മണിരത്‌നത്തിന്‍റെ സിനിമ എനിക്ക് മനസില്‍ കാണാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് പിന്‍‌മാറി: ഫഹദ് ഫാസില്‍

തിങ്കള്‍, 27 ഓഗസ്റ്റ് 2018 (12:07 IST)
മലയാള സിനിമയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ കൊണ്ട് ഏവരെയും അമ്പരപ്പിക്കുന്ന താരമാണ് ഫഹദ് ഫാസില്‍. ഏതൊക്കെ പ്രൊജക്ടുകളിലാണ് ഫഹദ് അഭിനയിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. നേരത്തേ ചെയ്യാമെന്നേറ്റിരുന്ന സിനിമകള്‍ ഒറ്റയടിക്ക് വേണ്ടെന്നുവച്ച സംഭവങ്ങള്‍ പലതവണ ഉണ്ടായിട്ടുണ്ട്.
 
മണിരത്‌നത്തിന്‍റെ ‘ചെക്കച്ചിവന്ത വാനം’ വേണ്ടെന്നുവച്ചുകൊണ്ടാണ് അടുത്തിടെ ഫഹദ് ഞെട്ടിച്ചത്. എല്ലാവരും മണിരത്നം ചിത്രത്തില്‍ അവസരം തേടി നടക്കുമ്പോള്‍ ഫഹദ് അത് നിഷ്പ്രയാസം വേണ്ടെന്നുവച്ചത് മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് തന്നെ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.
 
“അവസാനനിമിഷം വരെ ആ സിനിമ ഞാന്‍ മനസില്‍ കാണാന്‍ ശ്രമിച്ചുനോക്കി. പക്ഷേ കഴിഞ്ഞില്ല. മനസില്‍ ഒരു സിനിമ കാണാന്‍ പറ്റാത്ത സാഹചര്യം വരുമ്പോഴാണ് വേണ്ട എന്നുവയ്ക്കാന്‍ നിര്‍ബന്ധിതനാകുന്നത്. എന്തുകാരണം കൊണ്ടാണ് ഞാന്‍ പിന്‍‌മാറിയതെന്ന് മണിരത്നത്തിന് തിരിച്ചറിയാന്‍ പറ്റുമെന്നുറപ്പാണ്. വിശ്വാസമില്ലാത്ത സിനിമയിലേക്കെത്തിയാല്‍ എല്ലാവര്‍ക്കും അത് ടോര്‍ച്ചറിങ് ആയി മാറും” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ വ്യക്തമാക്കുന്നു.
 
ചെക്കച്ചിവന്ത വാനത്തില്‍ ഫഹദ് അഭിനയിക്കാനിരുന്ന ‘ത്യാഗു’ എന്ന കഥാപാത്രത്തെ പിന്നീട് അരുണ്‍ വിജയ് ആണ് അവതരിപ്പിച്ചത്. ചിത്രത്തില്‍ പ്രകാശ് രാജിന്‍റെ മൂന്ന് മക്കളില്‍ രണ്ടാമന്‍റെ വേഷമാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

LOADING