ജനാധിപത്യം തൊട്ടുതീണ്ടാത്ത ‘അമ്മ’യില്‍ തുടരണമോയെന്ന് ആലോചിക്കും; ഗണേഷിന്റെ ലക്ഷ്യം ഇന്നസെന്റിന്റെ കസേര: ജോയ്മാത്യു
ഗണേഷിന്റെ ലക്ഷ്യം ഇന്നസെന്റിന്റെ കസേരയാണെന്ന് ജോയ്മാത്യു
നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ്മാത്യു വീണ്ടും രംഗത്ത്. ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത സംഘടനയാണ് അമ്മയെന്നും അത്തരമൊരു സംഘടനയുടെ നിലപാടിനോട് യോജിക്കാന്‍ തനിക്ക് കഴിയില്ലെന്നും ജോയ്മാത്യു പറഞ്ഞു.
സംഘടനയില്‍ തുടരണോ വേണ്ടയോ എന്ന കാര്യം പിന്നീട് ആലോചിക്കും. അമ്മയിലെ അംഗങ്ങള്‍ക്ക് പരസ്പരം മിണ്ടാന്‍ തന്നെ പേടിയാണ്. നടിയെ ആക്രമിച്ച സംഭവത്തെ കുറിച്ച് ജനറല്‍ ബോഡി യോഗത്തില്‍ മിണ്ടാതിരുന്നത് പിന്തുണ കിട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണെന്നും ഈ കേസില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളെടുത്ത നിലപാട് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
നടനും എംഎല്‍എയുമായ ഗണേഷ് കുമാറിനെയും ജോയ്മാത്യൂ രൂക്ഷമായി വിമര്‍ശിച്ചു. കള്ളക്കളിയാണ് ഗണേഷ് നടത്തുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കമാണ് അമ്മക്കെതിരെ എഴുതിയ കത്തിലൂടെ വ്യക്തമാകുന്നത്. ഇന്നസൈന്റിനെ തെറിപ്പിച്ച് അധികാരം നേടിയെടുക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കത്തില്‍ പറഞ്ഞ കാര്യങ്ങളല്ല ഗണേഷ് യോഗത്തില്‍ പറഞ്ഞതെന്നും ജോയ് മാത്യൂ പറഞ്ഞു.