Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവരസ പരമ്പരയിലൂടെ ജയരാജ് വീണ്ടും രാജ്യത്തെ മികച്ച സംവിധായകന്‍

നവരസ പരമ്പരയിലൂടെ ജയരാജ് വീണ്ടും രാജ്യത്തെ മികച്ച സംവിധായകന്‍
, വെള്ളി, 13 ഏപ്രില്‍ 2018 (16:22 IST)
ജയരാജിന് ഇതൊരു പുതിയ കാര്യമല്ല. ദേശീയതലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനാണ് അദ്ദേഹം. എങ്കിലും ഒരിക്കല്‍ കൂടി രാജ്യത്തെ മികച്ച സംവിധായകനായി ജയരാജ് ആദരിക്കപ്പെട്ടിരിക്കുന്നു. ‘ഭയാനകം’ എന്ന പുതിയ സിനിമയാണ് മികച്ച സംവിധായകനും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള ദേശീയ അവാര്‍ഡുകള്‍ ജയരാജിന് നേടിക്കൊടുത്തത്.
 
തന്‍റെ നവരസ പരമ്പരയുടെ ഭാഗമായാണ് ജയരാജ് ഭയാനകം പ്ലാന്‍ ചെയ്തത്. തകഴിയുടെ കയറില്‍ നിന്ന് രണ്ട് അധ്യായങ്ങളാണ് ‘ഭയാനക’ത്തിനായി അദ്ദേഹം ആധാരമാക്കിയത്. രണ്‍ജി പണിക്കരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പോസ്റ്റുമാനെ അവതരിപ്പിച്ചത്. കയറിലെ മറ്റൊരു കഥാപാത്രമായ ഗൌരി കുഞ്ഞമ്മയെ ആശാ ശരത് ആണ് അവതരിപ്പിച്ചത്. 
 
രണ്ടാം ലോകമഹായുദ്ധകാലത്ത് കുട്ടനാട്ടില്‍ ജീവിച്ചിരുന്ന ഒരു പോസ്റ്റുമാന്‍റെ ചിന്തകളില്‍ കൂടിയാണ് ഭയാനകത്തിന്‍റെ കഥ വികസിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാരനായിരുന്നു ഈ പോസ്റ്റുമാന്‍. യുദ്ധത്തിന്‍റെ പുതിയ വാര്‍ത്തകളും ദൃശ്യങ്ങളും കാണുന്ന പോസ്റ്റുമാന്‍റെ ഭീതിയാണ് ഭയാനകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. 
 
രണ്‍ജി പണിക്കര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രമാണ് ഇത്. തന്‍റെ രണ്ടുമക്കളും രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയതിന്‍റെ പശ്ചാത്തലത്തില്‍ ഭയത്തോടെ കാത്തിരിക്കുന്ന ഗൌരിക്കുഞ്ഞമ്മയായി ആശാ ശരത്തും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 
 
ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് അര്‍ജുനന്‍ മാസ്റ്ററാണ് സംഗീതം നല്‍കിയത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് കലാസംവിധാനം. ക്യാമറ നിഖില്‍ എസ് പ്രവീണ്‍. നിഖിലിനും മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 1997ല്‍ കളിയാട്ടത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ജയരാജ് നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപേട്ടന്‍ എനിക്കെന്റെ സഹോദരനെ പോലെ: നമിത പ്രമോദ്