സിനിമാജീവിതത്തിൻ്റെ തുടക്കക്കാലം മുതൽ ഇന്നസെൻ്റ്, ഒടുവിൽ,ശങ്കരാടി,മാമുക്കോയ എന്നിവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് തൻ്റെ ജീവിതത്തിലെ പുണ്യമായി കണക്കാക്കുന്നതെന്ന് നടൻ ജയറാം. നടൻ മാമുക്കോയയുടെ മരണത്തിൽ അനുശോചിക്കവെയാണ് ജയറാം മനസ് തുറന്നത്. ധ്വനി എന്ന സിനിമയുടെ ഷൂട്ടിങ്ങിന് പോകുമ്പോൾ കോഴിക്കോട് വെച്ചാണ് ആദ്യം മാമുക്കോയയെ പരിചയപ്പെട്ടതെന്നും അന്നു തൊട്ട് അഭിനയിച്ച സിനിമകളിൽ മാമുക്കോയ,ഒടുവിൽ,ശങ്കരാടി എന്നിവരിൽ ഒരാളെങ്കിലും ഉണ്ടായിരുന്നുവെന്നും ജയറാം പറയുന്നു.
സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങളിൽ ഇവരെല്ലാം തന്നെയുണ്ടാകും. 40 ദിവസം ഒരു ഉത്സവം പോലെയാണ് ലൊക്കേഷനിൽ. ആ പട്ടികയിലെ അവസാനത്തെ പേരാണ് ഇപ്പോൾ വെട്ടിപോയിരിക്കുന്നത്. ഇതുപോലെ സ്വാഭാവികമായി അഭിനയിക്കുന്ന നടന്മാർ ഇനി നമുക്കില്ല. വർഷങ്ങൾക്ക് മുൻപ് മണിരത്നത്തെ സിനിമാസംബന്ധമായി കണ്ടപ്പോൾ എത്രമാത്രം സമ്പന്നമാണ് മലയാള സിനിമയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
നായക നടന്മാരെ പറ്റിയല്ല ഇന്നസെൻ്റ്, മാമുക്കോയ,ഒടുവിൽ തുടങ്ങിയ സ്വഭാവ നടന്മാരെ പറ്റിയായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഒരു പച്ചയായ മനുഷ്യനായിരുന്നു മാമുക്കോയ എന്നാൽ ക്യാമറയ്ക്ക് പുറകിൽ വളരെ വ്യക്തമായി രാഷ്ട്രീയമായി തൻ്റെ ചുറ്റുപാടുകളെ പറ്റി വ്യക്തമായ ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നു. ജയറാം പറഞ്ഞു.