അമല പോള്‍ ബോളിവുഡിലേക്ക്; പർവീൺ ബാബിയാകാൻ താരം
പുതിയ പ്രൊജക്ടിനെക്കുറിച്ച് അമല നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.
വെബ് സിരീസിലൂടെ തെന്നിന്ത്യന്‍ നടി അമല പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുൻകാല ബോളിവുഡ് നടി പർവീൺ ബാബിയായാണ് അമല ഒരുങ്ങുന്നത്. മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സിരീസിലൂടെയായിരിക്കും അമലയുടെ ബോളിവുഡ് അരങ്ങേറ്റം. പുതിയ പ്രൊജക്ടിനെക്കുറിച്ച് അമല നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്.
ബോളിവുഡ് കണ്ട ഏറ്റവുംവലിയ ഗ്ലാമര്‍താരങ്ങളില്‍ ഒരാളാണ് പര്‍വീണ്‍ ബാബി. ഒന്നരദശകം നീണ്ട കരിയറില്‍ അമിതാബ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചു. മുംബൈയില്‍ തുടങ്ങിയ ചിത്രീകരണത്തില്‍ അമല എത്തിയിരുന്നെങ്കിലും ഉടന്‍തന്നെ കേരളത്തിലേക്ക് മടങ്ങി.
അച്ഛന്റെ വേര്‍പാടിനെത്തുടര്‍ന്നാണ് അമല കേരളത്തില്‍ എത്തിയത്. തമിഴില്‍ ഏറ്റവും ചര്‍ച്ചയായ ആടൈ എന്ന ചിത്രത്തിന് ശേഷം തന്റെ പുതിയ സിനിമയായ അതോ അന്ത പറവൈ പോലയുടെ റിലീസ് കാത്തിരിക്കുകയാണ് അമലയിപ്പോള്‍.