'എനിക്കെതിരെ വേറെ പോളിറ്റിക്‌സാണ് കളിക്കുന്നത്, എല്ലാവര്‍ക്കും വന്നു കൊട്ടാനുള്ളൊരു ചെണ്ടയാണ് ഞാന്‍'; വിലക്കിനെതിരെ ആഞ്ഞടിച്ച് ഷെയ്‌ൻ നിഗം
സംവിധായകന്‍ സലാം ബാപ്പു പറയുമ്പോഴാണ് തന്നെ നിര്‍മാതാക്കള്‍ വിലക്കാന്‍ പോകുന്ന കാര്യം അറിഞ്ഞതെന്നും ഷെയ്ന്‍ പറഞ്ഞു.
സിനിമാ വിലക്കുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ൻ നിഗം. ബുധാനാഴ്ച രാത്രി വരെ തനിക്കെതിരെ സിനിമാ വിലക്കുണ്ടാവില്ല എന്ന് നിര്‍മാതാക്കളുടെ സംഘടനയിലുള്ളവര്‍ പറഞ്ഞതായി ഷെയ്ന്‍ വ്യക്തമാക്കി. ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന് ഉറപ്പു തന്നിരുന്നതായും ഷെയ്ന്‍ പറഞ്ഞു. ദ ക്യൂ വിനോടായിരുന്നു ഷെയ്‌നിന്റെ പ്രതികരണം.
സംവിധായകന്‍ സലാം ബാപ്പു പറയുമ്പോഴാണ് തന്നെ നിര്‍മാതാക്കള്‍ വിലക്കാന്‍ പോകുന്ന കാര്യം അറിഞ്ഞതെന്നും ഷെയ്ന്‍ പറഞ്ഞു. ‘സലാം ബാപ്പുവിനോട് നിര്‍മാതാക്കള്‍ പറഞ്ഞത് ഇനി ഷെയ്ന്‍ നിഗമിനെ ഇന്‍ഡസ്ട്രിയില്‍ ആവശ്യമില്ല എന്നാണ്.’ ഷെയ്ന്‍ പറഞ്ഞു.
മാധ്യമങ്ങളോട് ഒന്നും പറയരുതെന്നും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കരുതെന്നും നിര്‍മാതാക്കള്‍ പറഞ്ഞതായും ഷെയ്ന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നതെന്നും ഷെയ്ന്‍ പറഞ്ഞു. വെയില്‍ പൂര്‍ത്തിയാക്കാന്‍ ചൊവ്വാഴ്ച ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയതാണെന്നും ഷെയ്ന്‍ വ്യക്തമാക്കി.
‘അസോസിയേഷന്‍ പറഞ്ഞത് വിശ്വസിച്ചു. ആസോസിയേഷനെന്ന് പറയുന്നത് കുറച്ച് ആള്‍ക്കാരാണല്ലോ. സിയാദ് കോക്കറും ആന്റോ ജോസഫും സുബൈറും പറഞ്ഞത് വിശ്വസിച്ചു. അവര്‍ പറഞ്ഞതല്ലാത്ത വേറൊരു കാര്യം നിങ്ങളുടെ മുമ്പില്‍ അവര്‍ കാണിച്ചുതന്നു.’
തന്നോട് നിര്‍മാതാക്കളുടെ സംഘടന ഒന്നും ചോദിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേട്ടിട്ടില്ലെന്നും ഷെയ്ന്‍ പറഞ്ഞു. ‘എന്റെ അടുത്തു ആരും ഒരു കാര്യവും ചോദിച്ചിട്ടില്ല. ഞാന്‍ ഈ പടങ്ങള്‍ ചെയ്യില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ ഈ പടങ്ങള്‍ ചെയ്യുന്നില്ലെങ്കിലല്ലേ ഏഴു കോടി കൊടുക്കേണ്ടതുള്ളൂ.’, ഷെയ്ന്‍ പറഞ്ഞു.
