7 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങി മെഗാതാരം മമ്മൂട്ടി. മഹേഷ് നാരായണന്റെ മള്‍ട്ടിസ്റ്റാര്‍ സിനിമയായ പേട്രിയറ്റിന്റെ ലൊക്കേഷനിലാണ് താരം ജോയിന്‍ ചെയ്തത്. ഹൈദരാബാദിലാണ് സിനിമയുടെ പുതിയ ഷെഡ്യൂള്‍ നടക്കുന്നത്. രാവിലെ 9 മണിക്ക് ശേഷം മമ്മൂട്ടി സെറ്റിലെത്തും. നിലവില്‍ സിനിമയില്‍ ജോയിന്‍ ചെയ്യാനായി ഹൈദരാബാദിലാണ് താരം.
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി- മോഹന്‍ലാല്‍ കൂട്ടുക്കെട്ട് ഒരുമിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് സിനിമയുടെ നിര്‍മാണ്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദനാണ് സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
അതേസമയം ഇന്നലെ ഹൈദരാബാദിലെത്തിയ മമ്മൂട്ടിയെ വരവേല്‍ക്കാന്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും ഹൈദരാബാദിലുണ്ടായിരുന്നു. മമ്മൂട്ടി കാറില്‍ നിന്നിറങ്ങുമ്പോള്‍ അനുരാഗ് കശ്യപ് ക്ഷമയോടെ കാത്തിരിക്കുന്നതും ഇരുവരും തമ്മില്‍ സംസാരിക്കുന്നതുമായുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇരുവരും ഒന്നിക്കുന്ന സിനിമ ഉടനുണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്.