പൃഥ്വിരാജിനെയും മഹേഷ് ബാബുവിനെയും വിളിച്ചു; അബ്രഹാം ഓസ്‌ലറിന്റെ ട്രെയ്‌ലര്‍ ലോഞ്ച് മാറ്റിവെച്ച് ജയറാം, അഞ്ച് ലക്ഷം ആ കുട്ടികള്‍ക്ക് !
ഇരുപത് വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തുന്ന ആളാണ് താനെന്നും ഈ കുട്ടികള്‍ക്കുണ്ടായ സമാന സാഹചര്യം തനിക്കും നേരിട്ടുണ്ടെന്നും ജയറാം പറഞ്ഞു
തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി നടന്‍ ജയറാം. തന്റെ പുതിയ ചിത്രമായ എബ്രഹാം ഓസ്‌ലറിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനായുള്ള പണം മാറ്റിവെച്ചാണ് ആ തുക ഇവര്‍ക്ക് കൈമാറുന്നത്. അഞ്ച് ലക്ഷം രൂപയാണ് ജയറാം വെള്ളിമറ്റത്തെ വീട്ടിലെത്തി കുട്ടികള്‍ക്ക് നല്‍കിയത്.
ജനുവരി 11 നാണ് ഓസ്‌ലര്‍ റിലീസ് ചെയ്യുക. ജനുവരി മൂന്ന് ബുധനാഴ്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് വലിയ ആഘോഷമായി നടത്താന്‍ തീരുമാനിച്ചിരുന്നു. പൃഥ്വിരാജ് ആയിരുന്നു ട്രെയ്‌ലര്‍ ലോഞ്ച് നടത്തേണ്ടിയിരുന്നത്. ഓണ്‍ലൈന്‍ ലോഞ്ച് നടത്തേണ്ടിയിരുന്നത് മഹേഷ് ബാബു. ഇവരേയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനേയും വിളിച്ച് ട്രെയ്‌ലര്‍ ലോഞ്ചിന്റെ ആഘോഷം വേണ്ടെന്നു വച്ചാല്‍ ഈ കുട്ടികളെ സാമ്പത്തികമായി സഹായിക്കാമെന്ന് ജയറാം പറയുകയായിരുന്നു. ഈ തുകയാണ് കുട്ടി കര്‍ഷകരായ ജോര്‍ജ് കുട്ടിയ്ക്കും മാത്യുവിനും ജയറാം വീട്ടിലെത്തി കൈമാറിയത്.
ഇരുപത് വര്‍ഷത്തോളമായി പശുക്കളെ വളര്‍ത്തുന്ന ആളാണ് താനെന്നും ഈ കുട്ടികള്‍ക്കുണ്ടായ സമാന സാഹചര്യം തനിക്കും നേരിട്ടുണ്ടെന്നും ജയറാം പറഞ്ഞു. ആ വിഷമം അറിയുന്നതു കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇവരുടെ പശു ഫാം ഇനിയും വലുതാകട്ടെ എന്നാശംസിച്ചാണ് ജയറാം മടങ്ങിയത്.
കുട്ടി കര്‍ഷകരായ ജോര്‍ജ് കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.