സിനിമ പ്രേമികൾ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹാഗർ. ഒമ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ആഷിക് അബുവാണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് എന്നതാണ് കൗതുകത്തിന് പിന്നിൽ. ഏറെക്കാലമായുളള, അധികമാരും അറിയാത്ത ആഗ്രഹത്തെ കുറിച്ച് തുറന്നു പറയുകയാണ് ആഷിക് അബു ഇപ്പോള്‍. ക്യാമറ കൈകാര്യം ചെയ്യണമെന്നതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ ആഗ്രഹം.
ഒരുപാട് നാളായി ഒരു സിനിമ ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ശ്യാം പുഷ്കരൻ ഒരു സിനിമ ചെയ്യുമ്പോൾ ക്യാമറ കൈകാര്യം ചെയ്യാം എന്ന് വിചാരിച്ചതായിരുന്നു. അതിന് ഇനിയും കുറച്ചു നാൾ കൂടി എടുക്കും. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി കാലത്ത് ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒപിഎമ്മിന്റെ ബാനറിൽ ആഷിക് അബു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘ഹാഗർ’. റിമ കല്ലിങ്കലും ഷറഫുദ്ദീനും സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടി ചിത്രം ഉണ്ടയുടെ തിരക്കഥാകൃത്തായ ഹർഷദാണ് ‘ഹാഗർ’ സംവിധാനം ചെയ്യുന്നത്. രാജേഷ് രവിയും ഹർഷദും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഹാഗറിൻറെ ചിത്രീകരണം ജൂലൈ അഞ്ചിന് ആരംഭിക്കും.