മലയാള സിനിമയെ തകര്‍ത്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേരുന്ന താരാധിപത്യമാണെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സിനിമ ആര് സംവിധാനം ചെയ്യണമെന്ന് തീരുമാനിക്കുന്നത് സൂപ്പര്‍ താരങ്ങളാണ്. മമ്മൂട്ടിയും മോഹന്‍ലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
രാജ്യത്തെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ അവരല്ല സിനിമ വ്യവസായം ഭരിക്കേണ്ടത്. ഇന്ന് മലയാളത്തില്‍ നിരവധി നായകന്മാരുണ്ട്. ഇതോടെ മലയാള സിനിമയിലെ താര മേധാവിത്വം തകര്‍ന്നു തുടങ്ങിയെന്നും പവര്‍ ഗ്രൂപ്പ് ഇനിയുണ്ടാകില്ലെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. താന്‍ സംവിധാനം ചെയ്ത യുവജനോത്സവം എന്ന സിനിമയിലൂടെയാണ് മോഹന്‍ലാല്‍ നായകസ്ഥാനത്തെത്തുന്നത്. എന്നാാല്‍ പിന്നീട് തനിക്ക് അദ്ദേഹം ഡേറ്റ് തന്നിട്ടില്ല.
പ്രേം നസീര്‍,മധു,സത്യന്‍ എന്നിവര്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഞാന്‍ മലയാള സിനിമയിലെത്തുന്നത്. അന്ന് മെഗാ സ്റ്റാര്‍,സൂപ്പര്‍ സ്റ്റാര്‍ എന്നീ പേരുകളൊന്നും ഉണ്ടായിരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും വന്നതിന് ശേഷമാണ് ഇതൊക്കെ ഉണ്ടായത്. 2 താരങ്ങളും ഞാനുള്‍പ്പെടുന്ന പഴയ നിര്‍മാതാക്കളെ ഒതുക്കി. നായകനായിരുന്ന രതീഷിനെ വില്ലനായി മാറ്റിയാണ് മമ്മൂട്ടിയെ മുന്നേറ്റത്തില്‍ നായകനാക്കിയത്. അഠുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല.
ഒരു സിനിമയില്‍ എന്നെ പാട്ടെഴുതുന്നതില്‍ നിന്ന് വിലക്കാന്‍ പോലും അദ്ദേഹം ശ്രമിച്ചു. കുറച്ചു കാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. അതേസമയം വനിതകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളല്ല ഇപ്പോള്‍ നടക്കുന്നതെന്നും മലയാള സിനിമയെ ഒന്നടങ്കം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മാധ്യമങ്ങള്‍ മലയാള സിനിമയെ താറടിച്ചുകാണിക്കുന്നതായും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.