കേന്ദ്ര റയില്‍വേ ബജറ്റ് ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. കേരളത്തിന് ഇത്തവണ കൂടുതല്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാവും എന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് 12 മണിക്കാണ് കേന്ദ്ര റയില്‍ മന്ത്രി മമതാ ബാനര്‍ജിയുടെ ബജറ്റവതരണം ആരംഭിക്കുന്നത്.
ഒന്‍പതുവര്‍ഷത്തിന് ഇടവേളയ്ക്ക് ശേഷമാണ് മമത ബജറ്റവതരിപ്പിക്കാന്‍ എത്തുന്നത്. നിരക്കുകളില്‍ ഒന്നും തന്നെ മാറ്റം വരുത്താന്‍ അവര്‍ തയ്യാറാകില്ലെന്നാണ് സൂചന. എന്നാല്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രതിമാസം 20 രൂപ നിരക്കില്‍ സീസണ്‍ ടിക്കറ്റ് അനുവദിച്ചേക്കുമെന്ന് കരുതുന്നു. നിരവധി ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാകും ബജറ്റ് എന്നാണ് സൂചനകള്‍.
ലാലു പ്രസാദ് യാദവ് പിന്തുടര്‍ന്ന തത്കാല്‍ ടിക്കറ്റ് നയത്തിലും മമതാബാനര്‍ജി സമൂലമായ മാറ്റം വരുത്തിയേക്കാമെന്ന് സൂചന. തത്കാല്‍ സീറ്റുകള്‍ കുറച്ച് കൂടുതല്‍ ജനറല്‍ സീറ്റുകള്‍ നല്‍കുക എന്നതായിരിക്കും മമതയുടെ ലക്‍ഷ്യമെന്ന് റയില്‍വെ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2005-06 കാലഘട്ടത്തില്‍ മൊത്തം തത്കാല്‍ സീറ്റുകളുടെ എണ്ണം വെറും 4000 മാത്രമായിരുന്നു. എന്നാല്‍, ഇത് ഇപ്പോള്‍ ഒരു ലക്ഷത്തോളമായി ഉയര്‍ന്നു. തത്കാല്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനവും ആനുപാതികമായി വര്‍ദ്ധിച്ചിരുന്നു. 2006 ല്‍ 200 കോടി ആയിരുന്ന വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 500 കോടി കവിഞ്ഞു.
ഇ അഹമ്മദ് റയില്‍ സഹമന്ത്രിയായതോടെ കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്കും അര്‍ത്ഥമുണ്ടാകും എന്നാണ് കരുതുന്നത്. കണ്ണൂര്‍ - യശ്വന്ത്‌പൂര്‍ ട്രെയിന്‍ എല്ലാ ദിവസവും ആക്കും. എറണാകുളത്തു നിന്ന് അജ്മീരിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കുന്ന കാര്യവും പരിണനയിലുണ്ടെന്നാണ് സൂചന. തിരുവനന്തപുരം കൊച്ചി ജന്മശതാബ്ദി കോഴിക്കോട് വരെ നീട്ടാന്‍ ബജറ്റില്‍ തുക വകയിരുത്തിയതായി സൂചനയുണ്ട്. കേരളത്തിലെ റയില്‍ പാതകള്‍ ഇരട്ടിപ്പിക്കുന്നതിന് കൂടുതല്‍ തുക അനുവദിക്കും എന്നാണ് പ്രതീക്ഷ. കേരളത്തിന് പ്രത്യേക റയില്‍വേ സോണ്‍ വേണമെന്ന ആവശ്യം ഇത്തവണ പരിഗണിക്കുമോ എന്ന് കണ്ടറിയണം.