മലയാള സിനിമയില്‍ കാസ്റ്റിംഗ് ക്രൗച്ച് നിലനില്‍ക്കുന്നതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. തൊഴിലിന് പകരം ശരീരം ആവശ്യപ്പെടുന്നത് സിനിമയില്‍ പതിവാണെന്നും ഷൂട്ടിംഗ് സമയത്ത് വാതിലില്‍ മുട്ടുന്നത് സ്ഥിരമാണെന്നും പലപ്പോഴും കതക് പൊളിച്ചു വരുമെന്ന് ഭയന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ടെന്നും കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നു.
വഴിവിട്ട കാര്യങ്ങള്‍ക്കായി സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കാറുണ്ടെന്ന് ഒന്നിലേറെ താരങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. വിട്ടുവീഴ്ച ചെയ്യാത്തവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുകയും വിട്ടുവീഴ്ച ചെയ്യുന്നവര്‍ക്ക് പ്രത്യേക കോഡുകള്‍ നല്‍കുകയും ചെയ്യുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് മാതാപിതാക്കള്‍ക്കൊപ്പമാണ് മിക്കവരും ഷൂട്ടിനെത്തുന്നത്. സിനിമ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘമാണെന്നും ഇവര്‍ വള്‍ഗറായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാരിനെ ഇക്കാര്യം ധരിപ്പിച്ചിട്ടും ഇടപെടലുകളുണ്ടായില്ല. തെളിവുകള്‍ അപര്യാപ്തമായതിനാല്‍ കേസുമായി മുന്നൊട്ട് കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന ഭീതിയില്‍ പലരും നിശബ്ദത പാലിക്കുന്നുവെന്നും കോടതിയേയോ പോലീസിനെയോ സമീപിച്ചാല്‍ ജീവന് തന്നെ ഭീഷണിയാകാമെന്ന് നടിമാര്‍ ഭയക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂത്രമൊഴിക്കാന്‍ വേണ്ടി മണിക്കൂറുകളോളം സെറ്റില്‍ തുടരേണ്ട അവസ്ഥ വരാറുണ്ടെന്നും ഇത് പലരിലും മൂത്രാശയ അണുബാധ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.