കൃഷ്ണാ... ഗംഗയാടാ... അവാര്‍ഡ് അടിച്ചെടാ...
അവാര്‍ഡ് പ്രതീക്ഷിച്ചു, പക്ഷേ കിട്ടുമെന്ന് വിചാരിച്ചില്ല: വിനായകന്
ഏവരും ആഗ്രഹിച്ചത് സംഭവിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരമാക്കിയ വിനായകന്‍ മികച്ച നടനായി. സിനിമാ അവാര്‍ഡ് ചരിത്രത്തിലെ സുവര്‍ണ നിമിഷങ്ങളില്‍ ഒന്നായി അത് മാറുകയും ചെയ്തു.
അര്‍ഹതയ്ക്കുള്ള അംഗീകാരം എന്ന നിലയിലാണ് വിനായകന്‍റെ പുരസ്കാരത്തെ ഏവരും കാണുന്നത്.
"അവാര്‍ഡ് കിട്ടിയതില്‍ വളരെ സന്തോഷം. കുറേക്കാലത്തെ അനുഭവം വച്ച് ഇപ്പോള്‍ വര്‍ക്കൌട്ട് ആയതായിരിക്കാം. അവാര്‍ഡ് പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ കിട്ടുമെന്ന് വിചാരിച്ചില്ല. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് കിട്ടുന്നില്ല എന്ന ജനങ്ങളുടെ പരിഭവത്തിനും പരാതിക്കുമുള്ള മറുപടിയാണ് ഈ അവാര്‍ഡ്” - വിനായകന്‍ പ്രതികരിച്ചു.
കമ്മട്ടിപ്പാടം എന്ന സിനിമയില്‍ നായകനാണോ വില്ലനാണോ വിനായകന്‍ എന്ന് ചോദിച്ചാല്‍ കൃത്യമായി ഉത്തരം നല്‍കാനാവില്ല. എന്നാല്‍ വിനായകന്‍റെ ഗംഗ എന്ന കഥാപാത്രമില്ലാതെ കമ്മട്ടിപ്പാടം എന്ന സിനിമയില്ല. ഒരു നഗരം സൃഷ്ടിക്കപ്പെടുമ്പോള്‍ ജീവിതം നഷ്ടമാകുന്നവരുടെ കഥയില്‍ ഗംഗ എന്ന കഥാപാത്രം നിറഞ്ഞുനിന്നു.
ഫയര്‍ ഡാന്‍സുകാരനായി കലാജീവിതം ആരംഭിച്ച വിനായകനെ സിനിമയ്ക്ക് പരിചയപ്പെടുത്തിയത് തമ്പി കണ്ണന്താനമാണ്. എങ്കിലും വിനായകന്‍റെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട പെര്‍ഫോമന്‍സ് സ്റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലേതായിരുന്നു.
വെള്ളിത്തിര, ചതിക്കാത്ത ചന്തു, ഛോട്ടാമുംബൈ, ബിഗ്ബി, ബെസ്റ്റ് ആക്‍ടര്‍, ബാച്ച്‌ലര്‍ പാര്‍ട്ടി, ഇയ്യോബിന്‍റെ പുസ്തകം, ഞാന്‍ സ്റ്റീവ് ലോപ്പസ്, ആട് ഒരു ഭീകരജീവിയാണ്, ചന്ദ്രേട്ടന്‍ എവിടെയാ, കലി തുടങ്ങിയ സിനിമകളില്‍ വിനായകന്‍റെ മികച്ച പ്രകടനങ്ങള്‍ നമ്മള്‍ കണ്ടു.