ജനിച്ചു വളര്‍ന്ന വീട്ടില്‍, നാട്യങ്ങളില്ലാത്ത ഒരു പാവം കിളിഞ്ഞില്‍ മരമായിരുന്നു എന്‍റെ ക്രിസ്മസ് ട്രീ.
ചെരിപ്പിടാത്ത കാലുകളില്‍ ഇക്കിളിയിടുന്ന മണല്‍ത്തരിമുറ്റത്തിനു താഴെനിന്ന് മുറ്റത്തേയ്ക്ക് ശാഖകള്‍ നീട്ടിച്ചിരിക്കുന്നു എന്‍റെ കിളിഞ്ഞില്‍ മരം. ആ മരത്തിലിരുന്നാണ് എല്ലാ കിളികളും എനിക്കു വേണ്ടി പാട്ടു പാടിയതും.
ആ മരത്തിന്‍റെ സൗഹൃദച്ചില്ലകളിലാണ് എന്‍റെ ആദ്യത്തെ ക്രിസ്മസ് വിളക്കുകള്‍ ഞാന്‍ തൂക്കിയത്. എന്‍റെ ഒമ്മിപ്പൂച്ചയുടെ മെരുക്കമുള്ള മരച്ചില്ലകളില്‍ നക്ഷത്രവിളക്കുകള്‍ തൂങ്ങിയാടിച്ചിരിക്കും. ആ ചിരിയില്‍ മുറ്റത്തിനും മുറ്റത്തേയ്ക്ക് കാല്‍നീട്ടി വച്ച വരാന്തയ്ക്കും മനം നിറയും.
എന്‍റെ കുട്ടിക്കാലത്ത് റഡിമെയ്ഡ് നക്ഷത്രങ്ങള്‍ വിണ്ണില്‍ നിന്നു മണ്ണിലേയ്ക് ഇറങ്ങിവന്നു തുടങ്ങിയിട്ടില്ല. അഥവാ, വന്നു തുടങ്ങിയിരുന്നുവെങ്കില്‍ കോട്ടയം ജില്ലയില്‍ വാഴൂര്‍, ചാമംപതാലിലെ എന്‍റെ വീട്ടില്‍ ആ നക്ഷത്രങ്ങള്‍ ഉദിച്ചിരുന്നില്ല; അയല്‍ വീടുകളിലും.
മണിമലയാറ്റിലേക്കൊഴുകുന്ന വല്യതോടിന്‍റെ കരയിലെ ഈറ്റക്കാടുകള്‍ നക്ഷത്രമെണ്ണി കാറ്റിലാടുന്പോഴാണ് അവ വെട്ടാന്‍ പാകമാകുക. ഈറ്റവെട്ടി നക്ഷത്രവിധി പ്രകാരം കീറി, ചീകിമിനുക്കി, അഞ്ചു കോണുകളായി കെട്ടിയുണ്ടാക്കുന്പോള്‍ നക്ഷത്രവിളക്കിന്‍റെ ഉടുപ്പിടാത്തനിമയായി.
പിന്നെ, ആ നക്ഷത്രച്ചട്ടത്തില്‍ വര്‍ണക്കടലാസുകള്‍ ഒട്ടിച്ചാല്‍ നക്ഷത്രമുദിക്കുകയായി. ഒട്ടിക്കാന്‍ പനച്ചിപ്പുറം വീട്ടുമുറ്റത്തെ പനച്ചിമരത്തിന്‍റെ പശയുണ്ടായിരുന്നു.
വര്‍ണക്കടലാസ് ഒട്ടിക്കുന്പോള്‍ വെളിച്ചത്തിനു കയറിയിറങ്ങാന്‍ ഒരു കിളിവാതില്‍ മാത്രം തുറന്നു വയ്ക്കും.
കിളിഞ്ഞില്‍ മരത്തിലെ നക്ഷത്രത്തിനു കീഴിലാവും ഉണ്ണിയേശുവിനെ കുടിയിരുത്തുന്ന പുല്‍ക്കൂട്.
ഡിസംബറിലെ വൃശ്ചികം ധനുമാസത്തിലേയ്ക്ക് ഉണങ്ങുന്പോള്‍ മുടിനീട്ടിവളര്‍ത്തിയ പുല്ലുകള്‍ വാടും. പുല്‍ക്കൂടു മേയുന്ന ആ പുല്ലുതന്നെയാണ് ഉണ്ണിയേശുവിന്‍റെ കിടക്കയും. അതുകൊണ്ട് ഞങ്ങളതിനെ ഉണ്ണീശോപ്പുല്ലെന്നു വിളിച്ചു.
