Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചു പിടിക്കാം, അതിനായി ക്ഷമയോടെ കാത്തിരിക്കുക: മോഹന്‍ലാല്‍

നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചു പിടിക്കാം, അതിനായി ക്ഷമയോടെ കാത്തിരിക്കുക: മോഹന്‍ലാല്‍

ഗേളി ഇമ്മാനുവല്‍

, ബുധന്‍, 22 ഏപ്രില്‍ 2020 (11:00 IST)
ലോക്ക് ഡൗണ്‍ കാലത്തെക്കുറിച്ചും അത് മനുഷ്യര്‍ക്കു നല്‍കുന്ന പാഠത്തെക്കുറിച്ചും ബ്ലോഗില്‍ കുറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. 'എന്ത് വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്, എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍, ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര, കാണാതെ പോയതെത്ര, കേട്ടതെത്ര, കേള്‍ക്കാതെ പോയതെത്ര, കണ്ട വിദൂര വിസ്മയങ്ങളേക്കാള്‍ മോഹനം കാണാതെ വിട്ടുപോയ വിസ്മയങ്ങളാണെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കാം'- മോഹന്‍ലാല്‍ കുറിച്ചു.
 
ബ്ലോഗിന്റെ പൂര്‍ണരൂപം:
 
കാത്തിരിക്കുകയായിരുന്നു നമ്മളെല്ലാം ഇരുപത്തിയൊന്ന് ദിവസത്ത അടച്ചിരിപ്പിന് ശേഷം സ്വാതന്ത്ര്യത്തോടെ ഈ ലോകത്തേക്കിറങ്ങാന്‍. നാം നടന്ന വഴികളിലേക്ക്, കൂട്ട് കൂടിയിരുന്ന ഇടങ്ങളിലേക്ക്, നമ്മുടെ അങ്ങാടികളിലേക്ക്, കടലോരങ്ങളിലേക്ക്, കളിസ്ഥലങ്ങളിലേക്ക്, ആഘോഷസംഗമങ്ങളിലേക്ക്, തൊഴിലിടങ്ങളിലേക്ക്, ആരാധനാലയങ്ങളിലേക്ക്, ഉത്സവപറമ്പുകളിലേക്ക്, ഹൃദ്യമായ സായാഹ്നങ്ങളിലേക്ക്, സന്തോഷ പൂര്‍ണമായ രാവുകളിലേക്ക് തിരിച്ചു പോകാന്‍, ജീവിതത്തെ തിരിച്ചു പിടിക്കാന്‍, അതേ നാമെല്ലാം കാത്തിരിക്കുകയായിരുന്നു. നമ്മള്‍ കാത്തിരിക്കുകയായിരുന്നു.
 
ലോക്ക്ഡൗണിന്റെ അതിര്‍ത്തികള്‍ക്കപ്പുറം തനിച്ചായി പോയ മാതാപിതാക്കളെ കാണാന്‍, കുടുംബത്തെ കാണാന്‍, കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കാന്‍, രോഗികളായ പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കാന്‍, മുറിഞ്ഞു പോയ സൗഹൃദങ്ങില്‍ വീണ്ടും കണ്ണിചേരാന്‍.. നാമെല്ലാം വെമ്പലോടെ കാത്തിരിക്കുകയായിരുന്നു.
 
നമുക്ക് ചെയ്ത് തീര്‍ക്കാന്‍ ഏറെയുണ്ടായിരുന്നു. പാതിയില്‍ നിന്നു പോയ ജോലികള്‍, വീട്ടേണ്ട ബാധ്യതകള്‍, മുടങ്ങാതിരിക്കേണ്ട കടമകള്‍, മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍. എന്നാല്‍ രാജ്യം പറഞ്ഞു, അരുത് ആയിട്ടില്ല, അല്‍പം കൂടി ക്ഷമിക്കൂ.. നിങ്ങള്‍ക്ക് വേണ്ടി, നമുക്ക് വേണ്ടി ഈ നാടിന് വേണ്ടി. സ്വാതന്ത്ര്യത്തിന്റെ പടിവാതിക്കല്‍ വച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോള്‍ നാം തിരിച്ചെത്തുന്നത് നമ്മളിലേക്ക് തന്നെയാണ്. നമ്മുടെ തന്നെ ഓര്‍മകളിലേക്ക്, കടന്നു പോയ വഴികളിലേക്ക്.
 
