Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിന്റെ അഭിമാന 'ആട്ടം'

ഒരേസമയം ചിന്തിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ആട്ടം

Aattam Movie, Malayalam Cinema Aattam review, Aattam Film Review, Vinay Fort, Cinema News, Webdunia Malayalam

രേണുക വേണു

, വെള്ളി, 16 ഓഗസ്റ്റ് 2024 (15:35 IST)
എഴുപതാമത് ദേശീയ അവാര്‍ഡില്‍ തിളങ്ങി മലയാള ചിത്രം 'ആട്ടം'. 2022 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് ഇത്തവണ ദേശീയ അവാര്‍ഡിനായി പരിഗണിച്ചത്. 2024 ലാണ് ആട്ടം തിയറ്ററുകളിലെത്തിയതെങ്കിലും സെന്‍സറിങ് പൂര്‍ത്തിയായത് 2022 ലാണ്. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹത നേടി. എഴുപതാമത് ദേശീയ അവാര്‍ഡിലെ മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ പുരസ്‌കാരങ്ങളാണ് ആട്ടത്തിനു ലഭിച്ചത്. 
 
ഒരേസമയം ചിന്തിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് ആട്ടം. കൃത്യമായ രാഷ്ട്രീയം സംസാരിക്കാനും സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. സ്ത്രീപക്ഷത്തു നിന്നുകൊണ്ട് വളരെ സമകാലികമായ ഒരു വിഷയത്തെ ഒട്ടും മുഷിപ്പിക്കാതെ അവതരിപ്പിച്ചിരിക്കുകയാണ് ആനന്ദ് ഏകര്‍ഷി. 'അരങ്ങ്' എന്ന നാടക ഗ്രൂപ്പും അതിലെ നാടക പ്രവര്‍ത്തകരുടെ ജീവിതവുമാണ് ആട്ടത്തിന്റെ പശ്ചാത്തലം. സംഭാഷണങ്ങള്‍ക്ക് സിനിമയില്‍ വലിയ പ്രത്യേകതയുണ്ട്. ട്രൂപ്പിന്റെ ഏറ്റവും പുതിയ നാടക അവതരണത്തിനു ശേഷം അത് ഇഷ്ടപ്പെട്ട വിദേശികളായ നാടകാസ്വാദകര്‍ ഫോര്‍ട്ട് കൊച്ചിയിലെ റിസോര്‍ട്ടില്‍ നാടകസംഘത്തിനു സൗജന്യ താമസം ഓഫര്‍ ചെയ്യുന്നു. ഫോര്‍ട്ട് കൊച്ചിയിലെ റിസോര്‍ട്ടില്‍ മതിമറന്നു ആഘോഷിക്കുകയാണ് ഈ നാടകസംഘം. അതിനിടയില്‍ അവിടെ നടക്കുന്ന കുറ്റകൃത്യവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്ലോട്ട്. 
 
നാടകങ്ങളിലെ വേഷം കെട്ടല്‍ പോലെ ഈ കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാന്‍ ഓരോരുത്തരും അവരവരുടെ വേഷങ്ങള്‍ മാറിമാറി ആടുന്നു. ഇത് പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കുന്നു. പിന്നീടങ്ങോട്ട് ചിത്രം ത്രില്ലടിപ്പിക്കുകയും രാഷ്ട്രീയമായി ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രമേയം കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ആട്ടം മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയന്‍സ് സമ്മാനിക്കുന്നു. വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സരിന്‍ ഷിഹാബ് തുടങ്ങി ചിത്രത്തില്‍ അഭിനയിച്ച എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ദേശീയ അവാര്‍ഡ് ലഭിച്ചു എന്നതിനപ്പുറം നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമ കൂടിയാണ് 'ആട്ടം'. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

National Film Awards: മികച്ച നടന്‍ ഋഷഭ് ഷെട്ടി, മികച്ച ചിത്രം ആട്ടം; ദേശീയ പുരസ്‌കാരങ്ങള്‍ ഇങ്ങനെ