Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്മസ് രാവില്‍ മഞ്ഞിനൊപ്പം പെയ്യുന്ന സന്തോഷം

ക്രിസ്മസ് രാവില്‍ മഞ്ഞിനൊപ്പം പെയ്യുന്ന സന്തോഷം
, തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (22:19 IST)
നനുത്ത മഞ്ഞിനൊപ്പം സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന രാവാണ് ക്രിസ്മസ്‍. യഥാര്‍ത്ഥ സന്തോഷവും സമാധാനവും രക്ഷകനൊപ്പം പിറവിയെടുത്ത ദിനം. ജീവിത മൂല്യങ്ങളെയും ജീവിത നിലപാടുകളേയും കാത്തു സൂക്ഷിക്കാനും നന്‍‌മയിലൂടെയും പങ്കുവയ്‌ക്കലുകളിലൂടെയും പരസ്പരം സ്നേഹിക്കാനുമാണ് ക്രിസ്മസ് പഠിപ്പിക്കുന്നത്. 
 
ലൌകിക സമൃദ്ധികളില്‍ മയങ്ങിക്കിടക്കുന്ന ലോകം നിരീശ്വര വാദത്തിലേക്കും അബദ്ധ സിദ്ധാന്തങ്ങളിലുമാണ് പലപ്പോഴും എത്തിച്ചേരുക. ഇതു തന്നെ അവനെ മനുഷ്യത്വരാഹിത്യത്തിലേക്കും കുഴപ്പങ്ങളിലേക്കും നയിക്കുന്നു. പൂര്‍ണ്ണ സുഖ സൌഭാഗ്യങ്ങള്‍ തേടിയുള്ള മനുഷ്യന്‍റെ യാത്ര പലപ്പോഴും നിരാശയിലേക്കായിരിക്കും എത്തിച്ചേരുക.
 
ആഗ്രഹത്തിനും അതിന്‍റെ സഫലീകരണത്തിനും അവസാനമില്ല എന്ന കാര്യം പലപ്പോഴും മനുഷ്യന്‍ വിസ്‌മരിക്കുന്നു. അതുകൊണ്ട് തന്നെ മോഹഭംഗവും സമാധാനമില്ലായ്‌മയും വീഴ്‌ചയും കൂടുതലായിരിക്കും. ജീവിതത്തില്‍ ഓരോ വിജയങ്ങളും സംതൃപ്തരാക്കുമെന്നാണ് ഓരോരുത്തരും കരുതുന്നത്. എന്നാല്‍ ഓരോന്ന് ലഭിക്കുമ്പോഴും മോഹങ്ങള്‍ കൂടുന്നതേയുള്ളൂ. മോഹങ്ങള്‍ കൂടുമ്പോള്‍ സന്തോഷം എന്നത് അകലെയാകുന്നു. 
 
സന്തോഷത്തിന്‍റെ സമാധാനത്തിന്‍റെയും പൂര്‍ണ്ണത കൈവരിക്കാനാകുന്നില്ല. ഈ മോഹ ഭംഗത്തിനു കാരണം തേടുകയാണ് ആദ്യം വേണ്ടത്. അതിന് ഈശ്വരന്‍റെ കാല്‍പ്പാദങ്ങള്‍ പതിഞ്ഞ പച്ചയായ മണ്ണില്‍ വികാരങ്ങളെയും വിചാരങ്ങളെയും അടക്കി സ്വര്‍ഗ്ഗത്തെ സ്വപ്നം കാണണം. ഇത് ദൈവത്തിലൂടെയേ സാധ്യമാകൂ. 
 
ഈ പാഠം നാം ആദ്യം ഉള്‍കൊള്ളണ്ടത് ക്രിസ്മസ്സിലൂടെയാണ്. സ്വന്തം അപര്യാപ്തത മനസ്സിലാക്കി പൂര്‍ണ്ണമായ ജീവനെയും പൂര്‍ണ്ണമായ സ്നേഹത്തെയും അന്വേഷിക്കുന്നതിലൂടെ ദൈവത്തില്‍ എത്തിച്ചേരുന്നു. ഇവിടെയാണ് സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും ഉറവിടം. ദൈവത്തില്‍ നിരാശനാകുന്നുവെങ്കില്‍ രക്ഷകനെ പൂര്‍ണ്ണമായി അറിഞ്ഞില്ല എന്നു തന്നെ അര്‍ത്ഥമാക്കാം.
 
സന്തോഷവും സമാധാനവും പെയ്തിറങ്ങുന്ന ക്രിസ്മസ് രാവ് ഈപൂര്‍ണ്ണത തേടിയുള്ള യാത്ര തുടങ്ങാനുള്ള സമയമാണ്. ജീവനും ശക്തിയും ഓജസ്സും തേജസ്സുമുള്ള അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യം. ഇക്കാര്യത്തില്‍ നിഷ്ക്കളങ്കനായ ക്രിസ്തുവിനെ തേടിയെത്തിയ ആട്ടിടയന്‍‌മാരായി നമുക്കു മാറാം.മുറിഞ്ഞു മുറിഞ്ഞു കത്തുന്ന ഒരോ ക്രിസ്മസ് വിളക്കുകളും നന്‍‌മയേയും സന്തോഷത്തെയും സമാധാനത്തെയും പ്രകാശിപ്പിക്കുന്ന വിളക്കുകള്‍ തന്നെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്മസ് പണ്ട് സൂര്യദേവന്‍റെ ജന്‍‌മദിനമായിരുന്നു!