കാറ്റിനെതിരെ കയ്യുയര്‍ത്തിനിന്ന് കിലുകിലുഗാനം പാടുന്ന തുവരച്ചെടിക്കന്പുകളായിരുന്നു പുല്‍ക്കൂടിന്‍റെ തൂണും ഉത്തരവും കഴുക്കോലുമെല്ലാം. ശാഖോപശാഖകളോടെ വെട്ടിയെടുത്താല്‍ തുവരച്ചെടിയുടെ ശിഖരങ്ങളില്‍ തോരണവും ബലൂണുകളും തൂക്കാം.
എന്‍റെ പുല്‍ക്കൂടിന്‍റെ കല്‍പവൃക്ഷമായിരുന്നു മരച്ചീനിത്തോട്ടത്തിന് അതിരിട്ടു നിന്ന തുവരച്ചെടികള്‍.
പുല്‍മെത്തയില്‍ ഉണ്ണിയേശുവും കൂട്ടിന് കന്യകമറിയം എന്ന മാതാവും യൗസേപ്പു പിതാവ് എന്ന സെന്‍റ് ജോസഫും. പൂക്കളെ സ്നേഹിക്കുന്നയാളാണ് സെന്‍റ് ജോസഫ്. യൗസേപ്പു പിതാവിന്‍റെ കയ്യിലെ പൂവിലാവും എപ്പോഴും ഉണ്ണിയേശുവിന്‍റെ ശ്രദ്ധ.
ഒറിജിനല്‍ പുല്‍ക്കൂടിന്‍റെ ഭൂമിശാസ്ത്രത്തിലുള്ള ഇപ്പോള്‍ ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടം നടക്കുന്ന ബത്ലഹേം എന്ന സ്ഥലത്താണെങ്കിലും, യൗസേപ്പുപിതാവിന്‍റെ പൂവ് ഞങ്ങളുടെ വാഴൂര്‍ പഞ്ചായത്തില്‍ നിന്നു പറിച്ചുകൊണ്ടുപോയതാണെന്ന കാര്യത്തില്‍ എനിക്കന്നു സംശയമേയുണ്ടായിരുന്നില്ല.
ഞങ്ങളുടെ പഞ്ചായത്തിലെ മിക്ക മരങ്ങളിലും ഒരു ഇത്തിള്‍ പൂവായി വിടര്‍ന്നു നിന്നിരുന്നു ആ ഉണ്ണീശോപ്പൂവ്. പൂ പറിച്ച് ഞങ്ങള്‍ പുല്‍ക്കൂട് അലങ്കരിയ്ക്കും. വെളുത്ത ആ പൂവിന് പുല്‍ക്കൂട്ടിന് വാടിക്കരിഞ്ഞ പുല്ലിന്‍റെ പശ്ഛാത്തലത്തില്‍ അഭൗമമായൊരു വെണ്‍മ ലഭിയ്ക്കും. ഞാനും സമപ്രായക്കാരും കുട്ടികളല്ലാതായതുകൊണ്ടാവും ഞങ്ങളുടെ പഞ്ചായത്തിലെ മരങ്ങള്‍ക്ക് ഇപ്പോള്‍ ആ ഇത്തിള്‍പ്പൂക്കാലമില്ല.
പിന്നീടൊരിക്കലും ഉച്ചത്തില്‍ പാടിയിട്ടില്ലെങ്കിലും ക്രിസ്മസ് കാരള്‍ ഗാനങ്ങള്‍ അന്നെനിക്കു കാണാപ്പാഠമായിരുന്നു. ഞങ്ങള്‍ കുന്നുകുഴി കര്‍ഷക ഗ്രന്ഥശാലയുടെ ബാലവിഭാഗ മുദ്രയണിഞ്ഞ് പാതിരാ പകലാക്കി കാരള്‍ പാടിനടക്കും.
ഓരോ വീട്ടുകാരും ചില്ലറയും പുഞ്ചിരിയും മെഴുകുതിരികളും തന്ന് പടക്കം പൊട്ടിച്ച് ഞങ്ങളെ സ്വീകരിയ്ക്കും. കര്‍ഷക ഗ്രന്ഥശാലയുടെ ബാലവിഭാഗത്തിന് ഫണ്ടുണ്ടായത് അങ്ങനെയാണ്.
