മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘മഹേഷിന്‍റെ പ്രതികാരം’. മികച്ച തിരക്കഥയ്ക്കും മികച്ച മലയാള ചിത്രത്തിനുമുള്ള ദേശീയ പുരസ്കാരം മഹേഷിന്‍റെ പ്രതികാരത്തിനായിരുന്നു. ആ സിനിമയിലെ ഓരോ രംഗവും ആസ്വാദ്യകരമാണ്. അതില്‍ ഒന്നാണ് സൌബിന്‍ ഷാഹിര്‍ പാടുന്ന ‘കുമ്മട്ടിക്കാ ജ്യൂസ് കുമ്മട്ടിക്കാ ജ്യൂസ് മമ്മൂട്ടിക്കായ്ക്കിഷ്ടപ്പെട്ട കുമ്മട്ടിക്ക ജ്യൂസ്’ എന്നത്.
ആ പാട്ട് വലിയ ഹിറ്റായി. മമ്മൂട്ടി ആരാധകര്‍ക്ക് വരെ ആ പാട്ട് ഏറെ രസിച്ചു. എങ്കിലും എല്ലാവര്‍ക്കും ഒരാശങ്കയുണ്ടാവും. മമ്മൂട്ടി ആ പാട്ടിനോട് എങ്ങനെയാവും പ്രതികരിച്ചിട്ടുണ്ടാവുക? പാട്ട് അവതരിപ്പിച്ച സൌബിനോട് മമ്മൂട്ടി എന്താവും പറഞ്ഞിട്ടുണ്ടാവുക?
സൌബിന്‍റെ തന്നെ വാക്കുകള്‍ കേള്‍ക്കുക: “ഫിലിം റിലീസ് ആയപ്പോള്‍ പാട്ട് ഹിറ്റായി. മമ്മൂക്കയുടെ വീട്ടില്‍ ചെന്നപ്പോള്‍ എന്താണ് കുടിക്കാന്‍ വേണ്ടത് എന്ന് ചോദിച്ചു, ‘അവന് കുമ്മട്ടിക്കാ ജ്യൂസ് കൊടുത്തേ’. പാട്ട് പാടിക്കുകയും ചെയ്തു. മമ്മൂക്കയ്ക്ക് സന്തോഷമായിരുന്നു. ഞാന്‍ ഇല്ലാത്ത പടത്തില്‍ എന്‍റെ പേരുപറഞ്ഞ് കയ്യടി മേടിച്ചില്ലേ, കൊള്ളാം എന്ന് മമ്മൂക്ക പറഞ്ഞു. എനിക്കൊരു പേടിയുണ്ടായിരുന്നു. മമ്മൂക്കയ്ക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സൌബിന്‍ പറയുന്നു.
“ശ്യാം പുഷ്കരന്‍ നിര്‍ബന്ധിച്ചിട്ടാണ് ആ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. പണ്ട് സ്കൂളില്‍ വൈകുന്നേരം ബെല്ലടിക്കുമ്പോള്‍ സന്തോഷം കൊണ്ട് പാടുമായിരുന്നു, ‘ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്ക ജ്യൂസ്.’ ശ്യാം അത് സിനിമയില്‍ കറക്ട് സ്ഥലത്ത് കൊടുത്തതുകൊണ്ടാണ് ആ പാട്ട് വിജയിച്ചത്. ട്രെയിലറില്‍ ആ പാട്ട് നന്നായി ശ്രദ്ധിച്ചു” - സൌബിന്‍ പറയുന്നു.
ഇപ്പോള്‍ ഏത് വീട്ടില്‍ പോയാലും കടയില്‍പ്പോയാലും സൌബിനോട് എല്ലാവരും ചോദിക്കുമത്രേ - ‘മോനേ കുമ്മട്ടിക്കാ ജ്യൂസ് എടുക്കട്ടേ?’. കുമ്മട്ടിക്കാ ജ്യൂസിന്‍റെ ബ്രാന്‍ഡ് അംബാസഡറായോ താന്‍ എന്നാണ് ഇപ്പോള്‍ സൌബിന്‍റെ സംശയം.
ഉള്ളടക്കത്തിന് കടപ്പാട് : മനോരമ ഓണ്‍ലൈന്‍