര്‍ണൂര്‍ വൈദ്യുതീകരണം സംബന്ധിച്ഛും ഈ ബജറ്റില്‍ തീരുമാനമുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
2014ല്‍ റയില്‍വെ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയ ഷൊര്‍ണൂര്‍ ഇലക്‍ട്രിക് ലോക്ക് ഷെഡ് സംവിധാനത്തെക്കുറിച്ചും പിറ്റ് ലൈനുകളെക്കുറിച്ചും ഇത്തവണത്തെ ബജറ്റില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് ബജറ്റില്‍ ഊന്നല്‍ ലഭിക്കുമെന്ന പ്രതീക്ഷയും നാട്ടുകാര്‍ വച്ചുപുലര്‍ത്തുന്നുണ്ട്.