ക്യൂ നിന്നവര്‍ക്ക് സൂപ്പര്‍ ബജറ്റ് നല്കാന് മോദി!
നോട്ടുനിരോധനം: കണ്ണീര് കുടിച്ചവര്‍ക്ക് ബജറ്റ് തൂവല്‍സ്പര്‍ശമാകും!
രാജ്യത്തെ മുഴുവന്‍, ബാങ്ക് ക്യൂവിലേക്ക് ചുരുക്കിയ നടപടിയായിരുന്നു നോട്ട് നിരോധനം. അതിന്റെ സങ്കടക്കാഴ്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. എ ടി എമ്മുകളില്‍ നിന്ന് പണമെടുക്കുന്നതിനുള്ള നിയന്ത്രണത്തില്‍ അയവ് വരുത്തിയെങ്കിലും പല സ്ഥലങ്ങളിലും എ ടി എമ്മുകള്‍ പ്രവര്‍ത്തനരഹിതമാണ് എന്നതാണ് വസ്തുത.
എന്തായാലും നോട്ട് നിരോധനം ഏറ്റവും മോശമായി ബാധിച്ചത് രാജ്യത്തെ സാധാരണക്കാരെയാണ് എന്നത് പറയാതെ വയ്യ. ക്യൂവില്‍ നിന്നതും കുഴഞ്ഞുവീണതും അവര്‍ തന്നെ. ഇത്തവണത്തെ ബജറ്റില്‍ അവര്‍ക്ക് ആശ്വാസമായി എന്തൊക്കെ പദ്ധതികള്‍ ഉണ്ടാകും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
രാജ്യത്തെ ജനങ്ങള്‍ സഹിച്ച ത്യാഗത്തിന് പ്രധാനമന്ത്രി ഇതിനോടകം പലതവണ നന്ദി പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും അനുഭവിച്ച ദുരിതാവസ്ഥയ്ക്ക് പകരമാകില്ലല്ലോ. അതുകൊണ്ടുതന്നെ ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഉതകുന്ന രീതിയിലുള്ള അനവധി പദ്ധതികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക മേഖലയ്ക്ക് ഒട്ടേറെ ആശ്വാസ പദ്ധതികള്‍ വന്നേക്കാം. കൂടുതല്‍ ഇറിഗേഷന്‍ പദ്ധതികളും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
നികുതി വര്‍ദ്ധന ഇത്തവണ ഉണ്ടാകില്ലെന്ന് ഏതാണ്ടുറപ്പാണ്. ആദായനികുതി ഇളവിനുള്ള വരുമാന പരിധി 2.5 ലക്ഷമാക്കി കുറയ്ക്കാനും സാധ്യതയുണ്ട്.