തമിഴ് സിനിമ പ്രേക്ഷകരെ പോലെ മലയാളികള്‍ക്കും പ്രിയങ്കരനായ നടനാണ് ജീവ. മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ കീര്‍ത്തിചക്ര എന്ന സിനിമയില്‍ സുപ്രധാനവേഷത്തില്‍ ജീവ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് മലയാള സിനിമകളിലൊന്നും ജീവ ഭാഗമായില്ല. എനാല്‍ മോഹന്‍ലാലിന്റെ വില്ലനായി തനിക്ക് അവസരം വന്നിരുന്നെന്നും എന്നാല്‍ ആ അവസരം താന്‍ നിഷേധിച്ചെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ജീവ.
അഗത്യ എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനാകാന്‍ അവസരം ലഭിച്ചെന്ന കാര്യം ജീവ തുറന്ന് പറഞ്ഞത്. മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയില്‍ ചമതകന്‍ എന്ന പ്രധാനവില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് തനിക്ക് ക്ഷണം കിട്ടിയതെന്നും എന്നാല്‍ വാലിബനുമായി പന്തയത്തില്‍ തോറ്റ് പാതി മുടിയും താടിയും വടിച്ച് പ്രതികാരദാഹിയാകണമെന്നുള്ളതിനാല്‍ ചമതകന്റെ വേഷം താന്‍ വേണ്ടെന്ന് വെച്ചെന്നാണ് ജീവ പറയുന്നത്.
ആ കഥാപാത്രത്തിന്റെ ഗെറ്റപ്പ് ഇഷ്ടമായില്ല. അങ്ങനെ ആ സിനിമ ചെയ്യുന്നില്ലെന്ന് ലിജോയോട് പറഞ്ഞു. നിരവധി സംവിധായകര്‍ ഇക്കാലയളവില്‍ സമീപിച്ചിരുന്നു. പക്ഷേ പാതി മൊട്ടയടിച്ചും മീശ പാതിയെടുത്തുമുള്ള കഥാപാത്രങ്ങള്‍ ചെയ്താല്‍ വീട്ടില്‍ കയറ്റില്ല. അത്തരം കഥാപാത്രങ്ങള്‍ വരുമ്പോള്‍ സംവിധായകരോട് അത് പറഞ്ഞിട്ടുണ്ട്. ജീവ പറയുന്നു. ജീവ വേണ്ടെന്ന് വെച്ചതോടെ ഡാനിഷ് സേഠ് ആണ് സിനിമയില്‍ ചമതകന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.