രാത്രിയും പകലും വെയിലിനു വേണ്ടി ജോലിയെടുത്തു. എന്നിട്ടും അത്രയും അപമാനമാണ് എനിക്കു സഹിക്കേണ്ടി വന്നത്. സാമാന്യം ഒമ്പത് മണിക്കൂര്‍ വരെയല്ലേ ഒരാള്‍ ജോലി ചെയ്യുകയുള്ളൂ. ഞാന്‍ 18 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി പ്രൊഡക്ഷന്‍ ഇല്ലാത്ത എല്ലാവരും ഇങ്ങനെ ജോലിചെയ്യുന്നുണ്ട്. ഞാന്‍ പ്രതിനിധീകരിക്കുന്നത് എന്നെ മാത്രമല്ല. മിണ്ടാന്‍ പറ്റാത്ത ഒരുപാട് പേരുണ്ടിവിടെ. അവര്‍ക്കു വേണ്ടി കൂടിയാണ് ഞാന്‍ ഇതു പറയുന്നത്.’
‘ഇന്നേവരെ എന്റെ ജോലിയില്‍ ഒന്നും കാണിച്ചിട്ടില്ല. കാണിക്കുകയുമില്ല. എല്ലാവര്‍ക്കും വന്നു കൊട്ടാനുള്ളൊരു ചെണ്ടയാണ് ഞാന്‍. മുടി മുറിച്ചത് എന്റെ പ്രതിഷേധമാണ്. ഇതെങ്കിലും ചെയ്യേണ്ടേ.’
‘മൂന്നു സിനിമകളും പുറത്തുവരണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്. ഈ മുടി വളരും. ഈ മുടിയുടെ ഗെറ്റപ്പില്‍ തന്നെ കുര്‍ബാനിയുടെ സംവിധായകന്‍ സിനിമ എടുക്കാന്‍ തയ്യാറാണെന്നു പറഞ്ഞിട്ടുണ്ട്. ഇതേ ലുക്കില്‍ തന്നെ വെയിലിലെ പ്ലസ് ടൂ പോഷന്‍ എടുത്തോളാമെന്ന് ശരത് മേനോനും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട്. സംവിധായകരുടെ പ്രശ്‌നത്തിലല്ലല്ലോ തീരുമാനം വന്നിരിക്കുന്നത്. നിര്‍മാതാക്കളുടെ അല്ലേ. അവര്‍ തന്നെ തീരുമാനങ്ങളെടുത്തു.’
വലിയപെരുന്നാള്‍ തിയേറ്ററില്‍ കാണിക്കില്ലെന്ന് കുറച്ചാളുകള്‍ പറഞ്ഞു. ഞാന്‍ എന്തു തെറ്റാണ് ചെയ്തത്. എനിക്കിത്തിരി ചൂട് കൂടുതലാണ്. ഞാന്‍ ഇങ്ങനെ ആയിപ്പോയി. എന്റെ നേച്ചര്‍ ഇങ്ങനെയാണ്. അല്ലാതെ ആരോടും ദേഷ്യവും വൈര്യാഗ്യവും വെച്ചല്ല സംസാരിക്കുന്നത്.’, ഷെയ്ന്‍ വ്യക്തമാക്കി.
അഭിനേതാക്കളുടെ സംഘടനായ അമ്മ തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയ്ന്‍ പറഞ്ഞു. നിര്‍മാതാക്കള്‍ എപ്പോള്‍ വിളിച്ചാലും ചര്‍ച്ചയ്ക്കു പോകാന്‍ തയ്യാറാണെന്നും ഷെയ്ന്‍ വ്യക്തമാക്കി.
‘എനിക്കു വേറെ പണി അറിയില്ല. അതുകൊണ്ട് അഭിനയം തന്നെ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. രാജീവ് രവി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ബി.അജിത് കുമാര്‍, ഷാജി എന്‍ കരുണ്‍.. ഇവരുടെ കൂടെയൊക്കെ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അവരോടൊന്നു ചോദിച്ചു നോക്ക് സിനിമയ്ക്ക് വേണ്ടി ഞാന്‍ എങ്ങനെയാണ് നില്‍ക്കുന്നതെന്ന്. ഇതു സിനിമയുടെ പ്രശ്‌നമല്ല. വേറെ പോളിറ്റിക്‌സാണ്. അത് കാലം തെളിയിച്ചോളും.’, ഷെയ്ന്‍ വ്യക്തമാക്കി.