2021ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് നീണ്ടുപോയ പുരസ്‌കാര പ്രഖ്യാപനങ്ങളാണ് ഇന്ന് നടക്കുന്നത്. വൈകീട്ട് അഞ്ച് മണിക്കായിരിക്കും പുരസ്‌കാര പ്രഖ്യാപനം. പുരസ്‌കാര പ്രഖ്യാപനത്തിന് മുന്‍പ് ജൂറി യോഗം ചേരും. അതിന് ശേഷം 11 മണീയോടെ പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന് കൈമാറുമെന്നാണ് വിവരം.
വിവിധ വിഭാഗങ്ങളിലായി മലയാളത്തില്‍ നിന്ന് നായാട്ട്, മേപ്പടിയാന്‍,മിന്നല്‍ മുരളി എന്നീ സിനിമകള്‍ പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മികച്ച സിനിമ എന്ന വിഭാഗത്തിലാണ് നായാട്ട് പരിഗണനയിലുള്ളത്. മികച്ച നടന്‍ എന്ന വിഭാഗത്തില്‍ നായാട്ടിലെ അഭിനയത്തിന് ജോജു ജോര്‍ജും റോക്കട്രിയിലെ അഭിനയത്തിന് ആര്‍ മാധവനും തമ്മില്‍ കടുത്ത മത്സരമാണുള്ളത്. തലൈവിയിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ കങ്കണ റണാവത്തും ഗംഗുഭായ് കത്തിയാവാഡി എന്ന സിനിമയിലെ പ്രകടനത്തില്‍ ആലിയ ഭട്ടും തമ്മിലാണ് മികച്ച നടിക്കുള്ള മത്സരം നടക്കുന്നത്.