നഷ്ടപ്പെടുമ്പോഴാണ് എന്തിന്റെയും വില അറിയുന്നത്. സ്വാതന്ത്ര്യവും അങ്ങനെ തന്നെ. ഈ ഭൂമിയില്‍, ഈ നാട്ടില്‍ നാം എത്ര മേല്‍ സ്വതന്ത്രരായിരുന്നു. സ്‌കൂളിലേക്ക് നാം നടന്ന പോയ വഴികള്‍, നാം കളിച്ച വീട്ടു തൊടികള്‍, വളരും തോറും നാം കണ്ട സ്വപ്നങ്ങള്‍, നാം തേടിയ ജോലികള്‍, ഒടുവില്‍ എത്തിച്ചേര്‍ന്ന ഇടങ്ങള്‍, നമ്മുടെ അധ്വാനങ്ങള്‍, ആത്മസംതൃപ്തികള്‍, പ്രിയപ്പെട്ടവരുമൊത്ത് ചിലവഴിച്ച നിമിഷങ്ങള്‍, നമ്മുടെ നേട്ടങ്ങള്‍, പങ്കിടലുകള്‍, കണ്ട് വിസ്മയിച്ച മനോഹര കാഴ്ച്ചകള്‍, തനിച്ച് സഹിച്ച സഹനങ്ങള്‍, ആരോരുമറിയാതെ ഉള്ളില്‍ സൂക്ഷിക്കുന്ന ആധികള്‍. ഇവയിലേക്കെല്ലാം തിരിച്ചു പോകുമ്പോള്‍ നാം നമ്മില്‍ തന്നെ എത്തുന്നു.
 
എന്ത് വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്, എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാന്‍, ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര, കാണാതെ പോയതെത്ര, കേട്ടതെത്ര, കേള്‍ക്കാതെ പോയതെത്ര, കണ്ട വിദൂര വിസ്മയങ്ങളേക്കാള്‍ മോഹനം കാണാതെ പോയ വീട്ടു വിസ്മയങ്ങളാണെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കാം. നമ്മുടെ വയോജനങ്ങള്‍ അനുഭവിക്കുന്ന ഏകാന്തത ചിലരെങ്കിലുമൊക്കെ മനസിലാക്കിയിരിക്കാം. പുറത്തിറങ്ങാനാവാതെ ജാലകകള്ളിയിലൂടെ നോക്കിയിരിക്കുമ്പോള്‍ ചിലരെങ്കിലും പറഞ്ഞിരിക്കാം ഈ ലോകം എത്ര മേല്‍ മനോഹരമാണ്, എത്ര വിശാലമാണ്. സ്വയം അണിഞ്ഞ വിലങ്ങുകള്‍ മാറ്റി അധികം വൈകാതെ വീണ്ടും ലോകത്തേക്ക് ഇറങ്ങുമ്പോള്‍ നാമെല്ലാം പങ്കിടുന്ന പൊതു ചോദ്യമുണ്ട്. എവിടെ തുടങ്ങണം, എങ്ങോട്ട് പോകണം, എനിക്കിനി സാധിക്കുമോ?
 
പ്രസിദ്ധനായ ഒരു ഗ്രീക്ക് എഴുത്തുകാരന്റെ ആത്മകഥയിലെ രംഗം ഓര്‍മ വരുന്നു. അദ്ദേഹം കുട്ടിക്കാലം ഓര്‍ക്കുകയാണ്, കൊടും മഴ... പ്രളയം നാടിനെ മുക്കിയിരിക്കുന്നു, അവരുടെ മുന്തിരിപ്പാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോയത് അവന്‍ കണ്ടു. അധ്വാനിച്ചതെല്ലാം പ്രകൃതി എടുത്തിരിക്കുന്നു. വീടിന്റെ നനഞ്ഞ വാതില്‍പടിയില്‍ അച്ഛന്‍ നില്‍പ്പുണ്ടായിരുന്നു, അച്ഛന്‍ പട്ടാളക്കാരനായിരുന്നു. ഒരുപാട് യുദ്ധങ്ങള്‍ കടന്നു പോന്നയാള്‍. തീക്ഷണമായി ജീവിതം രുചിച്ചയാള്‍. വിറച്ച് വിറച്ച് അവന്‍ ചോദിച്ചു, നമ്മുടെ മുന്തിരി മുഴുവന്‍ പോയി അല്ലേ അച്ഛാ.. അപ്പോള്‍ മുഴങ്ങുന്ന സ്വരത്തില്‍ അച്ഛന്‍ പറഞ്ഞു, നമ്മള്‍ പോയില്ലല്ലോ!
 
സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങള്‍ തിരിച്ചു വരുമ്പോള്‍ നമുക്ക് പറയാറാകണം, നമ്മള്‍ പോയില്ലല്ലോ. നാം ശേഷിച്ചാല്‍ മറ്റെന്തും നമുക്ക് തിരിച്ചു പിടിക്കാം.. അതിനായി നാം ക്ഷമിച്ചിരുന്നേ മതിയാകൂ. നമുക്ക് വേണ്ടി, ഈ നാടിന് വേണ്ടി... ആശങ്കകളുടെയും നിരാശകളുടെയും വേദനകളുടെയും വിഷാദങ്ങളുടെയും അപ്പുറത്ത് നിന്ന് ഞാനൊരു ഗാനം കേള്‍ക്കുന്നു.. പിറ്റ് സീഗര്‍ എന്ന അമേരിക്കന്‍ നാടോടി ഗായകന്റെ പ്രത്യാശാഭരിതമായ ആ ഗാനം.
 
we shall overcome
we shall overcome someday
oho, deep in my heart, i do believe
we shall overcome someday
 
സ്‌നേഹത്തോടെ മോഹന്‍ലാല്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന് പകരം അല്ലു അര്‍ജുന്‍, ലൂസിഫര്‍ തെലുങ്ക് വിസ്‌മയമാകും!