Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൃശ്യം കോപ്പിയടിയല്ല, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ജീത്തു ജോസഫ്

ദൃശ്യം കോപ്പിയടിയല്ല, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: ജീത്തു ജോസഫ്
, ചൊവ്വ, 22 ജൂലൈ 2014 (15:58 IST)
തന്‍റെ 'ദൃശ്യം' എന്ന സിനിമ കോപ്പിയടിയാണെന്ന ആരോപണം സംവിധായകന്‍ ജീത്തു ജോസഫ് തള്ളിക്കളഞ്ഞു. ജാപ്പനീസ് സിനിമയായ സസ്പെക്ട് എക്സുമായി സാദൃശ്യമുണ്ടാകാമെന്നും എന്നാല്‍ കോപ്പിയടിയാണെന്ന ആരോപണം തെറ്റാണെന്നും ജീത്തു പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷമാണ് താന്‍ സസ്പെക്ട് എക്സ് കണ്ടതെന്നും അതും ഒരു കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിന്‍റെ കഥയാണ് എന്നത് മാത്രമാണ് സാദൃശ്യമെന്നും ജീത്തു വ്യക്തമാക്കി.

"ഏക്‍താ കപൂറിന്‍റെ സീരിയലുകളിലെ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പോരാട്ടങ്ങള്‍ മറ്റുപല സീരിയലുകളിലും കാണാം. എന്നുകരുതി അതെല്ലാം കോപ്പിയാണെന്ന് പറയാനാകുമോ?" - ജീത്തു ജോസഫ് ചോദിക്കുന്നു.

ജാപ്പനീസ് സിനിമയായ സസ്‌പെക്ട് എക്സ് ഇന്ത്യയില്‍ സിനിമയാക്കാനുള്ള അവകാശം താന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ അതേ പ്രമേയം ദൃശ്യത്തില്‍ ഉപയോഗിച്ചു എന്നും ആരോപിച്ച് ഏക്‍താ കപൂര്‍ ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തനിക്ക് ലീഗല്‍ നോട്ടീസ് ഒന്നും കിട്ടിയിട്ടില്ലെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.

അതേസമയം, 'ഫിംഗര്‍പ്രിന്‍റ്' എന്ന സിനിമയുടെ സംവിധായകന്‍ സതീഷ് പോളും ദൃശ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ 'ഒരു മഴക്കാലത്ത്' എന്ന ഡിറ്റക്ടീവ് നോവല്‍ കോപ്പിയടിച്ചാണ് ജീത്തു ജോസഫ് ദൃശ്യമുണ്ടാക്കിയതെന്നാണ് സതീഷ് പോളിന്‍റെ ആരോപണം. ജീത്തുവിനും നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് സതീഷ് പോള്‍. എന്നാല്‍ സിനിമയിറങ്ങി ഇത്രയും കാലത്തിന് ശേഷം സതീഷ് പോള്‍ കേസ് നല്‍കുന്നതിന് പിന്നില്‍ മറ്റെന്തോ ലക്‍ഷ്യമാണെന്ന് ജീത്തു ജോസഫ് പ്രതികരിച്ചു.

ജാപ്പനീസ് എഴുത്തുകാരനായ കീഗോ ഹിഗാഷിനോയുടെ 'ദി ഡിവോഷന്‍ ഓഫ് സസ്പെക്‍ട് എക്സ്' എന്ന നോവലിന്‍റെ കഥയോട് സാമ്യമുള്ള കഥാരൂപമാണ് ദൃശ്യത്തിന്‍റേത്. 'ദി ഡിവോഷന്‍ ഓഫ് സസ്പെക്‍ട് എക്സ്' എന്ന നോവലിന്‍റെ കഥാസാരം ഇതാണ് - യസുകോ ഹനകോവ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ്. ഏകമകള്‍ മിസാട്ടോയുമുണ്ട് അവള്‍ക്കൊപ്പം. ഒരു ദിവസം യസുകോയുടെ ഭര്‍ത്താവ് തൊഗാഷി അവരുടെ വീട്ടിലെത്തുകയും പണം ആവശ്യപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്യുന്നു. സംഘര്‍ഷത്തിനിടെ തൊഗാഷി മരിക്കുന്നു. അമ്മയും മകളും പരിഭ്രാന്തരാകുന്നു. അയല്‍ക്കാരനായ മധ്യവസ്കന്‍ ഇഷിഗാമി ഈ സമയം അവിടെയെത്തുകയും മൃതദേഹം ഒളിപ്പിക്കാന്‍ മാത്രമല്ല, കൊലപാതകത്തിന്‍റെ ലക്ഷണങ്ങള്‍ പോലും ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗണിതാധ്യാപകനായ ഇഷിഗാമി ഗണിത തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ക്രൈം കവറപ്പ് ചെയ്യുന്നത്.

ഈ നോവല്‍ ജാപ്പനീസ് ഭാഷയില്‍ സിനിമയായി പുറത്തിറങ്ങിയിട്ടുണ്ട്. വിദ്യാബാലന്‍, നസിറുദ്ദീന്‍ ഷാ എന്നിവരെ ഉള്‍പ്പെടുത്തി സിനിമ ഹിന്ദിയില്‍ നിര്‍മ്മിക്കാനാണ് ഏക്‍താ കപൂര്‍ ലക്‍ഷ്യമിട്ടിരുന്നതെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam