യു പി എ സര്‍ക്കാരിന്‍റെ ആദ്യ റയില്‍വേ ബജറ്റ് ഇന്ന് അവതരിപ്പിക്കുമ്പോള്‍ പ്രതീക്ഷയുടെ പാളത്തിലാണ് കേരളത്തിന്‍റെ റയില്‍ വികസന സ്വപ്‌നങ്ങള്‍. കേന്ദ്ര റയില്‍വേ സഹമന്ത്രിയായി ഇ അഹമ്മദ് പ്രവര്‍ത്തിക്കുന്നത് കേരളത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
പാത ഇരട്ടിപ്പിക്കല്‍, മേല്‍പ്പാലങ്ങളുടെ നിര്‍മാണം, പ്രത്യേക റെയില്‍വേ സോണ്‍, ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണം, ശബരിപാത, പാലക്കാട്ടേയും ആലപ്പുഴയിലേയും നിര്‍ദിഷ്‌ട കോച്ചുഫാക്‌ടറികളുടെ നിര്‍മാണം, നഞ്ചന്‍കോട് - നിലമ്പൂര്‍ റയില്‍പ്പാത, ഇന്‍റര്‍സിറ്റി തീവണ്ടികളിലെ ബോഗികളുടെ എണ്ണം കൂട്ടണം തുടങ്ങിയവയാണ് കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങള്‍.
കഴിഞ്ഞ യു പി എ സര്‍ക്കാരിന്‍റെ അവസാനത്തെ റയില്‍വേ ബജറ്റില്‍ ലാലുപ്രസാദ്‌യാദവ് കേരളത്തിന് അനുകൂലമായി പ്രത്യേകിച്ച് ഒന്നും നല്‍കിയിരുന്നില്ല. പുതുതായി അനുവദിച്ച 43 വണ്ടികളില്‍ രണ്ടെണ്ണം മാത്രമാണ് കേരളത്തിന് കിട്ടിയത്. ദീര്‍ഘിപ്പിച്ച 14 തീവണ്ടികളില്‍ ഒന്നു മാത്രമായിരുന്നു കേരളത്തിനുണ്ടായിരുന്നത്.