വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജോഷി എന്ന ഹിറ്റ് സംവിധായകൻ മലയാള സിനിമയിൽ സജീവമാവുകയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ ആരാധകർ ഏറ്റെടുത്തതോടെ അടുത്ത സിനിമക്കായുള്ള പണിപ്പുരയിലാണ് ഇപ്പോൾ ജോഷി. ജോഷിയുടെ അടുത്ത ചിത്രത്തിൽ ദിലീപ് നായകനായി എത്തും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
സിനിമയിൽ ദിലീപ് ഒരു ദൃശ്യമാധ്യമ പ്രവർത്തകനായാണ് എത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 'ഓൺ എയർ' എന്നാണ് സിനിമയുടെ പേര് എന്നും ജനുവരിയിൽ ചിത്രീകരണം ആരംഭിച്ചേക്കും എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ സ്ഥിരീകരണം വന്നിട്ടില്ല. 'ലവ് 24 7' എന്ന ചിത്രത്തിലാണ് മുൻപ് ദിലീപ് ദൃശ്യമാധ്യമ പ്രവർത്തകനായി എത്തിയിട്ടുള്ളത്. സ്വന്തം ലേഖകൻ എന്ന ചിത്രത്തിൽ പത്ര ലേഖകനായും താരം വേഷമിട്ടിട്ടുണ്ട്.
റണ്‍വേ, ലയണ്‍, ജൂലൈ 4, അവതാരം എന്നിങ്ങനെ നിരവധി സിനിമകൾ ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്തിട്ടുണ്ട്. ജോഷിയുടെ ക്രിസ്റ്റ്യൻ ബ്രദേഴ്സിലും, ട്വന്റി20യിലും ശ്രദ്ദേയമായ വേഷങ്ങൾ തന്നെ ദിലീപിനുണ്ടായിരുന്നു. ട്വന്റി20 ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസാണ് നിർമ്മിച്ചത്. വാളയാർ പരമശിവം എന്ന പേരിൽ രൺവേയുടെ രണ്ടാം ഭാഗം ജോഷി ഒരുക്കും എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു എങ്കിലും ഈ സിനിമ ഉടൻ ഉണ്ടായേക്കില്ല.