പടക്കങ്ങളില്‍ പ്രധാനം ഒന്നരയിഞ്ചുനീളമുളള ബീഡിപ്പടക്കമാണ്. ബീഡിപ്പടക്കം ചരടില്‍ കോര്‍ത്താല്‍ മാലപ്പടക്കമായി.
കാരള്‍ സംഘത്തിന്‍റെ ഹെഡ്ലൈറ്റ് വലിയൊരു പെട്രോമാക്സ് വിളക്കാണ്. പിന്നെ സഞ്ചരിക്കുന്ന നക്ഷത്രവിളക്കുകളും, പാട്ടിന്‍റെ ഉയര്‍ച്ചതാഴ്ചകളും.
ഓരോ വീട്ടുമുറ്റത്തും സന്താക്ളോസ് എന്ന ക്രിസ്മസ് ഫാദര്‍ വിശുദ്ധ മുഖം മൂടിവയ്ക്കും. മുറ്റം കടന്നാല്‍ ചെറുബീഡി പുകച്ച് ഡിസംബര്‍ കുളിരകറ്റും.
ക്രിസ്മസ് ഫാദറിന്‍റെ പിന്നിലെ പാട്ടിന്‍റെ ഇടവേളകളില്‍ ഞങ്ങള്‍ ഓരോ വീട്ടിലും കൂട്ടുകാരുടെ നക്ഷത്രങ്ങളും നക്ഷത്രക്കണ്ണുകളും കണ്ണില്‍ പൊടിയിടുന്ന കൊച്ചുകൊച്ചിഷ്ടങ്ങളും കണ്ടെടുക്കും.
ഞങ്ങളുടെ പള്ളിയില്‍ അന്ന് വൈദ്യുതിയില്ല. ജനറേറ്ററിലാണ് ഉച്ചഭാഷിണി പ്രവര്‍ത്തിക്കുക. ദീപാലങ്കാരങ്ങളും അങ്ങനെതന്നെ.
പള്ളിയിലേയ്ക്കുള വഴിയിലുമില്ല വൈദ്യുതി. പാതിരാക്കുര്‍ബാനയ്ക്കു പോകാന്‍ ചിലപ്പോള്‍ മെഴുകുതിരിവെട്ടം; വെളിച്ച കെടാതെ ചിരട്ടയുടെ മറ.
വലിയൊരു സംഘമായാണ് പള്ളിയിലേയ്ക്കുള്ള യാത്രയെങ്കില്‍ വെളിച്ചത്തിനു ചൂട്ടുകറ്റ വേണം. പിന്നെപ്പിന്നെ ചൂട്ടുകറ്റയും മെഴുകുതിരിയും ടോര്‍ച്ചിനു വഴിമാറി.
അന്ന്, വൈദ്യുതി തൊടാത്ത ദീപങ്ങളുടെ പ്രഭയില്‍ ഉണ്ണിയേശുവിനും ഉണ്ണിയേശുവിനെ തേടി കിഴക്കുനിന്നു പോയ മൂന്നു രാജാക്കന്മാര്‍ക്കും എന്‍റെ കൂട്ടുകാര്‍ക്കും കുളിര്‍ മഞ്ഞില്‍ ചാലിച്ച് ഒരു മുഖപ്രസാദമുണ്ടായിരുന്നു.
വിശുദ്ധി എന്ന വാക്കു കേള്‍ക്കുന്പോഴൊക്കെ പാതിമാത്രം പ്രകാശം വീണ ആ മുഖങ്ങളോര്‍ത്തിരുന്നു ഞാന്‍.
പിന്നെപ്പിന്നെ, വൈദ്യുതിയുടെ ആഗോളനിരപ്പുള്ള പ്രഭയില്‍ എല്ലാ മുഖങ്ങളും സന്പൂര്‍ണ്ണമായി തെളിഞ്ഞപ്പോള്‍, അഥവാ തെളിഞ്ഞെന്നു തോന്നിയപ്പോള്‍, ആ വിശുദ്ധിയുടെ സൗമ്യമായ നിഴലോര പ്രഭ, കഷ്ടം, എവിടെയോ അപ്രത്യക്ഷമായതുപോലെ.