ഒരുപാട് വിശേഷണങ്ങളൊന്നും വേണ്ട, ഡെറിക് ഏബ്രഹാം എന്ന പേരുമാത്രം മതി. മലയാളികള്‍ ആഘോഷിച്ച പേരാണത്. അതേ, പുലിമുരുകന് ശേഷം ഇന്ത്യന്‍ ബോക്സോഫീസില്‍ മലയാളസിനിമയുടെ പേരുയര്‍ത്തിയ ആണ്‍കുട്ടി. 100 കോടി ക്ലബിലേക്ക് അബ്രഹാമിന്‍റെ സന്തതികള്‍ എന്ന മമ്മൂട്ടിച്ചിത്രം കുതിച്ചെത്തുകയാണ്.
ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്‍റെ സന്തതികള്‍ കളക്ഷന്‍റെ കാര്യത്തില്‍ ഇപ്പോള്‍ പുലിമുരുകന് തൊട്ടുപിന്നിലാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി ഇത് മാറിയിരിക്കുന്നു. 50 ദിവസം പിന്നിടുമ്പോഴാണ് ഈ സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലര്‍ 75 കോടിയും പിന്നിട്ട് 100 കോടി ക്ലബിലേക്ക് ചുവടുവയ്ക്കുന്നത്.
ഒട്ടും അനുകൂലമായ സഹചര്യത്തിലായിരുന്നില്ല അബ്രഹാമിന്‍റെ സന്തതികളുടെ വരവ്. അതുകൊണ്ടുതന്നെ ഈ വിജയം പോരാടി നേടിയതാണ്, വെട്ടിപ്പിടിച്ചതാണ്. മഹാമാരിയെയും പേമാരിയെയും ഫുട്ബോള്‍ ആരവങ്ങളെയും മറികടന്നാണ് പൊന്‍തിളക്കമുള്ള വിജയം അബ്രഹാമിന്‍റെ സന്തതികള്‍ സ്വന്തമാക്കിയത്.
പുലിമുരുകനെപ്പോലെ ഒരു വീരനായകനായിരുന്നില്ല ഡെറിക് ഏബ്രഹാം. അയാള്‍, ഒരു സാധാരണക്കാരന്‍റെ എല്ലാ വികാരവിക്ഷോഭങ്ങളുമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു. അയാളുടെ കണ്ണീരും പരാജയവും ചിത്രീകരിച്ചതിലെ സത്യസന്ധതയാണ് അബ്രഹാമിന്‍റെ സന്തതികളെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കിയത്. അതുകൊണ്ടുതന്നെ, ഈ വിജയത്തിന് കൂടുതല്‍ പ്രഭയുണ്ട്. ഡെറിക്കിന്‍റെ ജീവിതസംഘര്‍ഷങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ സമ്മാനങ്ങളുടെ സ്വര്‍ണപ്രഭ.