Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയൻതാര സിംപിൾ അല്ല, സംവൃത നല്ല കുട്ടി, ബുദ്ധിമുട്ടിച്ചത് പാർവതി: തുറന്നു പറഞ്ഞ് സ്റ്റൈലിസ്റ്റ്

സംവൃതയോടൊപ്പം വർക്ക് ചെയ്യാൻ സുഖമാണെന്ന് സൂര്യ

Soorya Parvathy

നിഹാരിക കെ.എസ്

, വ്യാഴം, 3 ജൂലൈ 2025 (09:45 IST)
സിനിമയിൽ പ്രധാനപ്പെട്ട ടെക്നിക്കൽ മേഖലകളിൽ ഒന്നാണ് കോസ്റ്റ്യൂം ഡിസൈനിങ്. സിനിമയുടെ റിയലിസ്റ്റിക് രീതി അതുപോലെ നിലനിർത്താൻ ഏറെ സഹായിക്കുന്നത് കോസ്റ്റ്യൂം ഡിസൈനർമാർ ആണ്. മുൻപൊരു അഭിമുഖത്തിൽ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർമാരിൽ ഒരാളായ സൂര്യ പാർവ്വതി, ഈ ജോലിയുടെ വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. 
 
നായികമാരോടൊപ്പം ജോലി ചെയ്യാൻ എളുപ്പമല്ല എന്നായിരുന്നു ഇവർ പറഞ്ഞത്. നയൻ‌താര, സംവൃത സുനിൽ എന്നിവരോടൊപ്പം ഉള്ള അനുഭവങ്ങളെ കുറിച്ച്, തന്നെ ഏറ്റവും കഷ്ടപ്പെടുത്തിയ നടിയെ കുറിച്ചും വെളിപ്പെടുത്തി. കുറച്ചു വർഷങ്ങൾക്ക് മുൻപ്, മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നടിമാർക്കൊപ്പമുണ്ടായിരുന്ന അനുഭവങ്ങളെ കുറിച്ച് സൂര്യ തുറന്നു പറഞ്ഞത്.
 
വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിൽ നയൻതാരയ്ക്ക് വസ്ത്രങ്ങൾ ഒരുക്കി കൊണ്ടാണ് സൂര്യ പാർവ്വതി സിനിമയിൽ എത്തുന്നത്. അന്ന് തന്നെ, നടി വലിയൊരു താരമാകും എന്ന് തനിക്ക് ഉറപ്പായിരുന്നു എന്നും പ്രശസ്ത സ്റ്റൈലിസ്റ്റ് പറഞ്ഞു. നയൻതാരയ്ക്ക് ചില ചോയ്സുകൾ ഉണ്ടെന്നും, ഫാഷൻ, സ്റ്റൈൽ എന്നിവയെ കുറിച്ചെല്ലാം നല്ല ഐഡിയ അന്ന് തന്നെ നയൻതാരയ്ക്ക് ഉണ്ടായിരുന്നുവെന്ന് സൂര്യ പറയുന്നു.
 
"അന്നും നയൻ‌താര അത്ര സിംപിൾ ഒന്നുമല്ല. ആ കുട്ടി എന്തെങ്കിലും ഒക്കെ ആവും എന്ന് അന്നേ എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. അവരുടെ സ്റ്റൈലിംഗ്, സംസാര ശൈലി ഒക്കെ കണ്ടപ്പോൾ, സൗത്തിലെ വലിയൊരു നടിയാവാൻ സാധ്യതയുണ്ടെന്ന് തോന്നി. അച്ഛൻ എയർഫോഴ്‌സിൽ ആയിരുന്നത് കൊണ്ട് നയൻ‌താര പഠിച്ചതൊക്കെ നോർത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളിൽ ആയിട്ടാണ്. അത് കൊണ്ട് ഫാഷനെ പറ്റിയും, സ്റ്റൈലിങ്ങിനെ പറ്റിയും ഒക്കെ നല്ല ഐഡിയ ഉണ്ട്," സൂര്യ പാർവ്വതി പറഞ്ഞു.
 
