ജനാധിപത്യരീതിയേക്കാൾ നല്ലത് ഏകാധിപത്യമെന്ന വിവാദ പ്രസ്‌താവനയുമായി തെലുങ്ക് സൂപ്പർ താരം വിജയ് ദേവരക്കൊണ്ട. ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദപരാമർശം. രാജ്യത്തെ മുഴുവൻ ജനങ്ങളെയും വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നും മധ്യവർഗ്ഗത്തെയാണ് വോട്ട് ചെയ്യാൻ അനുവദിക്കേണ്ടതെന്നും വിജയ് പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിനാണ് താരം മറുപടി നൽകിയത്. ഈ രാഷ്ട്രീയ വ്യവസ്ഥ അർഥമുള്ളതാണെന്ന് തോന്നുന്നില്ല. അതുപോലെയാണ് തിരഞ്ഞെടുപ്പിന്റെ കാര്യവും. പണവും വില കുറഞ്ഞ മദ്യവുമൊക്കെ കൊടുത്ത് വോട്ട് വാങ്ങുന്ന കാഴ്‌ച്ചയാണിന്ന്. പണക്കാരെ മാത്രം വോട്ട് ചെയ്യാൻ അനുവദിക്കണമെന്നല്ല. വിദ്യാസമ്പന്നരായ ചെറിയ തുക നൽകി സ്വാധീനിക്കാനാവത്ത മധ്യവർഗ്ഗത്തെയാണ് വോട്ട് ചെയ്യാൻ അനുവദിക്കേണ്ടത്.
ജനാധിപത്യത്തിന് പകരം ഏകാധിപതി വരുന്നത് ഒരു തെറ്റല്ല എന്നാണ് താൻ കരുതുന്നതെന്നും താരം പറഞ്ഞു. നിങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ എന്തെന്ന് ചിലപ്പോൾ നിങ്ങൾക്കറിയില്ലായിരിക്കും ഒരു അഞ്ചോ പത്തോ വർഷം കാത്തിരുന്നാൽ അതിനുള്ള ഫലം ലഭിക്കും. അങ്ങനെ വരുന്നയാൾ നല്ല വ്യക്തിയായിരിക്കണം ദേവരക്കൊണ്ട പറഞ്ഞു.