തന്റെ വ്യക്തിപരമായയും സിനിമാജീവിതവുമൊക്കെ ബ്ലോഗിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാൻ നടൻ അമിതാഭ് ബച്ചൻ മടി കാണിക്കാറില്ല. ഇപ്പോഴിതാ വാർധക്യത്തെക്കുറിച്ച് അദ്ദേഹമെഴുതിയ പുതിയ ബ്ലോഗ് ശ്രദ്ധേയമാകുന്നു. ഒരുകാലത്ത് അനായാസം ചെയ്തിരുന്ന ദൈനംദിന കാര്യങ്ങൾക്കു പോലും ഇപ്പോൾ ബോധപൂർവമായ ശ്രമവും ശ്രദ്ധാപൂർവമായ ക്രമീകരണങ്ങളും ആവശ്യമായി വരുന്നതിനെക്കുറിച്ചാണ് 82 കാരനായ അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചിരിക്കുന്നത്.
ആരോഗ്യപരമായ കാര്യങ്ങൾ തൻ്റെ ദിനചര്യയെ എത്ര മാത്രം സ്വാധീനിക്കുന്നുണ്ടെന്നും ബച്ചൻ വെളിപ്പെടുത്തി. ശരീരത്തിന്റെ ബാലൻസ് നിലനിർത്താൻ വീട്ടിൽ സപ്പോർട്ട് ബാറുകൾ സ്ഥാപിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർധക്യത്തിൽ ശരീരത്തിന് പതുക്കെ ബാലൻസ് നഷ്ടപ്പെട്ടു തുടങ്ങുമെന്നും, അത് പരിശോധിച്ച് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചു.
മുൻപ് ചെയ്തിരുന്ന ചില കാര്യങ്ങൾ, വർഷങ്ങൾക്ക് മുൻപ് ചെയ്തതു കൊണ്ട് വീണ്ടും തുടങ്ങാൻ വളരെ എളുപ്പമായിരിക്കുമെന്ന് തോന്നും. എന്നാൽ അങ്ങനെയല്ല. ഒരു ദിവസത്തെ ഇടവേള മതി, വേദനകളും ചലന ശേഷിക്കുറവും നമ്മളെ വിട്ടുപോകില്ല. ഒരുകാലത്ത് അനായാസം ചെയ്തിരുന്ന സാധാരണ കാര്യങ്ങൾ പോലും ഇപ്പോൾ ചെയ്യുന്നതിന് മുൻപ് മനസ്സിനെക്കൊണ്ട് ചിന്തിപ്പിക്കേണ്ടി വരുന്നത് ഒരു അത്ഭുതമാണ്.
'ദയവായി ഇരുന്നുകൊണ്ട് പാന്റ്സ് ധരിക്കുക. നിന്നുകൊണ്ട് ധരിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ സാധ്യതയുണ്ടെന്നാണ്' ഡോക്ടർ പറഞ്ഞതെന്നും ബിഗ് ബി പറയുന്നു. കാറ്റിൽ മേശപ്പുറത്തുനിന്ന് താഴെപ്പോയ ഒരു കടലാസ് കഷണം കുനിഞ്ഞെടുക്കുന്നത് പോലുള്ള ഏറ്റവും ലളിതമായ കാര്യങ്ങൾക്കു പോലും ഒരു കൈ വേണം', ബച്ചൻ പറയുന്നു.