Nelvin Wilson/ [email protected] ഇന്ന് വനിതാ ദിനമാണ്. മനുസ്മൃതിയായാലും ഖുര്‍ആന്‍ ആയാലും ബൈബിളായാലും മറ്റേത് മതഗ്രന്ഥങ്ങള്‍ ആയാലും അതെല്ലാം മുന്നോട്ടുവയ്ക്കുന്നത് സ്ത്രീവിരുദ്ധ ആശയങ്ങളാണ്. അത്തരം സ്ത്രീവിരുദ്ധ ആശയങ്ങളെ പ്രതിരോധിക്കാനും അവയെ ശക്തമായി എതിര്‍ക്കാനും ഭാവി തലമുറയെ ബോധവാന്‍മാരാക്കുകയാണ് ഇന്നത്തെ വനിതാ ദിനത്തില്‍ ഉത്തരവാദിത്തമുള്ള ഓരോരുത്തരും ചെയ്യേണ്ടത്. മതഗ്രന്ഥങ്ങളിലെ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നത് പല തരത്തിലാണ്. അതിന്റെ ഏതാനും ഉദാഹരണങ്ങള്‍ കത്തോലിക്കര്‍ വണങ്ങുന്ന ബൈബിളില്‍ നിന്ന് തന്നെ നമുക്ക് പരിശോധിക്കാം.
പഴയ നിയമമെന്നും പുതിയ നിയമമെന്നും ബൈബിളിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഇതില്‍ പഴയ നിയമത്തില്‍ പറയുന്നത് കാലഹരണപ്പെട്ട നിയമങ്ങളും പുതിയ നിയമത്തില്‍ സ്‌നേഹത്തിന്റെ സുവിശേഷങ്ങളുമാണ് പ്രതിപാദിക്കുന്നതെന്നാണ് പൊതുവെ മതപണ്ഡിതന്‍മാര്‍ കാലങ്ങളായി പഠിപ്പിക്കുന്നത്. എന്നാല്‍ പുതിയ നിയമം അത്രകണ്ട് സ്‌നേഹത്തിന്റെ സുവിശേഷമാണോ പഠിപ്പിക്കുന്നത്? പഴയ നിയമത്തിലെ സ്ത്രീ വിരുദ്ധതയെ പോളിഷ് ചെയ്ത് അല്‍പ്പം സുഖിപ്പിക്കുന്ന തരത്തില്‍ വിശ്വാസികളിലേക്ക് കുത്തിവയ്ക്കുക മാത്രമാണ് പുതിയ നിയമത്തില്‍ ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തി വിശ്വസിപ്പിക്കുകയെന്ന തന്ത്രമാണ് ഇവിടെ കാണാന്‍ സാധിക്കുക.
ക്രൈസ്തവര്‍ ഏറെ പ്രാധാന്യത്തോടെ കാണുന്ന കൂദാശയാണ് വിവാഹം. ദേവാലയത്തില്‍വെച്ച് പുരോഹിതന്റെ കാര്‍മികത്വത്തിലാണ് വിവാഹം നടക്കുക. വിവാഹമധ്യേ വായിക്കുന്ന ലേഖന ഭാഗങ്ങളില്‍ പുതിയ നിയമം എത്രത്തോളം സ്ത്രീ വിരുദ്ധമാണെന്ന് നമുക്ക് വ്യക്തമാകും. അതില്‍ ചില വാക്യങ്ങള്‍ ഇങ്ങനെയാണ്:
' സ്ത്രീ ബലഹീന പാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യ അവകാശിയെന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍,' 1 പത്രോസ് 3:7
അതായത് സ്ത്രീ ഒരു ബലഹീന പാത്രമാണെന്നും അവളോട് പുരുഷന്‍ കരുണ കാണിക്കേണ്ടത് ഔദാര്യമാണെന്നും പരോക്ഷമായി പറഞ്ഞുവയ്ക്കുന്ന ലേഖന ഭാഗമാണ് ഇത്. മറ്റ് ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്:
' ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിന് യോഗ്യമാംവിധം ഭര്‍ത്താക്കന്‍മാര്‍ക്ക് വിധേയരായിരിക്കുവിന്‍' 1 കൊളോസോസ് 3: 18
'ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനെന്നപോലെ ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കുവിന്‍, എന്തെന്നാല്‍ ക്രിസ്തു തന്റെ ശരീരമായ സഭയുടെ ശിരസായിരിക്കുന്നതുപോലെ ഭര്‍ത്താവ് ഭാര്യയുടെ ശിരസാണ്. ക്രിസ്തു തന്നെയാണ് ശരീരത്തിന്റെ രക്ഷകനും. സഭ ക്രിസ്തുവിന് വിധേയമായിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാ കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം' (എഫേ. 5:22-24).
'ഭാര്യമാരേ, നിങ്ങള്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് വിധേയരായിരിക്കുവിന്‍. വചനം അനുസരിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ വാക്കുകൊണ്ടല്ല പെരുമാറ്റം കൊണ്ട് വിശ്വാസത്തിലേക്ക് ആനയിക്കാന്‍ ഭാര്യമാര്‍ക്ക് കഴിയും. അവര്‍ നിങ്ങളുടെ ആദരപൂര്‍വ്വവും നിഷ്‌കളങ്കവുമായ പെരുമാറ്റം കാണുന്നതുമൂലമാണ് ഇത് സാധ്യമാകുക' (1 പത്രോസ് 3:13)
എല്ലാ അര്‍ത്ഥത്തിലും സ്ത്രീ പുരുഷന് കീഴ്‌പ്പെട്ടു ജീവിക്കണമെന്ന അപരിഷ്‌കൃത ആശയമാണ് ബൈബിളിലെ പുതിയ നിയമവും മുന്നോട്ടുവയ്ക്കുന്നത്. മനുസ്മൃതിയും ഖുര്‍ആനും വിശ്വാസികളില്‍ കുത്തിവയ്ക്കുന്നതും ഈ സ്ത്രീവിരുദ്ധത തന്നെയാണ്.
സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമൂഹമാണ് ഇപ്പോഴത്തേത്. പുരുഷന്‍ അനുഭവിക്കുന്ന എല്ലാ പ്രിവില്ലേജുകളും ഈ സമൂഹത്തില്‍ ഒരു സ്ത്രീക്കും അവകാശപ്പെട്ടത് തന്നെയാണ്. ഭരണഘടനയനുസരിച്ച് എല്ലാ പൗരന്‍മാര്‍ക്കും ഈ സമൂഹത്തില്‍ ഉള്ളത് ഒരേ അവകാശങ്ങളും ഒരേ സ്വാതന്ത്ര്യവുമാണ്. ആരും ആരുടേയും യജമാനന്‍മാരോ ഭൃത്യന്‍മാരോ അല്ല. സമത്വമെന്ന ആശയം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വരും തലമുറയെ പഠിപ്പിക്കേണ്ട കാലത്താണ് മതഗ്രന്ഥങ്ങള്‍ മനുഷ്യരെ ആയിരം വര്‍ഷം പിന്നോട്ടുവലിക്കാന്‍ ശ്രമിക്കുന്നത് !