രണ്ടാമൂഴം തിരക്കഥ തിരികെ വാങ്ങും, അതിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതും: എം ടിയുടെ മകൾ പറയുന്നു
‘കാത്തിരിക്കുക, രണ്ടാമൂഴം സംഭവിക്കും, ശ്രീകുമാർ ആയിരിക്കില്ല’- എം ടിയുടെ മകൾ പറയുന്നു
എം ടി വാസുദേവൻ നായരുടെ സ്വപ്ന സംരംഭമാണ് രണ്ടാമൂഴം. എം ടിയിൽ നിന്നും രണ്ടാമൂഴം തിരക്കഥ വാങ്ങിയിരിക്കുന്നത് സംവിധായകൻ ശ്രീകുമാർ മേനോൻ ആണ്. എന്നാൽ, കരാർ കാലാവധി ലംഘിച്ചതിനെ തുടർന്ന് എം ടി കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ വിശദീകരണാവുമായി രംഗത്തെത്തിയിരിക്കുകയാണ് എം ടിയുടെ മകൾ അശ്വതി നായർ.
പത്ര മാധ്യമങ്ങളിലും ഇൻറർനെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങളും ചർച്ചകളും നടക്കുന്നതിനെ തുടർന്ന് ഫോണിലൂടെയും നേരിട്ടും നിരവധി പേർ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ടെങ്കിലും ബഹുമാനപ്പെട്ട കോടതിയിൽ കേസ് നില നിൽക്കുന്ന ഒരു വിഷയത്തിൽ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ലെന്ന് വ്യക്തമാക്കുകയാണ് അശ്വതി.
‘രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛൻ ശ്രീ. എം. ടി. വാസുദേവൻ നായർക്ക് തിരികെ ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛൻ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കണമെന്നും’ അശ്വതി അറിയിച്ചു.