ഓണവും വിഷുവും പോലെ ഓരോ വര്‍ഷവും പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്ഥയിലേക്ക് കേരളം നീങ്ങുന്നുവെന്ന് മമ്മൂട്ടി

കൊച്ചിയിൽ എറണാകുളം പ്രസ്‌ക്ലബും കേരള ലളിതകലാ അക്കാദമിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഫോട്ടോഗ്രഫി ദിനത്തില്‍ സംഘടിപ്പിച്ച പ്രളയ ചിത്രങ്ങളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

ചൊവ്വ, 20 ഓഗസ്റ്റ് 2019 (08:22 IST)
ഓണത്തിനെയും വിഷുവിനെയും പോലെ വര്‍ഷാവര്‍ഷം പ്രളയത്തെ പ്രതീക്ഷിക്കേണ്ട അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നതെന്ന് നടന്‍ മമ്മൂട്ടി. നമ്മൾ അതിജീവിച്ചു എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വീണ്ടും മറ്റൊരു മഹാദുരന്തം വന്നതെന്നും മമ്മൂട്ടി പറഞ്ഞു. ഇതിന് കാരണം, പരിസ്ഥിതിയോടുള്ള നമ്മുടെ സമീപനവും കാലാവസ്ഥയെയും പ്രകൃതിയെയും വിലകുറച്ചു കാണുന്നതും കൊണ്ടായിരിക്കാം എന്നും മമ്മൂട്ടി പറഞ്ഞു.
 
കൊച്ചിയിൽ എറണാകുളം പ്രസ്‌ക്ലബും കേരള ലളിതകലാ അക്കാദമിയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഫോട്ടോഗ്രഫി ദിനത്തില്‍ സംഘടിപ്പിച്ച പ്രളയ ചിത്രങ്ങളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. അനുഭവിച്ച പ്രളയങ്ങളില്‍ നിന്ന് മലയാളി പഠിച്ച മാനുഷിക ഗുണങ്ങള്‍ എന്നും നിലനിര്‍ത്തണമെന്ന് ഹൈബി ഈഡന്‍ എം പി അഭിപ്രായപ്പെട്ടു.
 
കൊച്ചിയിൽ നിന്നുള്ള വിവിധ മാധ്യമസ്ഥാപനങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രസ്തുത പരിപാടിയില്‍ വെള്ളപ്പൊക്കത്തില്‍ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും നടന്നു. എക്സിബിഷന്‍ ഈ മാസം 21ന് സമാപിക്കും.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘നിന്നേയും കുഞ്ചുവിനേയും ഞങ്ങൾ സ്നേഹിക്കുന്നു’ - സണ്ണി വെയ്ന് പിറന്നാളാശംസ നേർന്ന് ദുൽഖർ സൽമാൻ