ബിഗ് ബോസ് മലയാളം സീസൺ 4ലെ ആദ്യ എലിമിനേഷൻ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി ആദ്യ വാരം തന്നെ നോമിനേഷനും വോട്ടിംഗും ഇത്തവണ നടന്നു. ആകെയുള്ള 17 പേരിൽ ക്യാപ്റ്റന്‍ അശ്വിന്‍ വിജയ് ഒഴികെ 16 പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു.
നോമിനേഷൻ ലിസ്റ്റിലെ 16 പേരിൽ സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിവര്‍ ഈ വാരം സുരക്ഷിതരാണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന 11 പേരാണ് എപ്പിസോഡ് ഇന്നലെ ആരംഭിക്കുമ്പോൾ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഇതില്‍ നവീന്‍, ധന്യ, നിമിഷ എന്നിവര്‍ സേഫ് ആണെന്ന് മോഹന്‍ലാല്‍ പിന്നാലെ അറിയിച്ചു. പിന്നീട് ലക്ഷ്മി, അപര്‍ണ്ണ, അഖില്‍ എന്നിവരും സേഫ് ആണെന്ന് പറഞ്ഞു.
ശേഷമുള്ള അഞ്ച് പേരിൽ റോണ്‍സണ്‍, റോബിന്‍, ശാലിനി, ജാനകി, ദില്‍ഷ എന്നിവരാണുണ്ടായിരുന്നത്. ഇതിൽ ജാനകിയാണ് എലിമിനേറ്റ് ആയത്. അവസാനം നോമിനേഷനില്‍ നിന്നിരുന്ന അഞ്ച് പേരോടും മോഹന്‍ലാല്‍ എലിമിനേഷനെക്കുറിച്ച് ചോദിച്ചിരുന്നു. കൂടുതല്‍ സമയം ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമുണ്ടെന്നും മുന്നോട്ട് പോയാൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നുമാണ് മിക്കവരും അഭിപ്രായപ്പെട്ടത്.
അതേസമയം ആത്മസംയമനത്തോടെയാണ് ജാനകി താന്‍ എലിമിനേറ്റ് ആയിരിക്കുകയാണെന്ന വിവരം സ്വീകരിച്ചത്. പുറത്താക്കല്‍ വാര്‍ത്തയറിഞ്ഞ ശേഷം പെട്ടെന്നുതന്നെ സഹ മത്സരാര്‍ഥികളോട് വിട പറഞ്ഞ് ജാനകി വീടിന് പുറത്തേക്ക് എത്തി. നിലവിലെ ക്യാപ്റ്റന്‍ നവീന്‍റെ ആവശ്യപ്രകാരം ബിഗ് ബോസ് ക്യാമറയ്ക്കു മുന്നില്‍ നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തതിന് ശേഷമാണ് ജാനകി പുറത്തേക്ക് പോയത്.