അധികപ്രസംഗങ്ങളുമായി ബാലചന്ദ്രമേനോന്‍ !
ബാലചന്ദ്രമേനോന്‍ വീണ്ടും - “എന്‍റെ അധികപ്രസംഗങ്ങള്‍” !
ബാലചന്ദ്രമേനോന് വീണ്ടും വരുന്നു. പുതിയ പുസ്തകവുമായാണ് മേനോന്‍റെ വരവ്. ‘എന്‍റെ അധികപ്രസംഗങ്ങള്‍’ എന്നാണ് പുസ്തകത്തിന്‍റെ പേര്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മേനോന്‍ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണിത്.
“ഇത്തരത്തില്‍ ഒരു പുസ്തകം ഇതാദ്യമായിട്ടായിരിക്കും, പ്രത്യേകിച്ചും ഒരു അഭിനേതാവിന്‍റെ കാര്യത്തില്‍” - മേനോന്‍ വ്യക്തമാക്കുന്നു. എറണാകുളത്ത് ഓഗസ്റ്റ് 19ന് പുസ്തകം പ്രകാശനം ചെയ്യും.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ഊഴം’ എന്ന സിനിമയാണ് ബാലചന്ദ്രമേനോന്‍റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. ഓണത്തിന് ഊഴം പ്രദര്‍ശനത്തിനെത്തും.
ഈ വര്‍ഷം അവസാനം ഒരു സിനിമ സംവിധാനം ചെയ്യാനും ബാലചന്ദ്രമേനോന് പദ്ധതിയുണ്ട്.
പുതിയ പുസ്തകത്തെക്കുറിച്ച് ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്:
പ്രസംഗം എനിക്ക് എന്നും ഇഷ്ടമുള്ള കാര്യമാണ്. "നീ അധികമൊന്നും പ്രസംഗിക്കണ്ട" എന്ന് വീട്ടിലുള്ളവരും സ്കൂളിലെ സാറമ്മാരും പിന്നീട് പൊതുസമൂഹത്തിലെ സഹിഷ്ണുത കുറഞ്ഞ മേലാളന്മാരുമൊക്കെ പലകുറി ആജ്ഞാപിച്ചിട്ടും ഞാന്‍ പ്രസംഗം അഭംഗുരം തുടര്‍ന്നു. ആറാം ക്‌ളാസ്സിലായിരുന്നു അരങ്ങേറ്റം. പിന്നീട് കേരളത്തില്‍ എമ്പാടും ഇന്ത്യയിലും വിദേശത്തു പലയിടത്തും മലയാളത്തിലും ഇംഗ്‌ളീഷിലും പ്രസംഗമഹാമഹം തുടര്‍ന്നു. തുറന്നു പറയട്ടെ, ഞാന്‍ ഒരു വേദിയിലും തയ്യാറെടുപ്പോടെ പോകാറില്ല. മൈക്കിനരികില്‍ നിന്നു മുന്നിലിരിക്കുന്ന സദസ്സിനെ കാണുമ്പോള്‍ എന്റെ വായില്‍ എന്തു വരുന്നോ അതാണ് എന്റെ പ്രസംഗം. 'എയ്ത അമ്പും വായില്‍ നിന്നു വീണ വാക്കും' തിരിച്ചെടുക്കാനാവില്ല എന്ന സത്യം പ്രസംഗവേദിയില്‍ എന്നെ കുറച്ചല്ല ഭയപ്പെടുത്തിയിട്ടുള്ളത്. ഒരു പ്രതിരോധമായി ഞാന്‍ എന്റെ പ്രസംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. അങ്ങിനെ റെക്കോര്‍ഡ് ചെയ്തവ പിന്നീട് എപ്പഴോ കേട്ടപ്പോള്‍ ചുറ്റുമിരുന്നവര്‍ ആണ് എന്തു കൊണ്ട് ഇത് പുസ്തകരൂപത്തില്‍ ആക്കിക്കൂടാ എന്ന് എന്നോട് ചോദിച്ചത്. അങ്ങിനെ ഒരു പുതിയ പുസ്തകം കൂടി എന്റെ പേരില്‍ വരുന്ന ആഗസ്ത് 19ന് കൊച്ചിയില്‍ വച്ച് പ്രകാശിതമാവും.
പേര്.... "എന്റെ അധികപ്രസംഗങ്ങള്‍ "...