പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന പുതിയ ചത്രത്തിൽ നിവിൻ പോളി നായകനാകും. നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവ് കാത്തിരിക്കുന്നവർ ഈ പ്രഖ്യാപനം ആഘോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. മമിത ബൈജുവാണ് നായിക. ബത്‍ലഹേം കുടുംബ യൂണിറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രേമലുവിൻറെ നിർമ്മാണവും ഭാവന സ്റ്റുഡിയോസ് ആയിരുന്നു.
പ്രേമലുവിന് ശേഷം മമിത ബൈജുവും ഗിരീഷും ഒന്നിക്കുന്ന ചിത്രമാണിത്. നിവിൻ പോളി ആദ്യമായിട്ടാണ് ഒരു ഗിരീഷ് എ.ഡി പടത്തിൽ അഭിനയിക്കുന്നത്. പ്രേമലുവിൻറെ രണ്ടാം ഭാഗവും അതേ ടീമിൽ ഭാവന സ്റ്റുഡിയോസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രേമലു 2 ന് മുൻപ് തങ്ങളുടെ നിർമ്മാണത്തിൽ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രം വരുമെന്ന് ദിലീഷ് പോത്തൻ അടുത്തിടെ പ്രതികരിച്ചിരുന്നു. അതാണ് ഈ ചിത്രം.
ഭാവന സ്റ്റുഡിയോസിൻറെ ആറാമത്തെ നിർമ്മാണ സംരംഭമാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്. 'കുമ്പളങ്ങി നൈറ്റ്സ്' മുതൽ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. റൊമാൻറിക് കോമഡി ചിത്രമാണ് ഇത്. ഗിരീഷ് എ ഡിക്ക് ഒപ്പം കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അജ്മൽ സാജു, സംഗീതം വിഷ്ണു വിജയ്, എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, ഡിസ്ട്രിബ്യൂഷൻ ഭാവന റിലീസ്. പ്രൊഡക്ഷൻ സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് ഫഹദ് അടക്കമുള്ളവർ അറിയിച്ചിരിക്കുന്നത്.