Arijith Singh : സംഗീതലോകത്തെ ഞെട്ടിച്ച് അർജിത് സിങ്: പിന്നണി ഗാനരംഗത്തുനിന്ന് വിരമിച്ചു
അരിജിത് സിങ്ങിന്റെ ശബ്ദമില്ലാത്ത ഒരു ബോളിവുഡ് ചിത്രം ചിന്തിക്കാൻ പോലും സാധിക്കാത്ത വിധം അദ്ദേഹം ഇൻഡസ്ട്രിയിൽ സ്വാധീനം ചെലുത്തിയിരുന്നു.
Arijith Singh : ആരാധകരെ നിരാശയിലാക്കി പിന്നണി ഗാന രംഗത്ത് നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഗായകന്‍ അര്‍ജിത് സിംഗ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഭാവിയില്‍ സിനിമകള്‍ക്കായി പാടില്ലെന്ന് അര്‍ജിത് വ്യക്തമാക്കിയത്. നിലവില്‍ ഏറ്റെടുത്ത കരാറുകള്‍ പൂര്‍ത്തിയാക്കുമെന്നും താരം അറിയിച്ചു.
'ഇതൊരു മനോഹരമായ യാത്രയായിരുന്നു, ദൈവം എന്നോട് ഏറെ ദയ കാണിച്ചു. എന്നാല്‍ ഇനിമുതല്‍ പിന്നണി ഗായകനായി പുതിയ ജോലികള്‍ ഏറ്റെടുക്കുന്നില്ല,' തന്റെ കുറിപ്പില്‍ അര്‍ജിത് പറഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും സംഗീതത്തില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കില്ലെന്നും അദ്ദേഹം അറിയിച്ചു. സ്വതന്ത്ര സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. നിലവില്‍ ഏറ്റെടുത്തിട്ടുള്ള കരാറുകള്‍ പൂര്‍ത്തിയാക്കുമെന്നും അതുകൊണ്ടുതന്നെ ഈ വര്‍ഷം അദ്ദേഹത്തിന്റെ ചില പാട്ടുകള്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
2005-ല്‍ 'ഫെയിം ഗുരുകുല്‍' എന്ന റിയാലിറ്റി ഷോയിലൂടെയാണ് അരിജിത് സിങ് സംഗീതരംഗത്തേക്ക് ചുവടുവെക്കുന്നത്. 2011-ല്‍ 'മര്‍ഡര്‍ 2'-ലെ 'ഫിര്‍ മൊഹബത്ത്' എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്ത് എത്തിയെങ്കിലും 2013-ല്‍ പുറത്തിറങ്ങിയ 'ആഷിഖി 2'-ലെ 'തും ഹി ഹോ' എന്ന പാട്ടാണ് അദ്ദേഹത്തെ ഇന്ത്യയുടെ പ്രിയപ്പെട്ട ഗായകനാക്കിയത്. പിന്നീട് ഇന്ത്യന്‍ സംഗീത ലോകത്ത് അര്‍ജിത് സിങ് എന്ന പേര് ഒരു വികാരമായി മാറി.
അരിജിത് സിങ്ങിന്റെ ശബ്ദമില്ലാത്ത ഒരു ബോളിവുഡ് ചിത്രം ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധം അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ ചില പ്രധാന ഗാനങ്ങള്‍ ഇവയാണ്:
തും ഹി ഹോ - ആഷിഖി 2
ചന്നാ മേരേയ - ഏ ദില്‍ ഹേ മുഷ്‌കില്‍
അഗര്‍ തും സാത്ത് ഹോ - തമാശ
കേസരിയ - ബ്രഹ്‌മാസ്ത്ര
ഹവായേന്‍ - ജബ് ഹാരി മെറ്റ് സേജല്‍
തും ക്യാ മിലേ - റോക്കി ഔര്‍ റാണി കി പ്രേം കഹാനി
ഖൈരിയത്ത് -ചിചോരെ
മലയാളത്തിലും തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ വിവിധ പ്രാദേശിക ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. സംഗീത ലോകത്തെ സമഗ്ര സംഭാവനകള്‍ക്ക് 2025-ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. കൂടാതെ നിരവധി ദേശീയ അവാര്‍ഡുകളും ഫിലിംഫെയര്‍ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
തന്റെ കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴുള്ള അര്‍ജിത്തിന്റെ ഈ പിന്മാറ്റം ആരാധകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. എങ്കിലും അദ്ദേഹം വാഗ്ദാനം ചെയ്ത സ്വതന്ത്ര സംഗീത ആല്‍ബങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സംഗീത ലോകം.