Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാര്‍ട്ടി ഏതായാലും സംഭാവന നിര്‍ബന്ധമാണ്; രസീതില്‍ ഒതുങ്ങാത്ത സംഭാവനകളെ തടയാന്‍ കഴിയുമോ?

പാര്‍ട്ടി ഏതായാലും സംഭാവന നിര്‍ബന്ധമാണ്

പാര്‍ട്ടി ഏതായാലും സംഭാവന നിര്‍ബന്ധമാണ്; രസീതില്‍ ഒതുങ്ങാത്ത സംഭാവനകളെ തടയാന്‍ കഴിയുമോ?
ന്യൂഡല്‍ഹി , ബുധന്‍, 1 ഫെബ്രുവരി 2017 (16:18 IST)
ബാര്‍കോഴ കേസ് കത്തിനില്‍ക്കുന്ന സമയം. ധനകാര്യമന്ത്രി കെ എം മാണി രാജി വെച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ ഒരാളെ അടുത്തുകിട്ടി. സത്യം പറ, നിങ്ങള്‍ ഇപ്പറയുന്ന അബ്‌കാരികളുടെ അടുത്തു നിന്നൊക്കെ കാശ് വാങ്ങിയിട്ടില്ലേ?. ചോദ്യം കേട്ട് സ്വരം താഴ്ത്തി പുള്ളി പറഞ്ഞു, അതിപ്പോള്‍ കാശ് വാങ്ങിയിട്ടില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്, എല്ലാ രാഷ്‌ട്രീപാര്‍ട്ടികളും കാശ് വാങ്ങാറില്ലേ. ഞങ്ങളും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സംഭാവനയായി കാശ് വാങ്ങി, അത്രേയുള്ളൂ. പക്ഷേ, ലക്ഷക്കണക്കിന് രൂപ കൈക്കൂലിയായി വാങ്ങിയെന്നാണല്ലോ പറയുന്നത്. പൈസ അത്രയും വാങ്ങി, പക്ഷേ, കൈക്കൂലി അല്ല, അത് സംഭാവനയാണ്. സംഭാവനകള്‍ ഇല്ലാതെ എങ്ങനെയാണ് ഒരു പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുക. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാനുള്ള സംഭാവനയാണ് വാങ്ങിയത്.
 
‘പാര്‍ട്ടി ഏതാണെങ്കിലും സംഭാവന അത് നിര്‍ബന്ധമാണ്’ രാജ്യത്തെ ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ വരെ ബക്കറ്റുമായി ഒരു പിരിവിനിറങ്ങിയാല്‍ നിരാശരായി തിരികെയെത്തില്ല. കാരണം, ബക്കറ്റില്‍ എന്തെങ്കിലും വീഴുമെന്നത് തന്നെ. രാഷ്‌ട്രീയക്കാരന്റെ ഖദര്‍ തുണിക്ക് അത്രയ്ക്ക് പവറാണ്. തെരഞ്ഞെടുപ്പ് ആയാല്‍ പിരിവുകള്‍ പലവിധമാണ്. ജയിച്ചു കഴിഞ്ഞാല്‍ കിട്ടാനുള്ള ചില ഉപകാരങ്ങള്‍ മുന്നേ കൂട്ടി കണ്ടാണ് പലരും ലക്ഷങ്ങളുടെ സംഭാവന നല്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ തോന്നുന്നതു പോലെ പണം സംഭാവനയായി നല്കുന്നത് പാടില്ലെന്നാണ് ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.
 
രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് ഒരു വ്യക്തിയുടെ കൈയില്‍ നിന്ന് സംഭാവനായി വാങ്ങാന്‍ കഴിയുക 2000 രൂപ മാത്രമാണെന്നാണ് ബജറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2000 രൂപയില്‍ കൂടുതല്‍ സംഭാവനയായി സ്വീകരിക്കണമെങ്കില്‍ അത് അക്കൌണ്ട് വഴി മാത്രമേ കഴിയുകയുള്ളൂ. അതായത് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍‍, ചെക്ക് ഇടപാടുകള്‍ മാത്രം. കൂടാതെ, എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭാവന വാങ്ങാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് ഇലക്‌ടറല്‍ ബോണ്ടുകള്‍ നല്കും.
 
നേരത്തെ, 20,000 രൂപയായിരുന്നു രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് നേരിട്ട് സ്വീകരിക്കാവുന്ന സംഭാവന. ഇതാണ് 2000 രൂപയായി കുറച്ചത്. പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു. ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും പണമായി 2000 രൂപ മാത്രമേ സംഭാവനയായി സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, സംഭാവന കൊടുക്കുന്നവര്‍ രസീത് നിര്‍ബന്ധമായി വാങ്ങിയാല്‍ മാത്രമേ ഇത് നടപ്പാകുകയുള്ളൂ. അല്ലാത്ത പക്ഷം, സംഭാവനയുടെ പേരില്‍ പണം രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ചാരിറ്റി സംഘടനകളുടെയും മടിയില്‍ കുന്നു കൂടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം; കോട്ടയത്ത് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം - കമിതാക്കൾക്കും രണ്ടു സുഹൃത്തുക്കൾക്കും പൊള്ളലേറ്റു