"പക്ഷെ ചില ഡ്രെസ്സുകൾ കൊടുത്താൽ, ഇതെനിക്ക് ചേരുമെന്ന് തോന്നുന്നില്ല എന്ന് അറുത്തു മുറിച്ചു പറയും. പക്ഷെ ഫാസിൽ സർ പറയുന്നത് കേൾക്കും. ഈ ഡ്രസ്സ് ആണ് ഈ സീനിൻ വേണ്ടതെന്ന് സാർ പറഞ്ഞാൽ ഓക്കേ ആണ്. അല്ലാതെ നയൻതാരയെ പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമല്ല," പ്രശസ്ത സ്റ്റൈലിസ്റ്റ് കൂട്ടി ചേർത്തു. പ്രശസ്ത താരം പിന്നീട് പ്രശസ്തയായതോടെ ഡ്രെസ്സിങ്ങ് രീതികൾ വളരെ മികച്ചതായി എന്നും സൂര്യ അഭിപ്രായപ്പെട്ടു. നയൻ‌താര പുറത്തു പോകുമ്പോഴും, അവാർഡ് പരിപാടികൾക്ക് വരുമ്പോഴും ഒക്കെ പിന്തുടരുന്ന സ്റ്റൈൽ ഗംഭീരമാണെന്നും സ്റ്റൈലിസ്റ്റ് പറഞ്ഞു.
 
ഒരുമിച്ച് ജോലി ചെയ്യാൻ ഏറ്റവും എളുപ്പം സംവൃത സുനിലിന് ഒപ്പം ആണെന്നും സൂര്യ പാർവ്വതി അഭിപ്രായപ്പെട്ടു. കാര്യം പറഞ്ഞാൽ മനസ്സിലാവുന്ന, നൂറ് ശതമാനം ഒക്കെ ആയിട്ടുള്ള നടിയാണ് സംവൃത എന്നാണ് കോസ്റ്റ്യൂം ഡിസൈനറുടെ അഭിപ്രായം. ഒരു ടെൻഷൻ ഇല്ലാതെ നടിയോടൊത്ത് ജോലി ചെയ്യാം. സംവൃത വളരെ നല്ലൊരു കുട്ടിയാണെന്ന് ഒപ്പം ജോലി ചെയ്യുമ്പോൾ തോന്നിയിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. ഹലോ എന്ന മോഹൻലാൽ ചിത്രത്തിൽ നായികയായി എത്തിയ പാർവതി മിൽട്ടണാണ് തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച താരം എന്നും സൂര്യ പാർവ്വതി വെളിപ്പെടുത്തി.
 
നടിക്ക് ഒരുപാട് ഡിമാന്റുകൾ ഉണ്ടായിരുന്നു. "വന്ന ഉടനെ പാർവതി കുറെ ഡിമാൻഡ്‌സ് വച്ചു - ഈ പറയുന്ന കളറുകൾ എനിക്ക് ചേരില്ല എന്ന്. അവർ വളരെ വെളുത്തിട്ടാണ്, അപ്പോൾ അത് കുറച്ചു കാണിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നമുക്ക് അവരുടെ നിറം അത് പോലെ തന്നെ സ്‌ക്രീനിൽ കിട്ടണം. പിന്നെ അവർ മേക്കപ്പ് സ്വന്തമായേ ചെയ്യൂ, അങ്ങനെ ക്ലാഷുകൾ ഉണ്ടായി. പിന്നെ അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം - നമുക്ക് ഇതാണ് വേണ്ടതെന്ന്. ആദ്യം പാർവതി ഒട്ടും അഡ്ജസ്റ്റ് ചെയ്യില്ലായിരുന്നു, കംഫർട്ടബിൾ അല്ലെന്ന് പറയും. ഡ്രസ്സ് ചെറുതായി ലൂസ് ആക്കി ഇടുന്നതാണല്ലോ ഇവിടുത്തെ രീതി. പക്ഷെ അവർ ഇറുകിയ വസ്ത്രമേ ഇടൂ. അങ്ങനെ പ്രശ്ങ്ങൾ ഉണ്ടായി," സൂര്യ പാർവ്വതി ഓർത്തെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതത്തിൽ ഉണ്ടായിരുന്ന ടോക്സിക് ബന്ധം അവസാനിപ്പിച്ചു: തുറന്നു പറഞ്ഞ് സാമന്ത