ഷാറുഖ് ഖാനും സംവിധായകന്‍ അറ്റ്ലിക്കും രസകരമായ കത്തെഴുതി മലയാള സംവിധായകന്‍. 'കൊറോണ ധവാന്‍' സിനിമയുടെ സംവിധായകന്‍ സി.സിയുടെ കത്താണ് നിര്‍മ്മാതാക്കള്‍ പ്രമോഷനായി ഉപയോഗിക്കുന്നത്.'കൊറോണ ജവാന്‍' എന്ന പേരാണ് ധവാന്‍ എന്നാക്കി മാറ്റിയത്.ജവാന്‍ എന്ന വാക്ക് തന്റെ സിനിമയുടെ പേരില്‍ ഉള്‍പ്പെടുത്താന്‍ സെന്‍സര്‍ ബോര്‍ഡ് സമ്മതിച്ചില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. പിന്നെ ഷാറുഖിന്റെ സിനിമയ്ക്ക് ആ പേര് കിട്ടിയെന്നും സി.സി. ചോദിക്കുന്നു.
'പ്രിയപ്പെട്ട ഷാറുഖ് ഇക്ക (ഷാറുഖ് ഖാന്‍), വളരെ വേണ്ടപ്പെട്ട അറ്റ്ലി. എന്റെ പേര് സി.സി. ഞാന്‍ ഇപ്പോള്‍ ഈ കത്ത് മലയാളത്തില്‍ എഴുതിയാല്‍ നിങ്ങളെങ്ങനെ വായിക്കും എന്ന് എനിക്കറിയില്ല. ഹിന്ദിയും ഇംഗ്ലിഷും എഴുതാനാണെങ്കില്‍ എനിക്ക് വലിയ വശമില്ല. ഞാന്‍ ഒരു മലയാള സിനിമ സംവിധാനം ചെയ്തു. ആ സിനിമയുടെ പേര് 'കൊറോണ ജവാന്‍' എന്നായിരുന്നു. ഒരു ലോഡ് ജവാന്‍ ഞാന്‍ കാണിച്ചിട്ടും എനിക്ക് ആ പേര് കിട്ടിയില്ല. സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു ജവാന്‍ പറ്റില്ലാന്ന്.
കേട്ടറിവു വച്ച് ഒരു കുപ്പി പോലും ജവാന്‍ കാണിക്കാത്ത നിങ്ങള്‍ക്ക് 'ജവാന്‍' കിട്ടി എന്നറിഞ്ഞു. അതിപ്പോള്‍ എന്താ അതിന്റെ ഒരു ടെക്‌നിക്? സെന്‍സര്‍ ബോര്‍ഡിനെ പേടിച്ച് ഞാന്‍ എന്തായാലും ജവാന്‍, ധവാന്‍ ആക്കിയിട്ടുണ്ട്. ഇനി ഇത് ശിഖര്‍ ധവാന്‍ അറിഞ്ഞാല്‍ എന്താണാവോ പുകില്... അധികം നീട്ടുന്നില്ല, എന്തായാലും ഞങ്ങളുടെ കൊറോണ ധവാന്‍ ഈ വരുന്ന ഓഗസ്റ്റ് നാലിന് റിലീസ് ആകുകയാണ്. ബോംബെയിലൊക്കെ റിലീസ് ഉണ്ടെന്ന് നിര്‍മാതാവ് പറഞ്ഞു. ഇക്കയുടെ ജവാന്റെ പോലെ അടി ഇടി ഒന്നും ഇല്ല ഇതില്‍. കോമഡി മാത്രം. ഇക്ക എന്തായാലും കുടുംബസമേതം പടം കാണണം. മറുപടി പ്രതീക്ഷിക്കുന്നില്ല. എന്ന് മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്ന പുതിയ സംവിധായകന്‍'-എന്നാണ് നിര്‍മ്മാതാക്കള്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നത്.