മലയാളത്തില്‍ മാത്രമല്ല ഇന്ന് ഇന്ത്യന്‍ സിനിമയാകെ അറിയപ്പെടുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തെലുങ്കിലും വിജയസിനിമകളില്‍ ഭാഗമാകാന്‍ ദുല്‍ഖറിനായിട്ടുണ്ട്. തെലുങ്കില്‍ ദുല്‍ഖറിന്റേതായി അവസാനമായി ഇറങ്ങിയ ലക്കി ഭാസ്‌കര്‍ വലിയ വിജയമായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ താരം വീണ്ടും സജീവമാകാന്‍ ഒരുങ്ങുകുകയാണ്. ഇതിനിടയില്‍ ചില തെലുങ്ക് സിനിമകളും ദുല്‍ഖറുടേതായി ഒരുങ്ങുന്നുണ്ട്.
ലക്കി ഭാസ്‌കര്‍ എന്ന സിനിമയ്ക്ക് ശേഷം കാന്ത എന്ന തെലുങ്ക് സിനിമയിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പര്‍ താരമായ എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതകഥ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമയില്‍ ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. നേരത്തെ മഹാനടിയില്‍ തെലുങ്ക് താരം ജെമിനി ഗണേഷനായും ദുല്‍ഖര്‍ അഭിനയിച്ചിരുന്നു.
1950കളില്‍ തമിഴ്നാടിനെ ആകെ പിടിച്ചുകുലുക്കിയ ലക്ഷ്മികാന്ത കൊലപാതകമാണ് സിനിമ പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ താര പദവിയില്‍ നിന്നും ത്യാഗരാജ ഭാഗവതര്‍ പുറത്താകാനും അവസാനം ദരിദ്രനായി ജീവിതം അവസാനിപ്പിക്കാനും കാരണമായത് സിനിമതാരങ്ങളെ പറ്റി ഗോസിപ്പുകോളങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്ന ലക്ഷ്മികാന്തന്റെ കൊലപാതകമായിരുന്നു. ദുല്‍ഖറിന് പുറമെ തെലുങ്ക് താരം റാണാ ദഗുബാറ്റിയും കാന്തയില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. ഭാഗ്യ്ശ്രീ ബോസ്ലെയാണ് സിനിമയിലെ നായിക.