ബംഗാളി ചലചിത്ര പ്രതിഭയായ സൗമിത്ര ചാറ്റർജിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. ലോകസിനിമയ്‌ക്ക് തന്നെ തീരാനഷ്ടമാണ് സൗമിത്ര ചാറ്റർജിയുടെ വിയോഗമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സൗമിത്ര ഇന്നലെയാണ് കൊൽക്കത്തയിലെ ബെൽ വ്യൂ ആശുപത്രിയിൽ വെച്ച് മരിച്ചത്. കൊവിഡ് മൂലം ഒക്‌ടോബർ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു.
സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളിലൂടെയാണ് സൗമിത്ര ഇന്ത്യൻ സിനിമാലോകത്തിലെ തന്നെ മികച്ച നടന്മാരിൽ ഒരാൾ എന്ന ഖ്യാതി നേടിയത്. ബംഗാളിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ പ്രധാന തൂണുകളിലൊന്നായിരുന്നു സൗമിത്ര. സത്യജിത് റേയുടെ വിഖ്യാത ചിത്രമായ അപു സൻസാറിലൂടെ(1959) സിനിമയിലെത്തിയ സൗമിത്ര റേയുടെ 15 സിനിമകളിൽ ഭാഗമായി. പത്മഭൂഷണും ദാദസാഹേബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സർക്കാർ കലാകാരന്മാർക്ക് നൽകുന്ന പരമോന്നത ബഹുമതിയും ലഭക്ക്ചിട്ടുണ്ട്. മൂന്ന് ദേശീയ പുരസ്‌കാരവും ലഭിച്ചു.