Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊഴില്‍ സുരക്ഷ: കമ്പനികള്‍ക്കെതിരെ നടപടി

തൊഴില്‍ സുരക്ഷ: കമ്പനികള്‍ക്കെതിരെ നടപടി
അബുദാബി , ചൊവ്വ, 13 നവം‌ബര്‍ 2007 (16:53 IST)
WDWD
തൊഴിലിടങ്ങളില്‍ സുരക്ഷാ മാനദണ്‌ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കൂടുതല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് യു.എ.ഇ തീരുമാനിച്ചു. തൊഴിലിടങ്ങളിലെ അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്‌.

നിര്‍മ്മാണ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മന്ത്രിതല സേവന സമിതിയാണ്‌ ഇതു സംബന്‌ധിച്ച സുപ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്‌. അപകടങ്ങളില്‍ നിന്ന്‌ തീര്‍ത്തും മുക്‌തമായ തൊഴില്‍ സുരക്ഷാ സാഹചര്യം ഉറപ്പാക്കുകയാണ്‌ ലക്‍ഷ്യം.

പുതിയ വ്യവസ്ഥകള്‍ തൊഴില്‍ നിയമത്തിന്‍റെ ഭാഗമാക്കി മാറ്റണമെന്ന നിര്‍ദേശവും സമിതി സമര്‍പ്പിച്ചിട്ടുണ്ട്‌. അബുദാബിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സമിതിയുടെ പതിവ്‌ യോഗമാണ്‌ ഇതു സംബന്‌ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്. പ്രത്യേക അതോറിറ്റിക്ക്‌ രൂപം നല്‍കാനാണ്‌ മുഖ്യ നിര്‍ദേശം.

നിര്‍മ്മാണ കേന്ദ്രങ്ങളിലും ലേബര്‍ ക്യാമ്പുകളിലും സ്ഥിരം സ്വഭാവത്തില്‍ പരിശോധന നടത്തും. തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷാ മാനദണ്‌ഡങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങളുടെ ശ്രദ്ധ ഉറപ്പാക്കാനും അതോറിറ്റി രൂപവത്കരണത്തിലൂടെ കഴിയുമെന്നാണ്‌ സമിതിയുടെ പ്രത്യാശ. ആറു മാസത്തിനകം അതോറിറ്റി പ്രാബല്യത്തില്‍ വരും.

തൊഴിലാളികള്‍ക്ക്‌ മോശം താമസ സ്ഥലം നല്‍കുന്ന പ്രവണതയും കൂടുതലാണെന്ന് റിപ്പോര്‍ട്ടുണ്ട്‌. ഇതിനെതിരെയും അധികൃതര്‍ സ്ഥാപനങ്ങള്‍ക്ക്‌ കര്‍ശന മുന്നറിയിപ്പാണ്‌ നല്‍കിയിരിക്കുന്നത്‌.

Share this Story:

Follow Webdunia malayalam