കൊച്ചി: നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ്. നടിയുടെ പരാതിയില്‍ മുപ്പത് പേർക്കെതിരെ പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ, എറണാകുളം കുമ്പളം സ്വദേശിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
സൈബർ പൊലീസിന്‍റെ സഹായത്തോടെ നടപടികൾ ഊർജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡിയെങ്കിലും ലൊക്കേഷൻ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിന് ബിഎൻഎസ് പ്രകാരം ജാമ്യമില്ല വകുപ്പും ഐടി ആക്ടും ചുമത്തിയാണ് കേസ്. സൈബർ സെൽ മണിക്കൂറുകൾക്കകം ലൊക്കേഷൻ കണ്ടെത്തിയതോടെ കുമ്പളം സ്വദേശിയായ ഷാജി അറസ്റ്റിലുമായി. രാജ്യത്തെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ല. ഓരോരുത്തർ അവരുടെ ചിന്തകൾക്ക് അനുസരിച്ച് നിയമസംഹിത സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദി അല്ലെന്ന് പറഞ്ഞ നടി, തന്നെ വിമർശിക്കാമെന്നും എന്നാൽ അത് പരിധി വിട്ടാൽ വെറുതെ ഇരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, നടിക്ക് അമ്മ സംഘടന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നടിക്കെതിരെ നടക്കുന്ന സൈബർ അതിക്രമത്തെ അപലപിച്ച സംഘടന നിയമനടപടികൾക്കും പിന്തുണ അറിയിച്ചു. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.