Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിങ്ങളില്ലാത്ത പത്ത് വര്‍ഷം മലയാള സിനിമയിലുണ്ടാകില്ല മിസ്റ്റര്‍ മമ്മൂട്ടി'

'നിങ്ങളില്ലാത്ത പത്ത് വര്‍ഷം മലയാള സിനിമയിലുണ്ടാകില്ല മിസ്റ്റര്‍ മമ്മൂട്ടി'
, ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (10:27 IST)
ഇണങ്ങിയും പിണങ്ങിയും മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ നടന്‍മാരാണ് മമ്മൂട്ടിയും തിലകനും. ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് ചെറിയ പിണക്കത്തിലായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ അക്കാലത്ത് തിലകന്‍ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുമായുള്ള പ്രശ്നമായിരുന്നു അതിനെല്ലാം കാരണം. തനിക്ക് വിയോജിപ്പും എതിര്‍പ്പുകളും ഉള്ള കാര്യങ്ങള്‍ തുറന്നുപറയുക മാത്രമാണ് ചെയ്തിരുന്നതെന്നും അതിനര്‍ത്ഥം മമ്മൂട്ടിയും മോഹന്‍ലാലുമായി എന്തെങ്കിലും പ്രശ്നമുണ്ട് എന്നല്ലെന്നും പിന്നീട് തിലകന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു അഭിമുഖത്തിലാണ് താനും മമ്മൂട്ടിയും തമ്മില്‍ ബെറ്റ് വച്ചതിനെ കുറിച്ച് തിലകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
'മമ്മൂട്ടിക്ക് സിനിമയില്ലാത്ത ഒരു സമയമുണ്ടായിരുന്നു. തനിയാവര്‍ത്തനത്തിനും ന്യൂഡല്‍ഹിക്കും മുന്‍പ്. ആ സമയത്ത് ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നുണ്ടായിരുന്നു. സിനിമയുടെ സെറ്റില്‍ ഇരിക്കുമ്പോള്‍ പ്രൊഡക്ഷന്‍ ബോയ് എനിക്ക് ഒരു ചായ കൊണ്ടുവന്നു തന്നു. അതുകണ്ട് മമ്മൂട്ടി പ്രൊഡക്ഷന്‍ ബോയിയോട് പറഞ്ഞു 'ഇതില്‍ പെട്ട നടന്‍ തന്നെയാണ് ഞാന്‍, എനിക്കും കൂടി ഒരു ചായ താടാ,' എന്ന്. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ മമ്മൂട്ടിയോട് ചോദിച്ചു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു, 'അല്ല ചേട്ടാ, ഇവനൊന്നും എന്നെ മൈന്‍ഡ് ചെയ്യുന്നില്ല..കാരണം എനിക്ക് സിനിമയൊന്നും ഇല്ലല്ലോ,' എന്ന്. അങ്ങനെ പറയുന്നത് ശരിയല്ല, നിങ്ങള്‍ ഇല്ലാത്ത പത്ത് വര്‍ഷം മലയാള സിനിമ മുന്നോട്ട് പോകില്ല എന്ന് ഞാന്‍ മമ്മൂട്ടിയോട് തിരിച്ചും പറഞ്ഞു,'
 
'അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആണ് ഞാന്‍ ലോഹിതദാസിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. സിബി മലയിലിന്റെ സംവിധാനത്തില്‍ ലോഹിതദാസിന്റെ തിരക്കഥ. തനിയാവര്‍ത്തനം ആണ് സിബി സിനിമയാക്കുന്നത്. ആ സമയത്ത് സിബി മലയില്‍ എന്നെ വിളിച്ച് ചോദിച്ചു, തനിയാവര്‍ത്തനത്തിലെ അധ്യാപകന്റെ വേഷം ആര് ചെയ്യണമെന്ന്. ഞാന്‍ സംശയമില്ലാതെ പറഞ്ഞു അത് മമ്മൂട്ടി മതിയെന്ന്. പിന്നീട് എറണാകുളത്തെ ഹോട്ടലില്‍ വച്ച് കണ്ടപ്പോള്‍ സിബി പറഞ്ഞു ഞങ്ങളും മമ്മൂട്ടിയെ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന്. തനിയാവര്‍ത്തനത്തില്‍ ഞാനും അഭിനയിച്ചു. മമ്മൂട്ടി ആ കഥാപാത്രം മനോഹരമായി ചെയ്തു. ആ സമയത്ത് തന്നെയാണ് മമ്മൂട്ടി മതിലുകളും ചെയ്തത്. ഈ രണ്ട് സിനിമകളും ഇറങ്ങിയ ശേഷം മമ്മൂട്ടി എന്നെ നേരില്‍ കണ്ടു. മതിലുകള്‍ കണ്ടോ എന്ന് എന്നോട് ചോദിച്ചു. രണ്ട് സിനിമകളും നന്നായിരിക്കുന്നു എന്നും ഇത്തവണ സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും തനിക്ക് കിട്ടുമെന്നും മമ്മൂട്ടിയോട് ഞാന്‍ പറഞ്ഞു. സ്റ്റേറ്റ് അവാര്‍ഡ് ചിലപ്പോള്‍ കിട്ടുമായിരിക്കും നാഷണല്‍ അവാര്‍ഡ് കിട്ടില്ല എന്നാണ് അന്ന് മമ്മൂട്ടി എന്നോട് പറഞ്ഞത്. രണ്ട് അവാര്‍ഡും കിട്ടും 5,000 രൂപയ്ക്ക് ബെറ്റ് വയ്ക്കുന്നു എന്ന് ഞാന്‍ അപ്പോള്‍ മമ്മൂട്ടിയോട് പറഞ്ഞു. ആ വര്‍ഷം സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും മമ്മൂട്ടിക്ക് കിട്ടി. പക്ഷേ, ബെറ്റ് വച്ച 5,000 രൂപ മമ്മൂട്ടി ഇപ്പോഴും എനിക്ക് തന്നിട്ടില്ല,' പഴയൊരു അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'യൗവ്വനം വളര്‍ന്നു കൊണ്ടേയിരിക്കട്ടെ വാഴ്ക വളമുടന്‍'; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി